ഉറങ്ങിയുണര്‍ന്നപ്പോള്‍ ജോലി പോയെന്ന് അറിയിപ്പ് !
ആലപ്പുഴ: ഉറങ്ങിയുണര്‍ന്നപ്പോള്‍ ഉണ്ടായിരുന്ന താല്‍ക്കാലിക ജോലിയും നഷ്ടപ്പെട്ട അവസ്ഥയിലാണ് ലക്ഷദ്വീപിലെ 35 അധ്യാപകര്‍. പുതിയ അഡ്മിനിസ്ട്രേറ്റര്‍ എത്തിയതോടെ ദ്വീപില്‍ മാത്രമല്ല, രാജ്യത്തെങ്ങും ഇല്ലാത്ത നടപടികളാണ് ലക്ഷദ്വീപ് വിദ്യാഭ്യാസ വകുപ്പ് സ്വീകരിക്കുന്നത്.
ഒരു മുന്നറിയിപ്പും നല്‍കാതെയാണ് നാളെ മുതല്‍ സ്കൂളില്‍ വരേണ്ടെന്നും ശമ്പളമില്ലെന്നുമുള്ള അറിയിപ്പ് അധ്യാപകര്‍ക്കു നല്‍കിയിരിക്കുന്നത്. ലക്ഷദ്വീപിലെ സ്കൂളുകളില്‍ പ്രവര്‍ത്തിക്കുന്ന കലാ, കായിക, വര്‍ക്ക് എജ്യൂക്കേഷന്‍ അധ്യാപകരെയാണ് കൂട്ടത്തോടെ പിരിച്ചുവിട്ടത്. ഫെബ്രുവരി 28ന് ലക്ഷദ്വീപ് വിദ്യാഭ്യാസ ഡയരക്ടര്‍ രാകേഷ് സിംഗാള്‍ ഒപ്പുവച്ച ഉത്തരവ് പ്രകാരമാണ് സമഗ്ര ശിക്ഷകിനു കീഴില്‍ കരാറടിസ്ഥാനത്തില്‍ നിയമിതരായ മുഴുവന്‍ കലാ-കായിക അധ്യാപകരെയും നോട്ടിസ് പോലും നല്‍കാതെ പിരിച്ചുവിടുന്നത്. മാര്‍ച്ച് ഒന്ന് മുതല്‍ ഈ അധ്യാപകര്‍ക്ക് ശമ്പളം ലഭിക്കുകയില്ലെന്നും ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.
സാധാരണ ഗതിയില്‍ സ്കൂള്‍ വെക്കേഷന് ആരംഭിക്കുമ്പോഴാണ് അധ്യാപകരുടെ സേവന കാലാവധി അവസാനിക്കുന്നത്. പരീക്ഷാ ഡ്യൂട്ടികളില്‍ ഉള്‍പ്പെടെ പകരക്കാരായി താല്‍ക്കാലിക അധ്യാപകരെ നിയോഗിക്കാറുമുണ്ട്. മാര്‍ച്ചില്‍ പരീക്ഷ നടക്കുന്നതിനാല്‍ കുട്ടികള്‍ അക്കാദമിക് പഠനത്തില്‍ മാത്രമാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും ഈ കാലയളവില്‍ ഇതര അധ്യാപകരുടെ സേവനം ആവശ്യമില്ലെന്നുമാണ് വിദ്യാഭ്യാസ വകുപ്പിന്റെ വാദം. എല്ലാ വര്‍ഷവും കരാര്‍ പുതുക്കിനല്കുന്ന പ്രവണത ഇല്ലാതാക്കാനും ദ്വീപുകാരെ സര്‍വിസില്‍നിന്നു നീക്കിനിര്ത്താനുമുള്ള തന്ത്രമായാണ് ഉദ്യോഗാര്‍ഥികള്‍ ഈ നടപടിയെ കാണുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."