എം.പിമാരുടെ പരാതി ; പുനഃസംഘടന നിർത്തിവയ്ക്കാൻ ഹൈക്കമാൻഡ് നിർദേശം
തിരുവനന്തപുരം
കേരളത്തിൽനിന്നുള്ള ഒരുവിഭാഗം എം.പിമാരുടെ പരാതിയെത്തുടർന്ന് സംസ്ഥാന കോൺഗ്രസിലെ പുനഃസംഘടന നിർത്തിവച്ച് കോൺഗ്രസ് ഹൈക്കമാൻഡ്. പുനഃസംഘടന ചർച്ചകളിൽ എം.പിമാരെ ഉൾപ്പെടുത്തിയില്ലെന്ന പരാതിയിൽ കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി താരീഖ് അൻവറാണ് പുനഃസംഘടനാ നടപടികൾ നിർത്തിവയ്ക്കാനുള്ള നിർദേശം കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരന് നൽകിയത്.
ഡി.സി.സി ഭാരവാഹികളുടെ പട്ടിക അന്തിമമാക്കാനുള്ള ശ്രമങ്ങൾ കെ. സുധാകരനും പ്രതിപക്ഷനേതാവ് വി.ഡി സതീശനും നടത്തിവരുന്നതിനിടെയാണ് ഹൈക്കമാൻഡിന്റെ നടപടി. പുനഃസംഘടനയ്ക്കായി ഡി.സി.സി നൽകിയ കരട് ഭാരവാഹി പട്ടിക കെ.പി.സി.സി വെട്ടിച്ചുരുക്കിയിരുന്നു. ഈ നടപടിക്രമം പൂർത്തിയായതിനാൽ തിങ്കളാഴ്ച ഇന്ദിരാഭവനിൽ സുധാകരനും സതീശനും കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു.
പുനഃസംഘടനയുമായി മുന്നോട്ടുപോവാനുള്ള തീരുമാനത്തെ തുടക്കംമുതലേ എതിർത്തുവരികയായിരുന്നു എ, ഐ ഗ്രൂപ്പുകൾ. സംഘടനാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിൽ പുനഃസംഘടനയുടെ ആവശ്യമില്ലെന്നായിരുന്നു ഗ്രൂപ്പുകളുടെ വാദം. എന്നാൽ ഈ എതിർപ്പുകൾ മറികടന്ന് പുനഃസംഘടനയുമായി മുന്നോട്ടുപോവുകയായിരുന്നു കെ.പി.സി.സി നേതൃത്വം.
രാജ്മോഹൻ ഉണ്ണിത്താൻ, ടി.എൻ പ്രതാപൻ, ബെന്നി ബഹനാൻ, എം.കെ രാഘവൻ എന്നീ നാല് എം.പിമാരാണ് പുനഃസംഘടന നിർത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ടത്. അനർഹർക്കാണ് ഭാരവാഹിത്വം ലഭിക്കുന്നതെന്നും തങ്ങളെ ഇതുസംബന്ധിച്ച ചർച്ചയിൽ പങ്കെടുപ്പിച്ചില്ലെന്നുമുൾപ്പെടെയാണ് എം.പിമാർ പരാതിപ്പെട്ടത്.
അതേസമയം, പുനഃസംഘടന മാറ്റിവച്ചതിൽ കെ.പി.സി.സി നേതൃത്വം കടുത്ത അതൃപ്തിയിലാണ്. ഇക്കാര്യം കെ. സുധാകരനും പ്രതിപക്ഷനേതാവ് വി.ഡി സതീശനും പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്തു. നിർദേശത്തോടുള്ള പ്രതിഷേധം അറിയിച്ച് കടുത്ത പരാമർശങ്ങളടങ്ങിയ കത്ത് സുധാകരൻ ഹൈക്കമാൻഡിന് അയച്ചതായാണ് റിപ്പോർട്ട്. പുനഃസംഘടന നിർത്തിവയ്ക്കാൻ നിർദേശം ലഭിച്ചിട്ടില്ലെന്നും പ്രശ്‌നം പരിഹരിക്കാനാണ് ആവശ്യപ്പെട്ടതെന്നുമാണ് കെ.പി.സി.സി നേതൃത്വം പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."