അവസാനമില്ലാത്ത ആൾക്കൂട്ട കൊലപാതകങ്ങൾ
ഒരിടവേളയ്ക്ക് ശേഷം പശുവിന്റെ പേരിലുള്ള കൊലപാതകം വീണ്ടും വാർത്തകളിൽ നിറയുകയാണ്. ഗോ മാംസം കഴിച്ചെന്ന് ആരോപിച്ചാണ് സംഘ്പരിവാർ അക്രമികൾ ബിഹാറിലെ പാറ്റ്ന സമസ്തിപൂർ ജില്ലയിലെ മുഹമ്മദ് ഖലീൽ ആലമിനെ തല്ലിക്കൊന്ന് കുഴിച്ചുമൂടിയത്. ഇതേ ആരോപണം ഉയർത്തിയായിരുന്നു വർഷങ്ങൾക്ക് മുമ്പ് യു.പിയിൽ മുഹമ്മദ് അഖ്ലാഖിനെ സംഘ്പരിവാർ അടിച്ചുകൊന്നത്. മുഹമ്മദ് അഖ്ലാഖ് വീട്ടിൽ ഗോമാംസം സൂക്ഷിച്ചിട്ടുണ്ടെന്ന് ആരോപിച്ചായിരുന്നു സംഘ്പരിവാർ പ്രവർത്തകർ അദ്ദേഹത്തെ അടിച്ചുകൊന്നത്. ഒടുവിൽ മാംസം ഫോറൻസിക്ക് പരിശോധനയ്ക്ക് വിധേയമാക്കിയപ്പോഴാണ് ഫ്രിഡ്ജിൽ സൂക്ഷിച്ചിരുന്നത് ആട്ടിറച്ചിയായിരുന്നുവെന്ന് വ്യക്തമായത്.
ഇപ്പോഴിതാ ബിഹാറിൽ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ജനതാദൾ (യു) പ്രാദേശിക നേതാവായ മുഹമ്മദ് ഖലീൽ ആലമിനെയും ഗോമാംസം കഴിച്ചെന്ന് ആരോപിച്ച് തല്ലിക്കൊല്ലുകയും പെട്രോൾ ഒഴിച്ചു കത്തിച്ചതിന് ശേഷം കുഴിച്ചുമൂടുകയും ചെയ്തിരിക്കുന്നു. നിതീഷ് കുമാർ രണ്ടാം തവണയും മുഖ്യമന്ത്രിയായത് ജനതാദൾ(യു)വിന്റെ ശക്തി കൊണ്ടൊന്നുമല്ല. കഴിഞ്ഞ നിയമസഭാതെരഞ്ഞെടുപ്പിൽ സഖ്യകക്ഷിയായ ബി.ജെ.പിക്കാണ് നിതീഷ് കുമാറിന്റെ പാർട്ടിയുടേതിനെക്കാൾ കൂടുതൽ സീറ്റ് ലഭിച്ചത്. ബി.ജെ.പിയുടെ കാരുണ്യത്തിൽ ബിനാമി മുഖ്യമന്ത്രിയായി കഴിയുന്ന നിതീഷ് കുമാറിൽ നിന്ന് കൊലയാളികൾക്കെതിരേ ശക്തമായ നടപടിയുണ്ടാകുമെന്ന് പ്രതീക്ഷിക്കാനാവില്ല.
ജീവനുവേണ്ടി അക്രമികളുടെ മുമ്പിൽ തൊഴുകൈയോടെ കേഴുന്ന മുഹമ്മദ് ഖലീലിന്റെ ചിത്രം, 2002 ൽ ഗുജറാത്ത് മുസ്‌ലിം വംശഹത്യയിൽ കൊലയാളികളുടെ മുമ്പിൽ ജീവനുവേണ്ടി യാചിക്കുന്ന കുത്ബുദ്ദീൻ അൻസാരിയെയാണ് ഓർമിപ്പിക്കുന്നത്. അൻസാരിയെ കൊല്ലാതെ വിട്ട ഗുജറാത്തിലെ ഫാസിസ്റ്റുകൾ കാണിച്ച കാരുണ്യം പോലും മുഹമ്മദ് ഖലീൽ ആലമിനോട് ബിഹാറിലെ സംഘ്പരിവാറിന് ഇല്ലാതെ പോയെങ്കിൽ, മുസ്‌ലിം വിരോധം എത്ര തീവ്രമായാണ് സംഘ്പരിവാർ കൊലയാളികളുടെ മനസിൽ ഒട്ടിപ്പിടിച്ചിരിക്കുന്നത് എന്നതിന്റെ തെളിവാണത്. ഗോമാംസം കഴിച്ചിട്ടുണ്ടോയെന്ന് ചോദിച്ചു ആൾക്കൂട്ടം ഖലീലിനെ വളഞ്ഞിട്ട് മർദിക്കുന്നതിന്റെ വിഡിയോ ദൃശ്യം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിട്ട് പോലും പൊലിസിൻ്റെ ഭാഗത്തുനിന്ന് ശക്തമായ നടപടികളൊന്നുമുണ്ടായിട്ടില്ല.
ബിഹാറിൽ ഇത് ആദ്യമല്ല പശുവിന്റെ പേര് പറഞ്ഞു സംഘ്പരിവാർ മുസ്‌ലിംകളെ തല്ലിക്കൊല്ലുന്നത്. 2019 ഓഗസ്റ്റിൽ ബിഹാറിൽ സരൺ ജില്ലയിൽ ബനിയാപൂർ മേഖലയിൽ കന്നുകാലി മോഷണം ആരോപിച്ച് മൂന്നു പേരെയാണ് തല്ലിക്കൊന്നത്. അരാരിയ ജില്ലയിൽ പശുമോഷ്ടാവെന്ന് ആരോപിച്ചു 55കാരനായ കാമ്പൂൾ മിയാഖാൻ എന്ന ആളെയും മുന്നൂറോളം വരുന്ന സംഘ്പരിവാർ അക്രമികൾ തല്ലിക്കൊന്നത് 2019 ജനുവരി മാസത്തിലായിരുന്നു. കൊലപാതകത്തിന്റെ ദൃശ്യം ഇപ്പോഴത്തേത് പോലെ അന്നും വിഡിയോയിൽ പകർത്തി സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്തു. ഹരിയാനയിലെ നൂഹ് ജില്ലയിൽ നിന്നുള്ള പെഹ്‌ലു ഖാനെ ഇരുനൂറോളം വരുന്ന സംഘ്പരിവാർ ആക്രമികൾ തല്ലിക്കൊന്നത് 2017 ഏപ്രിൽ മാസത്തിലായിരുന്നു. ബി.ജെ.പി ഭരിക്കുന്ന മിക്ക സംസ്ഥാനങ്ങളിലും ഗോമാംസത്തിന്റെ പേരിൽ സംഘ്പരിവാർ മുസ്‌ലിംകളെയും ദലിത് പിന്നോക്ക വിഭാഗങ്ങളെയും തല്ലിക്കൊന്നിട്ടുണ്ട്. ഇന്ത്യയിൽ നിന്ന് വിദേശത്തേക്ക് വൻതോതിൽ ബീഫ് കയറ്റി അയക്കുന്നതാകട്ടെ ബി.ജെ.പി നേതാക്കളുടെ ഉടമസ്ഥതയിലുള്ള കമ്പനികളും.
2019 ൽ വീണ്ടും അധികാരത്തിൽ വന്ന ബി.ജെ.പി ഭരണകൂടത്തിൽനിന്ന് മുസ്‌ലിംകളടക്കമുള്ള ന്യൂനപക്ഷ പിന്നോക്ക വിഭാഗങ്ങൾക്ക് രാജ്യത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും ക്രൂരമായ പീഡനങ്ങളാണ് ഏൽക്കേണ്ടിവരുന്നത്. രാജ്യത്തിന്റെ മതസഹിഷ്ണുതയെയും ഭരണഘടനയെയും നിഷ്പ്രഭമാക്കുന്ന സംഭവങ്ങളാണ് മുസ്‌ലിംകൾക്കെതിരേ ഓരോ ദിവസവും നടന്നുകൊണ്ടിരിക്കുന്നത്. അതിൽ ഏറ്റവും അവസാനത്തേതാണ് കർണാടക സർക്കാരിന്റെ ഹിജാബ് നിരോധനം. ഭ്രാന്തൻ ദേശീയതക്ക് ഇന്ധനം പകരുകയാണ് സംസ്ഥാനങ്ങളിലെ ബി.ജെ.പി സർക്കാരുകൾ. രോഗം പിടിച്ചു ചാകുന്ന പശുക്കളുടെ പേരിൽപോലും മനുഷ്യരെ കുരുതിക്കൊടുക്കുന്നു എന്നത് ഈ പരിഷ്കൃത ലോകത്ത് ഇന്ത്യ ഇതര രാജ്യങ്ങൾക്ക് നൽകുന്ന പ്രാകൃത സന്ദേശമാണ്.
ഇത്തരം സംഭവങ്ങളോട് ഭരണകൂടം കാണിക്കുന്ന മൃദുസമീപനമാണ് ആൾക്കൂട്ട കൊലപാതകങ്ങൾ വർധിക്കാൻ കാരണമാകുന്നത്. ആൾക്കൂട്ട മനസിനെ പശു ദേശീയതയുമായി ബന്ധിപ്പിക്കാൻ ഭരണകൂടങ്ങൾ വലിയ പങ്കുവഹിക്കുന്നുണ്ടെന്ന് വേണം അവസാനമില്ലാത്ത ഇത്തരം കൊലപാതകങ്ങളിൽനിന്ന് മനസിലാക്കാൻ. ഭരണഘടനയും നീതിനിർവഹണ സംവിധാനങ്ങളുമുള്ള മതേതര ജനാധിപത്യ രാജ്യത്താണ് ഇത്രയും ക്രൂരതകൾ ന്യൂനപക്ഷ വിഭാഗങ്ങൾക്കെതിരേ നടന്നുകൊണ്ടിരിക്കുന്നത്. ഇതിനെതിരേ ശബ്ദിക്കാൻ മതേതര ജനാധിപത്യ രാഷ്ട്രീയ കക്ഷികളെന്ന് ഊറ്റം കൊള്ളുന്നവർ തയാറാകുന്നുമില്ല. കൊല്ലപ്പെടുന്ന ന്യൂനപക്ഷങ്ങൾക്ക് വേണ്ടി സംസാരിച്ചാൽ ഭൂരിപക്ഷ വോട്ട് നഷ്ടപ്പെടുമോ, അതല്ലെങ്കിൽ ന്യൂനപക്ഷ പ്രീണനമെന്ന ഫാസിസ്റ്റ് ചാപ്പകുത്തലിന് വിധേയമാകേണ്ടിവരുമോ എന്ന ഭയമാണവർക്ക്. മതനിരപേക്ഷ കക്ഷികളുടെ ഈ മൗനമാണ് സംഘ്പരിവാർ ഭരണകൂടത്തിനും അക്രമികൾക്കും വീണ്ടും കൊലപാതകങ്ങൾ നടത്താൻ പ്രേരണയാകുന്നത്. ഗോക്കളുടെ പേരിൽ ഇതുവരെ കൊല്ലപ്പെട്ടവരുടെ കാര്യങ്ങൾ എടുത്താൽ തന്നെ ഇക്കാര്യം വ്യക്തമാണ്.
രാജ്യത്ത് സാക്ഷരതയിൽ ഏറ്റവും പിന്നോക്കം നിൽക്കുന്ന സംസ്ഥാനമാണ് ബിഹാർ. അപരവിദ്വേഷത്തിലധിഷ്ഠിതമായ കപടദേശീയത ഇവരിൽ കുത്തിവയ്ക്കുക എളുപ്പമാണ്. അതിവൈകാരികത പ്രകടിപ്പിക്കുന്നവർക്ക് യുക്തിഭദ്രമായി ചിന്തിക്കാൻ കഴിയില്ല. സംഘ്പരിവാർ ലക്ഷ്യംവയ്ക്കുന്നതും ഇത്തരം ജനതയെ വാർത്തെടുക്കുക എന്നത് തന്നെയാണ്. അവരുടെ ആശയം നടപ്പിലാക്കാൻ ഇത്തരം ജനതയെയാണ് രാജ്യത്തൊട്ടാകെ സംഘ്പരിവാർ ഉപയോഗിച്ചു കൊണ്ടിരിക്കുന്നതും. ഉദ്വേഗജനകമായ അപസർപ്പക കഥക്ക് സാമ്യം നിൽക്കുന്നതാണ് ഇന്ത്യയിൽ ഓരോ ദിവസവും മുസ്‌ലിംകൾക്കെതിരേ സംഭവിച്ചുകൊണ്ടിരിക്കുന്ന ഭീതിപ്പെടുത്തുന്ന സംഭവങ്ങൾ. അതിൽ ഏറ്റവും ഒടുവിലേത്താണ് ജീവനുവേണ്ടി കരഞ്ഞ് അപേക്ഷിച്ചിട്ട് പോലും വെകിളിപിടിച്ച സംഘ്പരിവാർ കൂട്ടങ്ങളുടെ നിഷ്ഠുര കൊലപാതകത്തിന് ഇരയാകേണ്ടിവന്ന നിർഭാഗ്യവനായ മുഹമ്മദ് ഖലീൽ ആലം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."