അത്ഭുതക്കാഴ്ചകളുമായി ദുബൈ ഫ്യൂച്ചര്‍ മ്യൂസിയം തുറന്നു
ദുബൈ: വിസ്മയകാഴ്ചകളുമായി ദുബൈ ഫ്യൂച്ചര്‍ മ്യൂസിയം തുറന്നു. ദുബൈ ഭരണാധികാരി ശൈഖ് മുഹമ്മദാണ് മനോഹരമായ മ്യൂസിയം നാടിന് സമര്‍പ്പിച്ചത്. ലോകത്തിലെ ഏറ്റവും മനോഹരമായ കെട്ടിടങ്ങളില്‍ ഒന്ന് എന്ന് വിശേഷിപ്പിക്കുന്ന ഫ്യൂച്ചര്‍ മ്യൂസിയത്തിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് അസാധാരണ കാഴ്ചകളാണ് ഒരുക്കിയത്. വെളിച്ചം കൊണ്ടുള്ള വര്‍ണ രാജികള്‍ തീര്‍ത്തായിരുന്നു ഉദ്ഘാടന പരിപാടി.
ദുബൈ ഭരണാധികാരി ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം, കിരീടാവകാശി ശൈഖ് ഹംദാന്‍, ഉപഭരണാധികാരി ശൈഖ് മക്തൂം ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് എന്നിവര്‍ ചേര്‍ന്നായിരുന്നു ഉദ്ഘാടനം.
ആഗോള ശാസ്ത്ര ഗവേഷണ വേദിയാണ് ഫ്യൂച്ചര്‍ മ്യൂസിയമെന്ന് ശൈഖ് മുഹമ്മദ് പറഞ്ഞു. പ്രതീക്ഷയുടെ സന്ദേശമാണിത്. നമുക്കെല്ലാവര്‍ക്കും ചേര്‍ന്ന് ഭാവിയെ രൂപകല്‍പന ചെയ്യാനുള്ള സ്ഥാപനമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
77 മീറ്റര്‍ ഉയരത്തില്‍ ഏഴ് നിലകളിലായാണ് ഫ്യൂച്ചര്‍ മ്യൂസിയം നിര്‍മിച്ചിരിക്കുന്നത്. 145 ദിര്‍ഹമാണ് പ്രവേശനത്തിനുള്ള ടിക്കറ്റ് നിരക്ക്. നിര്‍മിത ബുദ്ധി, റോബോട്ടിക്‌സ്, ബിഗ് ഡാറ്റാ അനാലിസിസ്, മനുഷ്യനും യന്ത്രങ്ങളും തമ്മിലെ ആശയവിനിമയം, ഇന്നൊവേഷന്‍ എന്നിവയ്ക്ക് പ്രാധാന്യം നല്‍കുന്നതാണ് പ്രദര്‍ശനങ്ങള്‍. 2071 വരെ യു.എ.ഇ മുന്നില്‍കാണുന്ന ഭാവി സങ്കല്‍പ്പങ്ങള്‍ അറിയാനും അനുഭവിക്കാനും ഇതില്‍ സംവിധാനമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."