കച്ചമുറുക്കി യു.ഡി.എഫ്: ആത്മവിശ്വാസത്തില്‍ എല്‍.ഡി.എഫ്; വര്‍ഗീയ കാര്‍ഡിറക്കി എന്‍.ഡി.എ; കൂടുതല്‍ വിഭാഗങ്ങള്‍ക്ക് പോസ്റ്റല്‍ വോട്ടൊരുക്കി ഇലക്ഷന്‍ കമ്മിഷനും
തിരുവനന്തപുരം: തിരഞ്ഞെടുപ്പിനായി മുന്നണികളും കച്ചമുറുക്കി രംഗത്ത്. സ്ഥാനാര്‍ഥി നിര്‍ണയത്തിന്റെ അന്തിമ ചര്‍ച്ചകളിലേക്കു മുന്നണികളും പാര്‍ട്ടികളും പ്രശ്വേശിച്ചു കഴിഞ്ഞു. യു.ഡി.എഫില്‍ ആരാകും മുഖ്യമന്ത്രി എന്ന ചോദ്യത്തിന് ഭൂരിപക്ഷം ലഭിച്ച ശേഷമേ മുഖ്യമന്ത്രിയെ തീരുമാനിക്കൂവെന്ന് ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി. തങ്ങള്‍ തികഞ്ഞ ആത്മവിശ്വാസത്തിലാണ്. സ്ഥാനാര്‍ഥി പട്ടിക അടുത്തയാഴ്ച പുറത്തിറക്കുമെന്ന് ഉമ്മന്‍ചാണ്ടി വ്യക്തമാക്കി. യു.ഡി.എഫ് സീറ്റ് വിഭജനം അന്തിമഘട്ടത്തിലെത്തിയെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
സി.പി.എമ്മും ഭരണത്തില്‍ തിരിച്ചെത്തുമെന്ന പ്രതീക്ഷയിലാണ് കരുക്കള്‍ നീക്കുന്നത്. ബി.ജെ.പി വര്‍ഗീയ കാര്‍ഡില്‍ അജന്‍ഡയൊതുക്കി പ്രകടന പത്രികയുമായി ബി.ജെ.പിയും രംഗത്തിറങ്ങുകയാണ്. ബി.ജെ.പി. പത്രികയുടെ കരട് ഉടന്‍ സംസ്ഥാന നേതൃത്വം പ്രഖ്യാപിക്കും. ലൗ ജിഹാദ് തടയാന്‍ യു.പി മാതൃകയില്‍ നിയമ നിര്‍മാണം കൊണ്ടുവരുമെന്നതാണ് പത്രികയിലെ പ്രധാന നിര്‍ദേശങ്ങളിലൊന്ന്. അതേ സമയം ഇതിനെതിരേ സി.പി.എമ്മും കോണ്‍ഗ്രസും രംഗത്തെത്തിയിട്ടുണ്ട്.
അതേ സമയം കൂടുതല്‍ വിഭാഗങ്ങള്‍ക്ക് പോസ്റ്റല്‍ വോട്ട് സൗകര്യം ഒരുക്കുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫിസര്‍ ടിക്കാറാം മീണ പറഞ്ഞു. പൊലിസ്, ആരോഗ്യ പ്രവര്‍ത്തകര്‍, ആംബുലന്‍സ്, മാധ്യമ പ്രവര്‍ത്തകര്‍, മില്‍മ, ജയില്‍ എക്‌സൈസ് തുടങ്ങിയ വിഭാഗത്തിലുള്ളവര്‍ക്കായിരിക്കും പോസ്റ്റല്‍ വോട്ടിനുള്ള സൗകര്യമുണ്ടാകുക. കമ്മിഷന്‍ അനുവദിക്കുന്ന മാധ്യമപ്രവര്‍ത്തകര്‍ക്ക് ആയിരിക്കും പോസ്റ്റല്‍ വോട്ട് ചെയ്യാനാവുക. പോസ്റ്റല്‍ വോട്ടിന് ആഗ്രഹമുള്ളവര്‍ 12- ഫോം പൂരിപ്പിച്ചു നല്‍കണം. പോസ്റ്റല്‍ വോട്ട് ചെയ്യുമ്പോള്‍ വീഡിയോ ഗ്രാഫ് നിര്‍ബന്ധമായിരിക്കും.
കള്ളവോട്ടിന് ഒത്താശ ചെയ്താല്‍ ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്യും, കൂടാതെ ഇവര്‍ക്കെതിരെ കേസ് എടുക്കുമെന്നും തെരഞ്ഞെടുപ്പ് ഓഫിസര്‍ പറഞ്ഞു. ഇലക്ഷന്‍ കഴിഞ്ഞാലും ഉദ്യോഗസ്ഥരെ കമ്മിഷന്‍ സംരക്ഷിക്കും. തെരെഞ്ഞടുപ്പ് ഉദ്യോഗസ്ഥര്‍ക്ക് ഡ്യൂട്ടിക്കിടെ പരിക്കേല്‍ക്കുകയോ അപകടം സംഭവിക്കുകയോ ചെയ്താല്‍ 15 ലക്ഷം നഷ്ടപരിഹാരം നല്‍കും. കൊവിഡ് മാനദണ്ഡം പാലിച്ച് കൊട്ടിക്കലാശം നടത്താം. രാഷ്ട്രീയ പാര്‍ട്ടി യോഗത്തില്‍ ഇക്കാര്യത്തില്‍ വ്യക്തത വന്നില്ല. വീണ്ടും യോഗം വിളിക്കുമെന്നും തെരഞ്ഞെടുപ്പ് ഓഫീസര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."