ഉപരോധം: റഷ്യ പിന്മാറുമോ?
മോസ്‌കോ
ഉക്രൈനിലെ വിമത പ്രദേശങ്ങളെ സ്വതന്ത്ര രാജ്യമായി പ്രഖ്യാപിച്ച റഷ്യ, തങ്ങളുടെ സൈന്യത്തെ അവിടേക്ക് അയച്ചതോടെ ലോകം ആശങ്കയിൽ. ഒന്നര ലക്ഷം റഷ്യൻ സൈനികരാണ് യുദ്ധസജ്ജരായി ഉക്രൈനെ വളഞ്ഞു നിൽക്കുന്നത്. ഇതിൽ ഏതാനും സൈനിക വിഭാഗങ്ങൾ മാത്രമാണ് അതിർത്തിയിൽനിന്ന് പിന്മാറിയത്. റഷ്യയുടെ യുദ്ധവിമാനങ്ങളും ആക്രമണ ഹെലികോപ്റ്ററുകളും അതിർത്തിയിൽ നിലയുറപ്പിച്ചതിന്റെ ഉപഗ്രഹ ചിത്രങ്ങൾ യു.എസിലെ സ്വകാര്യ ബഹിരാകാശ ഏജൻസി പുറത്തുവിട്ടിരുന്നു. സുഹൃദ്ബന്ധം തെളിയിക്കാനുള്ള അവസരമാണ് ഇതെന്ന് ഉക്രൈൻ പ്രസിഡന്റ് വ്‌ലാദിമര്‍ സെലന്‍സ്‌കി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നെങ്കിലും ഉക്രൈനെ സഹായിക്കാനായി സൈന്യത്തെ അയക്കുമെന്ന് ഒരു രാജ്യവും പ്രഖ്യാപിച്ചിട്ടില്ല. പകരം ഉപരോധ ഭീഷണിയിലൂടെ റഷ്യയെ നിലയ്ക്കു നിർത്താനാണ് യു.എസും യൂറോപ്യൻ യൂനിയനും ശ്രമിക്കുന്നത്.
ബ്രിട്ടനാണ് ആദ്യം ഉപരോധം പ്രഖ്യാപിച്ചത്. അഞ്ചു റഷ്യൻ ബാങ്കുകൾക്കാണ് ഉപരോധം. മൂന്ന് റഷ്യൻ കോടീശ്വരന്മാർക്കു മേലും ഉപരോധമുണ്ട്. യൂറോപ്യൻ യൂനിയൻ ഉപരോധ പട്ടികയിൽ എന്തെല്ലാം ഉൾപ്പെടുത്തണമെന്ന ചർച്ചയിലാണ്. യു.എസും വൈകാതെ ഉപരോധം പ്രഖ്യാപിക്കുമെന്നാണ് റിപ്പോർട്ട്. എന്നാൽ ഉപരോധം തങ്ങളെ സംബന്ധിച്ച് പുതിയ സംഭവമല്ലെന്നാണ് റഷ്യയുടെ നിലപാട്.
അതേസമയം, ജർമനി റഷ്യയിൽ നിന്നുള്ള പ്രകൃതിവാതക പൈപ്പ്‌ലൈനായ നോർഡ് സ്ട്രീം 2വിന് അനുമതി നൽകുന്നത് നിർത്തിവച്ചത് റഷ്യയെ സാരമായി ബാധിച്ചേക്കുമെന്ന് റിപ്പോർട്ടുകൾ പറയുന്നു. 1,000 കോടി ഡോളർ മുതൽമുടക്കുള്ള പദ്ധതിക്കായി റഷ്യയിൽനിന്ന് സമുദ്രത്തിനടിയിലൂടെ വൻ പൈപ്പ്‌ലൈൻ ഇടുകയായിരുന്നു. യു.എസിന്റെയും മറ്റു യൂറോപ്യൻ രാജ്യങ്ങളുടെയും കടുത്ത എതിർപ്പ് മറികടന്നാണ് രാജ്യത്തെ ഇന്ധനക്ഷാമം പരിഹരിക്കുന്നതിന് ജർമനി റഷ്യയുമായി സഹകരിച്ചത്. ഇതേതുടർന്ന് ജർമനി റഷ്യയുടെ സഖ്യത്തിലേക്കു മാറുമോ എന്നുപോലും യു.എസ് ആശങ്ക പ്രകടിപ്പിച്ചിരുന്നു. പദ്ധതി റദ്ദാക്കിയ ജർമൻ നടപടിയെ പ്രശംസിച്ച് അമേരിക്ക രംഗത്തെത്തിയിട്ടുണ്ട്.
കഴിഞ്ഞവർഷം നിർമാണം പൂർത്തിയാക്കിയ നോർഡ് സ്ട്രീം 2 പദ്ധതി ജർമനിയുടെ അനുമതി കാത്തിരിക്കുകയായിരുന്നു. നേരത്തെ ഉക്രൈൻ അധിനിവേശത്തിനു മുതിർന്നാൽ നോർഡ് സ്ട്രീം 2 പദ്ധതിക്ക് അനുമതി നൽകില്ലെന്ന് ജർമൻ ചാൻസലർ ഒലാഫ് ഷോൾസ് റഷ്യക്ക് മുന്നറിയിപ്പു നൽകിയിരുന്നു. ഊർജ പ്രതിസന്ധി മൂലം യൂറോപ്പിൽ പ്രകൃതിവാതക വില കുതിച്ചുയരുന്നതിനിടെയാണ് ജർമനിയുടെ നടപടി. ഇത് യൂറോപ്പിൽ പ്രകൃതിവാതക വില കുതിച്ചുയരാനിടയാക്കുമെന്ന് റഷ്യൻ സുരക്ഷാ സമിതി വൈസ് പ്രസിഡന്റ് ദിമിത്രി മെദ്‌വദേവ് മുന്നറിയിപ്പു നൽകി. നോർഡ് സ്ട്രീം 2 പദ്ധതിയെ ഉക്രൈൻ നേരത്തെ തന്നെ എതിർത്തുവരുകയായിരുന്നു. 10 വർഷം മുമ്പ് പണി പൂർത്തിയായ നോർഡ് സ്ട്രീം 1 പദ്ധതിയുടെ വഴിയിലൂടെ റഷ്യയുടെ ബാൾട്ടിക് തീരത്തുനിന്ന് വടക്കൻ ജർമനിയിലേക്ക് 1,200 കിലോമീറ്റർ ജലാന്തർ ഭാഗത്തുകൂടെയാണ് നോർഡ് സ്ട്രീം 2 പൈപ്പ്‌ലൈൻ കടന്നുപോകുന്നത്. റഷ്യയിൽ നിന്ന് യൂറോപ്പിലേക്ക് പ്രതിവർഷം 5,500 കോടി ക്യുബിക് മീറ്റർ പ്രകൃതിവാതകം ഇതിലൂടെ എത്തിച്ചേരും. യൂറോപ്പിനാവശ്യമായ പ്രകൃതിവാതകത്തിന്റെ 55 ശതമാനവും റഷ്യയിൽ നിന്നാണ്.
അതിനിടെ, റഷ്യയുടെ നടപടി അസ്വീകാര്യമാണെന്ന് തുർക്കി പ്രസിഡന്റ് ഉർദുഗാൻ പറഞ്ഞു. ഉക്രൈനിൽ ദേഷ്യവും ഭയവും കലർന്ന സമ്മിശ്ര വികാരമാണ് വിമത പ്രദേശങ്ങളെ റഷ്യ അംഗീകരിച്ചതോടെ ഉണ്ടായിരിക്കുന്നതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഉക്രൈനിലെ ജനങ്ങളുടെ മനുഷ്യാവകാശം സംരക്ഷിക്കുന്നതിനാണ് തങ്ങൾ പ്രഥമ പരിഗണന നൽകുന്നതെന്ന് ആംനസ്റ്റി ഇന്റർനാഷനൽ സെക്രട്ടറി ജനറൽ ആഗ്നസ് കല്ലമാർഡ് പ്രതികരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."