പ്രചാരണത്തിന് ഇ. അഹമ്മദില്ലാതെ ആദ്യ നിയമസഭാ തെരഞ്ഞെടുപ്പ്
കോഴിക്കോട്: ആറു പതിറ്റാണ്ടോളം സംസ്ഥാന, ദേശീയ രാഷ്ട്രീയത്തില്‍ നിറഞ്ഞുനിന്ന ഇ. അഹമ്മദിന്റെ സാന്നിധ്യമില്ലാതെയാണ് ഇത്തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പ്.
കണ്ണൂര്‍ സിറ്റിയിലെ എം.എസ്.എഫ് പ്രവര്‍ത്തകനായി തുടങ്ങി കേന്ദ്രമന്ത്രിയും മുസ്‌ലിം ലീഗിന്റെ ദേശീയ അധ്യക്ഷനും അന്താരാഷ്ട്ര വേദികളില്‍ ഇന്ത്യയുടെ മുഖവുമായി തിളങ്ങിയ ഇ. അഹമ്മദ് അഞ്ചു തവണ സംസ്ഥാന നിയമസഭയില്‍ അംഗമായിരുന്നു.
പിന്നീട് ലോക്‌സഭാംഗമായി ദേശീയ രാഷ്ട്രീയത്തിലെ കരുത്തനായി മാറിയപ്പോഴും നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ലീഗിന്റെയും യു.ഡി.എഫിന്റെയും പ്രധാന പ്രചാരകനായി അദ്ദേഹം എത്തുമായിരുന്നു. അവശതകള്‍ വകവയ്ക്കാതെ 2016ലും യു.ഡി.എഫ് സ്ഥാനാര്‍ഥികള്‍ക്കുവേണ്ടി അദ്ദേഹം പ്രചാരണത്തിനെത്തിയിരുന്നു.1967ലായിരുന്നു അഹമ്മദിന്റെ നിയമസഭയിലേക്കുള്ള കന്നിയങ്കം. കണ്ണൂര്‍ മണ്ഡലത്തില്‍ സപ്തകക്ഷി മുന്നണി സ്ഥാനാര്‍ഥിയായി മത്സരിച്ച അദ്ദേഹം 8,000 വോട്ടിന്റെ ഭൂരിപക്ഷത്തിന് കോണ്‍ഗ്രസിലെ എന്‍.കെ കുമാരന്‍ മാസ്റ്ററെ പരാജയപ്പെടുത്തി വിജയക്കൊടി നാട്ടി. 1970ല്‍ വീണ്ടും കളത്തിലിറങ്ങിയ അദ്ദേഹത്തിന് സ്വതന്ത്രനായി മത്സരിച്ച കുമാരന്‍ മാസ്റ്ററോട് അടിയറവ് പറയേണ്ടിവന്നു. പക്ഷേ പിന്നീടൊരിക്കലും അദ്ദേഹം തോല്‍വി എന്തെന്നറിഞ്ഞില്ല. 1977ല്‍ കൊടുവള്ളിയില്‍ നിന്നും 1980, 82, 87 വര്‍ഷങ്ങളില്‍ താനൂരില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ടു. 1982ല്‍ സംസ്ഥാന മന്ത്രിയെന്ന നിയോഗവും അദ്ദേഹത്തെ തേടിയെത്തി. കെ. കരുണാകരന്‍ മന്ത്രിസഭയില്‍ വ്യവസായ വകുപ്പാണ് കൈകാര്യം ചെയ്തത്. തന്റെ രാഷ്ട്രീയ ജീവിതത്തില്‍ ഏറെ ചാരിതാര്‍ഥ്യം സമ്മാനിച്ച കാലഘട്ടമാണിതെന്ന് അദ്ദേഹം പറയുമായിരുന്നു. 1991ല്‍ മഞ്ചേരി മണ്ഡലത്തിലായിരുന്നു ലോക്‌സഭയിലേക്കുള്ള അരങ്ങേറ്റം. 89,000 വോട്ടായിരുന്നു ഭൂരിപക്ഷം. 96ല്‍ ഭൂരിപക്ഷം 55,000 ആയി കുറഞ്ഞു. 98ല്‍ ലക്ഷത്തിലേറെയായി ഭൂരിപക്ഷം വര്‍ധിച്ചു. 99ല്‍ അത് ഒന്നേകാല്‍ ലക്ഷമെത്തി. 2004ല്‍ പൊന്നാനിയിലേക്കു മാറി. ഇടതു തരംഗത്തിലും അഹമ്മദ് ഒരു ലക്ഷം വോട്ടിനാണ് ജയിച്ചത്. 2009ല്‍ മലപ്പുറം മണ്ഡലം രൂപീകൃതമായപ്പോള്‍ അവിടേക്കു മാറി. ഒരു ലക്ഷത്തി പതിനായിരമായിരുന്നു ഭൂരിപക്ഷം. 2014ല്‍ അതുവരെയുള്ള ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷമായ 1,94,739 വോട്ടിനാണ് മലപ്പുറത്തുകാര്‍ വിജയിപ്പിച്ചത്. 2017 ഫെബ്രുവരി ഒന്നിനായിരുന്നു അഹമ്മദിന്റെ വിയോഗം. തുടര്‍ന്ന് നടന്ന ഉപതെരഞ്ഞെടുപ്പില്‍ പി.കെ കുഞ്ഞാലിക്കുട്ടിയാണ് പകരക്കാരനായി എത്തിയത്. 2019ലും കുഞ്ഞാലിക്കുട്ടി വിജയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."