വിധി നിര്‍ണയിക്കാന്‍ കേരളം ഒരുങ്ങുന്നു
വീണ്ടുമൊരു നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നിലെത്തിനില്‍ക്കുകയാണ് കേരളം. പതിനഞ്ചാം കേരള നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് ഏപ്രില്‍ ആറിനു നടത്തുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷന്‍ പ്രഖ്യാപിച്ചുകഴിഞ്ഞു. ഒപ്പം പശ്ചിമബംഗാള്‍, അസം, തമിഴ്‌നാട്, പോണ്ടിച്ചേരി എന്നിവിടങ്ങളിലെ തെരഞ്ഞെടുപ്പു തിയതികളും പ്രഖ്യാപിച്ചിട്ടുണ്ട്. ഈ സംസ്ഥാനങ്ങളുടെ അടുത്ത ഭരണം ജനങ്ങള്‍ ആരെയൊക്കെയാണ് ഏല്‍പിക്കുകയെന്ന് മെയ് രണ്ടിനറിയാം.
വലിയ വെല്ലുവിളികള്‍ക്കും അതിസങ്കീര്‍ണമായ രാഷ്ട്രീയാവസ്ഥയ്ക്കും നടുവിലാണ് കേരളത്തില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. കൊവിഡ് മഹാവ്യാധി കടന്നുവന്ന് ഒരു വര്‍ഷം പിന്നിട്ടിട്ടും വിട്ടുമാറാത്ത സാഹചര്യം തന്നെയാണ് ഏറ്റവും വലിയ വെല്ലുവിളികളുയര്‍ത്തുന്നത്. രാജ്യത്തെ ഒട്ടുമിക്ക ഇതര സംസ്ഥാനങ്ങളിലും രോഗവ്യാപനം വളരെയേറെ കുറഞ്ഞിട്ടും കേരളത്തില്‍ അതു സജീവമായി തന്നെ തുടരുകയാണ്. അതിനെ ഫലപ്രദമായി നേരിട്ടുകൊണ്ട് തെരഞ്ഞെടുപ്പു പ്രക്രിയ പൂര്‍ത്തിയാക്കുന്നത് അധികൃതര്‍ക്കും രാഷ്ട്രീയകക്ഷികള്‍ക്കും ഒട്ടും എളുപ്പമുള്ള കാര്യമല്ല. കൊവിഡ് പശ്ചാത്തലത്തില്‍ തന്നെ അടുത്ത കാലത്താണ് സംസ്ഥാനത്ത് തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് നടന്നത്. അതിനു പിറകെ കൊവിഡ് വ്യാപനം വലിയ തോതില്‍ കൂടിയ അനുഭവം നമുക്കു മുന്നിലുണ്ട്.
സാഹചര്യം ഇങ്ങനെയാണെങ്കിലും അതിന്റെ പേരില്‍ നിര്‍ത്തിവയ്ക്കാവുന്നതല്ല രാജ്യത്തെ ജനാധിപത്യപ്രക്രിയ. തെരഞ്ഞെടുപ്പുകള്‍ യഥാസമയം നടക്കുക തന്നെ വേണം. സാഹചര്യം കണക്കിലെടുത്ത് അതീവ ജാഗ്രത പുലര്‍ത്തണമെന്നു മാത്രം. കേരളത്തിലെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പു പോലെ തന്നെ ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പും കൊവിഡ് കാലത്താണ് നടന്നത്. സാധ്യമായ മുന്‍കരുതല്‍ നടപടികളെല്ലാം സ്വീകരിച്ചായിരുന്നു ആ തെരഞ്ഞെടുപ്പ്. അത് ഈ തെരഞ്ഞെടുപ്പില്‍ മാതൃകയാക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ വ്യക്തമാക്കിയിട്ടുണ്ട്. പോളിങ് സമയം പതിവിലും ഒരു മണിക്കൂര്‍ അധികം നീട്ടുക, മുതിര്‍ന്ന പൗരര്‍ക്കും അംഗപരിമിതര്‍ക്കും കിടപ്പുരോഗികള്‍ക്കുമെല്ലാം പോസ്റ്റല്‍ ബാലറ്റ് സൗകര്യം ഏര്‍പെടുത്തുക, വാഹനറാലികളില്‍ വാഹനങ്ങളുടെ എണ്ണം പരിമിതപ്പെടുത്തുക, ഓണ്‍ലൈന്‍ പത്രികാസമര്‍പ്പണം അനുവദിക്കുക, പോളിങ് ബൂത്തുകളുടെ എണ്ണം കൂട്ടുക തുടങ്ങിയ നടപടികളാണ് ഇതിന്റെ ഭാഗമായി സ്വീകരിക്കുന്നത്. അധികൃതര്‍ക്ക് ഇതിലപ്പുറം എന്തെങ്കിലും ചെയ്യാനാവുമെന്ന് പറയാനാവില്ല.
എന്നാല്‍ ഇത്തരം നടപടികള്‍ കൊണ്ടു മാത്രം കാര്യമില്ല. സാഹചര്യത്തിന്റെ ഗൗരവമുള്‍ക്കൊണ്ട് രാഷ്ട്രീയകക്ഷികളും അവരുടെ അനുയായിവൃന്ദവുമൊക്കെ അധികൃതരുടെ നിര്‍ദേശങ്ങളെല്ലാം കൃത്യമായി പാലിച്ചാല്‍ മാത്രമേ മുന്‍കരുതല്‍ നടപടികള്‍ ഫലപ്രദമാകൂ. കൊവിഡ് പ്രതിരോധ ചട്ടങ്ങളും അധികൃതരുടെ മാര്‍ഗനിര്‍ദേശങ്ങളുമൊക്കെ തദ്ദേശ തെരഞ്ഞെടുപ്പില്‍ വ്യാപകമായി ലംഘിക്കപ്പെടുകയുണ്ടായി. പലയിടങ്ങളിലും രാഷ്ട്രീയകക്ഷികള്‍ സംഘടിപ്പിച്ച പ്രചാരണ പരിപാടികളില്‍ നിശ്ചിത പരിധിയിലധികം ആളുകള്‍ കൂട്ടം കൂടുന്ന അവസ്ഥയുണ്ടായി. പല പരിപാടികളിലും നേതാക്കളടക്കമുള്ളവര്‍ പങ്കെടുത്തത് മാസ്‌ക്, സാമൂഹ്യ അകലം തുടങ്ങിയ വ്യവസ്ഥകള്‍ പാലിക്കാതെയുമായിരുന്നു. അതിനിയും ആവര്‍ത്തിച്ചുകൂടാ. അധികാരം പോലെയോ അതിലധികമോ പ്രധാനമാണ് ജനതയുടെ ആയുസ്സെന്ന് നേതാക്കള്‍ തിരിച്ചറിയേണ്ടതുണ്ട്. അതിനവര്‍ തയാറായില്ലെങ്കില്‍ അവരെ അതിനു നിര്‍ബന്ധിതരാക്കാനുള്ള ജാഗ്രത നാട്ടുകാര്‍ കാണിക്കേണ്ടതുണ്ട്.
ഏറെ സങ്കീര്‍ണമായൊരു രാഷ്ട്രീയാന്തരീക്ഷത്തിലാണ് നടക്കുന്നതെന്നതും കേരളത്തിലെ തെരഞ്ഞെടുപ്പിനെ ദേശീയതലത്തില്‍ തന്നെ ശ്രദ്ധേയമാക്കുന്നുണ്ട്. ഏറെക്കുറെ തുല്യ സ്വാധീനമുള്ള രണ്ടു മുന്നണികള്‍ മാറിമാറി അധികാരത്തില്‍ വരുന്നതാണ് കേരളത്തില്‍ ഏറെക്കാലമായി സംഭവിക്കുന്നത്. ഇത്തവണ ആ പതിവു തെറ്റുമെന്നും ഇപ്പോള്‍ ഭരണത്തിലുള്ള ഇടതുമുന്നണിക്ക് ഭരണത്തുടര്‍ച്ച ലഭിക്കുമെന്നുമുള്ള വാദം മുന്നണി വൃത്തങ്ങള്‍ ശക്തമായി തന്നെ ഉന്നയിക്കുന്നുണ്ട്. എന്നാല്‍ സര്‍ക്കാരിനെതിരായി ഉയര്‍ന്നുവന്ന പുതിയ വിവാദങ്ങളുയര്‍ത്തി അതിശക്തമായ പ്രചാരണത്തിലൂടെ അതിനെയൊക്കെ മറികടന്ന് വിജയം നേടാനുള്ള തീവ്രമായ ശ്രമത്തിലാണ് പ്രതിപക്ഷത്തുള്ള യു.ഡി.എഫ്. ഈ സാഹചര്യമാണ് ഇത്തവണത്തെ തെരഞ്ഞെടുപ്പ് പതിവിലധികം ശ്രദ്ധേയമാക്കുന്നത്. കാര്യമായി നേട്ടമൊന്നുമുണ്ടാക്കാനാവില്ലെങ്കിലും വലിയ അവകാശവാദവുമായി തന്നെ ബി.ജെ.പി നേതൃത്വം നല്‍കുന്ന എന്‍.ഡി.എയും ശക്തമായ പ്രചാരണവുമായി രംഗത്തുണ്ട്. ഏതു തരത്തിലെങ്കിലും വോട്ട് വിഹിതം വര്‍ധിപ്പിക്കാനുള്ള തന്ത്രങ്ങള്‍ അവര്‍ സ്വീകരിക്കാനുമിടയുണ്ട്.
തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് കൂറുമാറ്റങ്ങളും പാര്‍ട്ടികളുടെ പിളര്‍പ്പും പുതിയ പാര്‍ട്ടികളുടെ ഉദയവും പുതിയ കൂട്ടുകെട്ടുകളും രഹസ്യധാരണകളുമൊക്കെ പതിവാണെങ്കിലും ഇത്തവണ ഒരുതരം തത്ത്വദീക്ഷയുമില്ലാതെ അത് പതിവിലധികം സംഭവിക്കുന്നുണ്ട് കേരളത്തില്‍. വോട്ടിനു വേണ്ടി എന്തും പറയാമെന്നും ഏതുതരം തന്ത്രങ്ങളും സ്വീകരിക്കാമെന്നുമുള്ള ചിന്തയിലേക്ക് ചില രാഷ്ട്രീയകക്ഷികള്‍ എത്തിച്ചേര്‍ന്നതായി സമീപകാല സംഭവവികാസങ്ങള്‍ വ്യക്തമാക്കുന്നു. അതുകൊണ്ടു തന്നെ ജീവന്മരണ പോരാട്ടം തന്നെയായിരിക്കും ഈ തെരഞ്ഞടുപ്പില്‍ നടക്കുക.
ഇത്തരമൊരു സാഹചര്യത്തില്‍ പ്രത്യാഘാതങ്ങളെക്കുറിച്ച് ചിന്തിക്കാതെ ഏതുതരം ആയുധങ്ങളും എടുത്തു പ്രയോഗിക്കപ്പെടാന്‍ സാധ്യതകളേറെയാണ്. കടുത്ത വര്‍ഗീയവികാരങ്ങള്‍ ഉയര്‍ത്തിവിടുന്നതടക്കം സമൂഹത്തില്‍ വലിയ ഭിന്നതകളും സംഘര്‍ഷങ്ങളും സൃഷ്ടിക്കാനിടയുള്ള തന്ത്രങ്ങളും അതിലുണ്ടായേക്കാം. അത്തരം തന്ത്രങ്ങള്‍ ജനങ്ങള്‍ തിരിച്ചറിയാതെ അതിനൊപ്പം സഞ്ചരിക്കുന്ന അവസ്ഥയുണ്ടായാല്‍ നമ്മുടെ ജനാധിപത്യ വ്യവസ്ഥ അതിനു നല്‍കേണ്ടിവരുന്ന വില ഏറെ വലുതായിരിക്കും. അതു സംഭവിക്കാതിരിക്കാന്‍ ഏറെ ജാഗ്രത പുലര്‍ത്തേണ്ടത് സാധാരണ ജനങ്ങള്‍ തന്നെയാണ്. അതുകൊണ്ട് പതിവിലേറെ ജാഗ്രത ജനങ്ങളില്‍ നിന്നുണ്ടാകേണ്ട തെരഞ്ഞെടുപ്പു കൂടിയാണിത്. ഏതു കള്ളവും അതിവിദഗ്ധമായി മെനയാനും അതു തല്‍ക്ഷണം ജനങ്ങളിലെത്തിക്കാനും ആവശ്യമായ സാങ്കേതിക സംവിധാനങ്ങളുള്ള ഇക്കാലത്ത് അതിലോരോന്നും സൂക്ഷ്മമായി വിലയിരുത്താന്‍ നാട്ടുകാര്‍ നിര്‍ബന്ധിതമാകുന്ന സന്ദര്‍ഭം കൂടിയാണിത്. അതില്‍ പരാജയപ്പെട്ടാല്‍ ജനാധിപത്യത്തിനും മതേതര മൂല്യങ്ങള്‍ക്കും സംഭവിക്കുന്ന പരുക്ക് ഏറെ വലുതായിരിക്കും. അതു സംഭവിക്കരുതെന്ന ഉറച്ച നിശ്ചയത്തോടെയായിരിക്കണം ഇത്തവണ ഓരോ വോട്ടറും സമ്മതിദാനാവകാശം വിനിയോഗിക്കേണ്ടത്. ജനാധിപത്യമൂല്യങ്ങള്‍ സംരക്ഷിക്കാനുള്ള പ്രാഥമിക ബാധ്യത ജനതയ്ക്കു തന്നെയാണെന്ന് എല്ലാവരും ഓര്‍ക്കേണ്ടതുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."