ഷെഹിനി അതിർത്തിയിൽ കുടുങ്ങിയ മലയാളി വിദ്യാർഥികൾ പോളണ്ടിലെത്തി
കൊച്ചി
ഉക്രൈനിൽനിന്ന് ഇന്ത്യയിലെത്താനുള്ള ശ്രമത്തിനിടെ ഷെഹിനി അതിർത്തിയിൽ കുടുങ്ങിയ മലയാളി വിദ്യാർഥികൾ പോളണ്ടിലെത്തി. ഇന്നലെ പുലർച്ചയോടെയാണ് വിദ്യാർഥികൾ അതിർത്തി കടന്നത്. പോളണ്ടിലെത്തിയ ഇവർക്ക് 15 ദിവസത്തേക്കുള്ള വിസ ലഭിച്ചു. നിലവിൽ പോളണ്ടിലെ ലുബ്ലിനിലെ ഹോട്ടലിൽ സുരക്ഷിതരാണെന്ന് വിദ്യാർഥികൾ അറിയിച്ചു. എത്രയും വേഗം സുരക്ഷിതമായി നാട്ടിലെത്താനാകുമെന്ന പ്രതീക്ഷയിലാണ് വിദ്യാർഥികൾ.
56 മലയാളി വിദ്യാർഥികൾക്കാണ് കഴിഞ്ഞ ദിവസം ഷെഹിനി ബോർഡറിലെത്തിയിട്ടും അതിർത്തി കടക്കാനാകാതെ രണ്ടു ദിവസത്തോളം കൊടുംതണുപ്പിൽ കഴിയേണ്ടിവന്നത്.
വളരെ ദുരിതപൂർണമായ അവസ്ഥയിലൂടെയാണ് തങ്ങൾ കടന്നുപോയതെന്ന് വിദ്യാർഥികൾ പറഞ്ഞു. ഉക്രൈയിനികളുടെ പാലായനം മൂലം അതിർത്തി സംഘർഷഭരിതമായിരുന്നു. തങ്ങളെ കടത്തിവിടാൻ അവർ അനുവദിച്ചില്ലെന്നും ക്ഷുഭിതരായി അക്രമിക്കാൻ ശ്രമിച്ചെന്നും വിദ്യാർഥികൾ പറഞ്ഞു. അവർ കടന്നതിനു ശേഷമാണ് കുറുച്ച് ആളുകളെയായി തങ്ങളെ കടത്തിവിട്ടത്. രണ്ടു ദിവസത്തോളം വെള്ളം പോലും കുടിക്കാതെ കഴിഞ്ഞു. ലുബ്ലിനിയിലെത്തിയ ശേഷമാണ് ഭക്ഷണം കഴിച്ചത്. രണ്ട് ദിവസം കടുത്ത ഭീതിയി ലായിരുന്നുവെന്നും വിദ്യാർഥികൾ പറഞ്ഞു.
ഇൻഡോ-പോളിഷ് ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രിയിലെ ബിസിനസ് കൺസൾട്ടൻ്റായ കോഴിക്കോട് സ്വദേശി ചന്ദ്രമോഹൻ നെല്ലൂരാണ് വിദ്യാർഥികൾക്ക് പോളണ്ടിൽ വേണ്ട സൗകര്യങ്ങൾ ഒരുക്കിയത്. വിമാനം സജ്ജമാകുന്ന മുറയ്ക്ക് വിദ്യാർഥികളെ നാട്ടിലെത്തിക്കാനാകുമെന്ന് അദ്ദേഹം പറഞ്ഞു.
250 പേരായാൽ ഒരു വിമാനത്തിൽ ഇന്ത്യക്കാരെ കയറ്റിവിടാനാകും. എംബസി ആവശ്യമായ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."