കൊവിഡ് പരിശോധന: പ്രവാസികളോടുള്ള വിവേചനം അവസാനിപ്പിക്കുക: മക്ക ഇന്ത്യൻ അസ്സോസിയേൻ
മക്ക: വിദേശങ്ങളിൽ നിന്ന് ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്ന പ്രവാസികൾക്ക് ഫെബ്രുവരി 22 മുതൽ കേന്ദ്ര സർക്കാർ നടപ്പാക്കിയ കൊവിഡ് പ്രോട്ടോകോൾ പ്രവാസികളോടുള്ള അനീതിയും, കടുത്ത വിവേചനവുമാണെന്ന് മക്കയിലെ വിവിധ സംഘടനകളുടെ കൂട്ടായ്മയായ മക്ക ഇന്ത്യൻ അസോസിയേഷൻ (മിയ) പ്രസ്താവനയിൽ പറഞ്ഞു. കൊവിഡിന്റെ വ്യാപനം വളരെ കുറവുള്ള ഗൾഫ് രാജ്യങ്ങളിൽ നിന്നും 72 മണിക്കൂറിനകം കൊവിഡ് ടെസ്റ്റ് നടത്തിയ റിപ്പോർട്ടുമായി നാട്ടിലെത്തുന്ന യാത്രക്കാർക്ക് എയർപോർട്ടിൽ വെച്ച് 1800 രൂപയോളം ഈടാക്കി വീണ്ടും ടെസ്റ്റ് നടത്തുന്നത് തികച്ചും അന്യായമാണെന്നും ഈ നിയമം ഉടനടി പിൻവലിക്കണമെന്നും പ്രസ്താവനയിൽ ആവശ്യപ്പെട്ടു. അല്ലെങ്കിൽ എയർപോർട്ടുകളിൽ വെച്ചുള്ള കൊവിഡ് ടെസ്റ്റുകൾ സൗജന്യ നിരക്കിൽ ചെയ്തുകൊടുക്കാൻ കേന്ദ്ര സർക്കാർ തയ്യാറാവണം.
എല്ലാ പ്രായക്കാർക്കും, വാക്‌സിൻ എടുത്തവർക്കും ടെസ്റ്റ് നിർബന്ധമാക്കിയതിനാൽ കുട്ടികളുൾപ്പടെ നിരവധി കുടുംബങ്ങൾ യാത്ര ചെയ്യാൻ കഴിയാതെ എയർപോർട്ടുകളിൽ നിന്നും മടങ്ങുന്ന സ്ഥിതിവിശേഷമുണ്ട്. കൊവിഡിന്റെ പശ്ചാത്തലത്തിൽ ജോലി നഷ്ടപ്പെട്ടും, ശമ്പളം ലഭിക്കാതെയും പ്രയാസമനുഭവിക്കുന്ന നിരവധി പ്രവാസികളാണ് ഗൾഫ് രാജ്യങ്ങളിലുള്ളത്. ഇത്തരം യുക്തിരഹിതമായ നിയമം നടപ്പാക്കുന്നത് മൂലം നാട്ടിലേക്ക് യാത്രയാവുന്ന പ്രവാസികൾക്ക് ഇതൊരു അധിക ബാധ്യതയാണ്. മാത്രവുമല്ല ജോലി നഷ്ട്ടപ്പെട്ടവരാണ് ഇപ്പോൾ യാത്ര ചെയ്യുന്ന ഭൂരിഭാഗം യാത്രക്കാരും.
പുതിയ നിബന്ധനകൾ കേന്ദ്ര സർക്കാർ പിൻവലിക്കാത്ത പക്ഷം കേരളത്തിലെ വിമാനത്താവളങ്ങളിൽ എത്തുന്ന പ്രവാസികളുടെ ടെസ്റ്റുകൾ സൗജന്യമായി ചെയ്തുകൊടുക്കാൻ സംസ്ഥാന സർക്കാർ അടിയന്തിര നടപടികൾ സ്വീകരിക്കണമെന്ന് മക്ക ഇന്ത്യൻ അസോസിയേഷൻ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."