സഊദിയിൽ ലുലു ഗ്രൂപ്പിന്റെ പുതിയ ഒരു ഹൈപ്പർ മാർക്കറ്റ് കൂടി തുറന്നു
ദമാം: ലുലു ഗ്രൂപ്പിന്റെ പുതിയൊരു ഹൈപ്പർ മാർക്കറ്റ് കൂടി സഊദിയിൽ തുറന്നു. കിഴക്കൻ സഊദിയിലെ ദമാമിലാണ് സഊദിയിലെ 26 ആമത്തെ ഹൈപ്പർ മാർക്കറ്റ് പ്രവർത്തനം ആരംഭിച്ചത്. ഉദ്ഘാടനത്തിന്റെ ഭാഗമായി വിവിധ ഓഫാറുകളും പ്രഖ്യാപിച്ചിട്ടുണ്ട്. ആറ് വർഷത്തിനുള്ളിൽ ലുലുവിന്റെ സഊദിയിലെ ഷോപ്പുകളുടെ എണ്ണം നൂറാക്കി ഉയർത്തുമെന്ന് ഗ്രൂപ് ചെയർമാൻ എംഎ യൂസുഫലി പറഞ്ഞു.
കിഴക്കൻ പ്രവിശ്യയിലെ അൽ-റയ്യാൻ ഡിസ്ട്രിക്റ്റിലാണ് സഊദിയിലെ 26-ാമത്തെ ഹൈപ്പർ മാർക്കറ്റ് പ്രവർത്തനം ആരംഭിച്ചത്. വ്യവസായ പ്രമുഖരും സഊദി അരാംകോ ജീവനക്കാരും തിങ്ങിപ്പാർക്കുന്ന മേഖലയിലാണ് പുതിയ ഷോറൂം. ലുലു ഗ്രൂപ്പ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ എം.എ. യൂസഫലിയുടെ സാന്നിധ്യത്തിൽ കിഴക്കൻ പ്രവിശ്യ ചേംബർ ഓഫ് കൊമേഴ്സ് ഡയറക്ടർ ബോർഡ് ചെയർമാൻ ബാദർ സുലൈമാൻ അൽ-റസീസ ഉദ്ഘാടനം നിർവഹിച്ചു. സ്വദേശികളും വിദേശികളുമടങ്ങുന്ന പൗരപ്രമുഖരും, ഔദ്യോഗിക പ്രതിനിധികളും ചടങ്ങിൽ പങ്കെടുത്തിരുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ശാഖകളുടെ ലുലുവിന്റെ 224 ആമത്തെ കണ്ണിയാണിത്. ഒരു ലക്ഷം ചതുരശ്ര അടി വിസ്തൃതിയിൽ സജ്ജീകരിച്ചിരിക്കുന്ന ഷോറൂമിൽ, സൂപർമാർക്കറ്റ്, ഫ്രഷ് ഫുഡ്, ഗ്രോസറി, ബി.എൽ.എസ്.എച്ച് ബ്യൂട്ടി കൗണ്ടർ, ഡിപ്പാർട്ട്‌മെന്‍റ് സ്റ്റോർ, ലുലു കണക്റ്റ്, ഡിജിറ്റൽ, ഏറ്റവും പുതിയ ഗാഡ്‌ജെറ്റുകളും ബ്രാൻഡുകളും ഉള്ള ഇലക്ട്രോണിക്‌സ് വിപണി എന്നിവ ഉൾപ്പെട്ടിട്ടുണ്ട്. സഊദിയിലെ മാറിയ സാഹചര്യം ലുലുവിന് കൂടുതൽ സന്തോഷവും ഊർജവുമാണെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എംഎ യൂസുഫലി പറഞ്ഞു. 2028 നകമാണ് ലുലു നൂറ് ഷോപ്പിങ് കേന്ദ്രങ്ങൾ സൗദിയിൽ പൂർത്തീകരിക്കുക. സഊദി കിരീടാവകാശിയുടെ സ്വപ്ന പദ്ധതിയായ നിയോമിൽ ആദ്യ ഷോറൂം കഴിഞ്ഞ ദിവസം ലുലു തുറന്നിരുന്നു. നിരവധി ആകർഷകമായ പാക്കേജുകളും വിലക്കുറവും ഉദ്ഘാടനത്തോടനുബന്ധിച്ച് പുതിയ ലുലു മാളിൽ ഒരുക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."