ഉക്രൈനില്‍ നിന്ന് അഞ്ചാം വിമാനവും ഇന്ത്യയിലെത്തി; വിമാനത്തില്‍12 മലയാളികള്‍ ഉള്‍പെടെ 249 പേര്
ന്യൂഡല്‍ഹി: ആശങ്കകളില്‍ ഏറെ ആശ്വാസമായി ഉക്രൈനില്‍ നിന്ന് ഇന്ത്യയുടെ അഞ്ചാം വിമാനവും ഡല്‍ഹിയിലെത്തി. റുമാനിയ ബുകാറസ്റ്റില്‍ നിന്നുള്ള വിമാനമാണ് എത്തിയത്. വിമാനത്തില്‍ 12 മലയാളികള്‍ ഉള്‍പെടെ 249 പേരാണുള്ളത്. 1,156 പേരെയാണ് ഇതുവരെ ഓപറേഷന് ഗംഗ വഴി നാട്ടില്‍ എത്തിച്ചത്.
ഉക്രൈനിലെ റഷ്യന്‍ ആക്രമണത്തില്‍ വലയുന്ന ഇന്ത്യാക്കാരെ തിരിച്ചെത്തിക്കുന്നത് ചര്‍ച്ച ചെയ്യാനായി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ ഞായറാഴ്ച രാത്രി അടിയന്തര യോഗം ചേര്‍ന്നിരുന്നു. ഇന്ത്യാക്കാരെ തിരിച്ചെത്തിക്കുന്നതാണ് ഇപ്പോഴത്തെ പ്രധാന അജണ്ടയെന്നായിരുന്നു യോഗത്തിലെ തീരുമാനം. ഞായറാഴ്ച രാത്രി ഒമ്പത് മണിക്ക് തുടങ്ങിയ യോഗം രണ്ട് മണിക്കൂര്‍ നീണ്ടുനിന്നു. ഇന്ത്യാക്കാരെ തിരിച്ചെത്തിക്കാന്‍ എന്തൊക്കെ കാര്യം ചെയ്യണമെന്ന് യോഗം ചര്‍ച്ച ചെയ്കു. രക്ഷാ ദൗത്യം എങ്ങനെ പുരോഗമിക്കുന്നു എന്ന കാര്യമടക്കം വിലയിരുത്തി. വിവിധ മുഖ്യമന്ത്രിമാര്‍ നല്കിയ കത്തുകളും യോഗത്തില്‍ ചര്‍ച്ചയായി. യുക്രൈനില്‍ കുടുങ്ങിയ ഇന്ത്യാക്കാരെ നാട്ടിലെത്തിക്കാന്‍ കൂടുതല്‍ ലോക രാജ്യങ്ങളുടെ സഹകരണം തേടാന്‍ തീരുമാനിച്ചു. റഷ്യയുടെ ഭാഗത്ത് നിന്നുള്ള സഹകരണം എങ്ങനെയാകും എന്നതും യോഗം ചര്‍ച്ച ചെയ്തു. കൂടുതല്‍ സമ്മര്‍ദ്ദം ചെലുത്തുന്ന കാര്യവും യോഗത്തില്‍ ചര്‍ച്ചയായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."