റഷ്യക്ക് വ്യോമപാത വിലക്കി യൂറോപ്പ്
ബ്രസൽസ്
സാമ്പത്തിക ഉപരോധത്തിനു പിന്നാലെ റഷ്യൻ വിമാനങ്ങൾക്ക് വ്യോമപാത നിഷേധിച്ച് യൂറോപ്യൻ രാജ്യങ്ങൾ. ഇതു സംബന്ധിച്ച ഔദ്യോഗിക തീരുമാനം ഉടൻ നടപ്പിൽവരുമെന്നാണ് റിപ്പോർട്ട്.
ജർമനി, ബെൽജിയം എന്നിവ നേരത്തെ തന്നെ റഷ്യൻ വിമാനങ്ങൾക്ക് വ്യോമപാത വിലക്കിയിരുന്നു.റഷ്യൻ നിർമിത വിമാനങ്ങൾ വ്യോമപാത ഉപയോഗിക്കുന്നതിന് ബ്രിട്ടൻ, പോളണ്ട്, ചെക് റിപ്പബ്ലിക്, ബൾഗേറിയ, റൊമാനിയ, സ്ലൊവാനിയ, ബാൾട്ടിക് രാജ്യങ്ങൾ എന്നിവയും വിലക്കേർപ്പെടുത്തിയിട്ടുണ്ട്. ഇറ്റലി വിലക്കേർപ്പെടുത്തുമെന്ന് അറിയിച്ചിട്ടുണ്ട്.
ജർമനി മൂന്നുമാസ നിരോധനമാണ് ഏർപ്പെടുത്തിയത്. ഫിൻലൻഡ്, ഡെന്മാർക്ക്, അയർലൻഡ്, ആസ്ട്രിയ എന്നിവയും വിലക്കേർപ്പെടുത്താൻ ഒരുങ്ങുകയാണ്.ഉക്രൈൻ വ്യോമപാതയ്ക്കു മുകളിലൂടെ പറക്കാൻ അനുമതിയില്ലാത്തതിനാൽ പടിഞ്ഞാറൻ രാജ്യങ്ങളിലേക്കുള്ള റഷ്യൻ വിമാനങ്ങളുടെ യാത്ര ഏറെ സാമ്പത്തികച്ചെലവേറിയതാണ്.
ഇതുമൂലം കഴിഞ്ഞ ദിവസം പാരിസ്, വിയന്ന, കലിനിൻഗ്രാഡ് തുടങ്ങിയ പ്രദേശങ്ങളിലേക്കുള്ള വിമാന സർവിസുകൾ റദ്ദാക്കി. മാർച്ച് 13 വരെ യൂറോപ്പിലേക്കുള്ള സർവിസുകൾ നിർത്തിവച്ചതായി റഷ്യയുടെ എസ്7 എയർലൈൻസ് അറിയിച്ചു.
മാർച്ച് 26 വരെ ലാത്വിയ, റൊമാനിയ എന്നിവിടങ്ങളിലേക്കുള്ള സർവിസുകളും മാർച്ച് 28 വരെ പ്രാഗ്, വാഴ്‌സ സർവിസുകളും റദ്ദാക്കിയതായി റഷ്യയിലെ ഏറ്റവും വലിയ വിമാനക്കമ്പനിയായ എയറോഫ്‌ളോട്ട് അറിയിപ്പിൽ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."