മിസൈൽ വർഷം; ആക്രമണം ശക്തമാക്കി റഷ്യ
കീവ്
സമാധാന ചർച്ച അലസിയതിനുപിന്നാലെ ഉക്രൈനെതിരായ ആക്രമണത്തിനു മൂർച്ച കൂട്ടിയ റഷ്യ ഇന്നലെ കീവ്, ഖാർകീവ് നഗരങ്ങൾക്കു നേരെ ശക്തമായ മിസൈൽ-ഷെൽ ആക്രമണം നടത്തി. സർക്കാർ കെട്ടിടങ്ങൾക്കും ജനവാസകേന്ദ്രങ്ങൾക്കും നേരെ മിസൈൽ വർഷമുണ്ടായി. അതിനിടെ, 64 കിലോമീറ്റർ നീളത്തിലുള്ള റഷ്യൻ സൈനികവ്യൂഹം ഉക്രൈൻ തലസ്ഥാനമായ കീവിനു നേരെ നീങ്ങുന്നതിന്റെ ഉപഗ്രഹ ചിത്രവും ബെലറൂസിൽ കരസേനയെയും ഹെലികോപ്റ്ററുകളും വിന്യസിച്ച ചിത്രവും മാക്‌സർ ടെക്‌നോളജീസ് പുറത്തുവിട്ടു.
കഴിഞ്ഞ രാത്രിയിൽ കീവ്, ഖാർകീവ്, മരിയോപോൾ നഗരങ്ങളിൽ പീരങ്കിപ്പട കനത്ത നാശമാണുണ്ടാക്കിയത്. ഖാർകീവിലെ ഫ്രീഡം സ്‌ക്വയറിനുനേരെ മിസൈൽ വർഷിച്ചതോടെ വൻ സ്‌ഫോടനമുണ്ടായതായി ഉക്രൈൻ വിദേശകാര്യമന്ത്രി ദിമിത്രി കുലേബ അറിയിച്ചു. ആക്രമണത്തിൽ നഗരമധ്യത്തിലെ സർക്കാർ കെട്ടിടങ്ങളും പാർപ്പിട കേന്ദ്രങ്ങളും തകർന്നതായി മേഖലാ അഡ്മിനിസ്‌ട്രേറ്റർ ഒലെഗ് സിനഗുബോവ് പറഞ്ഞു. ഖാർകീവിനും കീവിനും ഇടയിലുള്ള ഒക്തിർക നഗരത്തിലെ ഉക്രൈൻ സൈനിക കേന്ദ്രത്തിനു നേരെയുണ്ടായ പീരങ്കിപ്പടയുടെ ആക്രമണത്തിൽ 70 ഉക്രൈൻ സൈനികർ കൊല്ലപ്പെട്ടു. ഇവിടെയുള്ള നാലുനില കെട്ടിടം പൂർണമായി തകർന്നു. അതിനിടെ, റഷ്യയുടെ ഒരു സൈനികവിമാനം ഉക്രൈൻ സേന വെടിവച്ചിട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."