സി.പി.എം സംസ്ഥാന സമ്മേളനം: പൊതുസമ്മേളനത്തിന് 1,500 പേർ
സ്വന്തം ലേഖിക
കൊച്ചി
23-ാം പാർട്ടി കോൺഗ്രസിന് മുന്നോടിയായി മാർച്ച് ഒന്നു മുതൽ നാലുവരെ കൊച്ചിയിൽ നടക്കുന്ന സി.പി.എം സംസ്ഥാനസമ്മേളനത്തിന് ഒരുക്കങ്ങൾ പൂർത്തിയായി. 37 വർഷങ്ങൾക്കുശേഷം എറണാകുളത്ത് സംഘടിപ്പിക്കുന്ന സംസ്ഥാനസമ്മേളനത്തിൽ പ്രതിനിധി സമ്മേളനവും പൊതുസമ്മേളനവും ഉൾപ്പെടെ എല്ലാപരിപാടികളും മറൈൻഡ്രൈവിലായിരിക്കും നടക്കുക.
ബി. രാഘവൻ നഗറിൽ പ്രതിനിധി സമ്മേളനവും ഇ.ബാലാനന്ദൻ നഗറിൽ പൊതുസമ്മേളനവും നടക്കും. അഭിമന്യു നഗറിലും കെ.പി.എ.സി ലളിത സ്‌ക്വയറിലും വിവിധ പ്രദർശനങ്ങളും സെമിനാറുകളും കലാപരിപാടികളും അരങ്ങേറും. ഒന്നിന് രാവിലെ ഒമ്പതിന് പതാക ഉയർത്തലും രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചനയും നടക്കും. തുടർന്ന് പാർട്ടി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി സമ്മേളനം ഉദ്ഘാടനം ചെയ്യുമെന്ന് സ്വാഗതസംഘം ചെയർമാൻ മന്ത്രി പി.രാജീവ് പറഞ്ഞു.
നാലിനു വൈകുന്നേരം അഞ്ചുമണിക്ക് നടക്കുന്ന പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. പ്രതിനിധി സമ്മേളനത്തിൽ 450 പേരും പൊതുസമ്മേളനത്തിൽ 1500 പേരുമായിരിക്കും പങ്കെടുക്കുക. മൂന്നിന് വൈകിട്ട് അഞ്ചുമണിക്ക് സാംസ്‌കാരിക സമ്മേളനം എം.എ ബേബി ഉദ്ഘാടനം ചെയ്യും. മാർച്ച് ഒന്നിന് നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി എന്ന നാടകം അരങ്ങേറും.
അഞ്ച് ലക്ഷം പേർക്ക് വെർച്വലായി സമ്മേളനത്തിൽ പങ്കെടുക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. പാർട്ടിയുടെ വളർച്ചയ്ക്ക് പങ്കുവഹിച്ച 12, 343 പേരുടെ ഓർമയ്ക്കായി പ്രചാരണ കവാടങ്ങളും കമാനങ്ങളും സ്മൃതി മണ്ഡപങ്ങളുമൊക്കെ ഉയർന്നുകഴിഞ്ഞു. വാർത്താസമ്മേളനത്തിൽ സി.എൻ മോഹനൻ, മേയർ എം.അനിൽകുമാർ, പ്രൊഫ.എം.കെ സാനു, എം.സി ജോസഫൈൻ, എം.സ്വരാജ് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."