സി.പി.എം പ്രവർത്തകന്റെ കൊല ബി.ജെ.പി കൗൺസിലർ ഉൾപ്പെടെ നാലുപേർ അറസ്റ്റിൽ
സ്വന്തം ലേഖകൻ
കണ്ണൂർ
പുന്നോലിലെ സി.പി.എം പ്രവർത്തകൻ താഴെവയലിൽ കൊരമ്പിൽ താഴെക്കുനിയിൽ ഹരിദാസനെ (54) ഭാര്യയുടെ കൺമുന്നിലിട്ട് ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയ കേസിൽ നാലുപേർ അറസ്റ്റിൽ. തലശേരി നഗരസഭാംഗവും ബി.ജെ.പി മണ്ഡലം പ്രസിഡന്റുമായ കെ.ലിജേഷ് (38) അടക്കം നാല് ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകരെയാണ് പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തത്.
പുന്നോൽ കെ.വി ഹൗസിൽ കെ.വി വിമിൻ(26), പുന്നോൽ ദേവീകൃപയിൽ അമൽ മനോഹരൻ(27), ഗോപാൽപേട്ടയിൽ സുമേഷ് നിവാസിൽ സുനേഷ് എന്ന മണി(28) എന്നിവരാണ് അറസ്റ്റിലായ മറ്റുപ്രതികൾ. ഹരിദാസനെ കൊലപ്പെടുത്തിയ ദിവസം തന്നെ കെ.ലിജേഷ് അടക്കം ഏഴുപേരെ പൊലിസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇവരിൽ നാലുപേരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. വധഗൂഢാലോചനാ കുറ്റം ചുമത്തിയാണ് നാലുപേരുടെയും അറസ്റ്റ്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പുന്നോൽ കൂലേത്ത് ക്ഷേത്രത്തിലെ സംഘർഷത്തിൽ ഉൾപ്പെട്ടവരാണ് ലിജേഷ് ഒഴികെയുള്ള പ്രതികൾ. ക്ഷേത്രോത്സവത്തിനിടെ പ്രതികൾ പെൺകുട്ടികളെ ശല്യം ചെയ്തത് ഹരിദാസനും സഹോദരൻ സുരേന്ദ്രനും ചോദ്യം ചെയ്തിരുന്നു. ഇതിന്റെ വൈരാഗ്യമാണ് അരുംകൊലയിൽ കലാശിച്ചതെന്ന് പൊലിസ് പറഞ്ഞു. സിറ്റി പൊലിസ് കമ്മിഷണർ ആർ. ഇളങ്കോ, അഡിഷണൽ എസ്.പി പ്രിൻസ് എബ്രഹാം എന്നിവരുടെ നേതൃത്വത്തിലുള്ള പൊലിസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. അമിത രക്തസ്രാവമാണ് ഹരിദാസന്റെ മരണകാരണം എന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. പ്രതികൾ സഞ്ചരിച്ച ബൈക്ക് കണ്ടെത്താനുള്ള ശ്രമവും പൊലിസ് ഊർജിതമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."