എൽ.ഐ.സിയിൽ നേരിട്ടുള്ള 20% വിദേശ നിക്ഷേപത്തിന് അനുമതി
ന്യൂഡൽഹി
എൽ.ഐ.സിയിൽ നേരിട്ടുള്ള 20 ശതമാനം വിദേശ നിക്ഷേപത്തിന് കേന്ദ്രമന്ത്രിസഭ അനുമതി നൽകി. എൽ.ഐ.സിയെ സ്വകാര്യവൽകരിക്കാനിരിക്കെയാണ് വിദേശ നിക്ഷേപത്തിന് അനുമതി നൽകിയിരിക്കുന്നത്. അടുത്തമാസം 11ഓടെ സ്വകാര്യവൽകരണ നടപടികൾ പൂർത്തിയാക്കാനും മന്ത്രിസഭ തീരുമാനിച്ചിട്ടുണ്ട്.
റിസർവ് ബാങ്കിന്റെ അംഗീകാരമോ മറ്റു പ്രത്യേക അനുമതികളോ ആവശ്യമില്ലാതെ ഓട്ടോമാറ്റിക്ക് റൂട്ട് വഴി എൽ.ഐ.സിയിൽ നേരിട്ടുള്ള 20 ശതമാനം വിദേശ നിക്ഷേപം നടത്തുന്നതിനാണ് അനുമതി നൽകിയിരിക്കുന്നത്. കേന്ദ്ര ധനകാര്യമന്ത്രാലയത്തിന്റെ ശുപാർശയുടെ അടിസ്ഥാനത്തിലാണ് തീരുമാനം. നിലവിലെ നിയമമനുസരിച്ച് ഇൻഷുറൻസ് മേഖലയിൽ 74 ശതമാനം വരെ നേരിട്ടുള്ള വിദേശനിക്ഷേപമാകാം.
എന്നാൽ, എൽ.ഐ.സിയിൽ ഇത് നടപ്പാക്കാൻ ഉദ്ദേശമില്ലെന്നാണ് 20 ശതമാനം വരെ അനുവദിച്ചതിൽ നിന്ന് വ്യക്തമാകുന്നത്.
എൽ.ഐ.സിയെ വിൽക്കുന്നതിലൂടെ 66,000 കോടി വരെ സ്വരൂപിക്കാനാകുമെന്നാണ് കേന്ദ്രസർക്കാർ കണക്കുകൂട്ടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."