ഉക്രൈനില്‍ അഭയാര്‍ത്ഥി പ്രവാഹം; ഒരാഴ്ചക്കിടെ നാടുവിട്ടത് പത്ത് ലക്ഷം പേര്‍
കീവ്: റഷ്യന്‍ അധിനിവേശം ഒരാഴ്ച പിന്നിടുമ്പോള്‍ പ്രാണരക്ഷാര്‍ഥം പത്തു ലക്ഷത്തിലേറെ ഉക്രൈന്‍ പൗരന്‍മാര്‍ നാടുവിട്ടതായി ഐക്യരാഷ്ട്ര സഭ. ഇത് ഉക്രൈനിലെ ജനസംഖ്യയുടെ രണ്ടുശതമാനം വരുമെന്നും യു.എന്‍.അഭയാര്‍ഥി ഏജന്‍സിയായ യു.എന്‍.എച്ച്.സി.ആറിന്റെ കണക്കുകള്‍ പറയുന്നു.
ഏഴ് ദിവസങ്ങള്‍ക്കുള്ളില്‍ ഉക്രൈനില്‍ നിന്ന് അയല്‍രാജ്യങ്ങളിലേക്ക് പത്ത് ലക്ഷം അഭയാര്‍ത്ഥികള്‍ പലായനം ചെയ്യുന്നത് കണ്ടതായി അഭയാര്‍ത്ഥികള്‍ക്കായുള്ള യുഎന്‍ ഹൈക്കമ്മീഷണര്‍ ഫിലിപ്പോ ഗ്രാന്‍ഡി ട്വിറ്ററില്‍ കുറിച്ചു. 40 ലക്ഷത്തിലേറെ ജനങ്ങള്‍ ഉക്രൈനില്‍ നിന്ന് പാലായനം ചെയ്യുമെന്നായിരുന്നു യു.എന്‍ ഏജന്‍സി പ്രവചിച്ചിരുന്നത്. ഉക്രൈനിലേത് ഈ നൂറ്റാണ്ടിലെ തന്നെ ഏറ്റവും വലിയ അഭയാര്‍ഥി പ്രതിസന്ധിയാണെന്ന് യു.എന്‍.എച്ച്‌സി.ആര്‍ വക്താവ് ഷാബിയ മണ്ടു പറയുന്നു.
നിലവില്‍ ഏറ്റവും വലിയ അഭയാര്‍ത്ഥി പ്രവാഹമുള്ള രാജ്യം 2011 ല്‍ ആഭ്യന്തരയുദ്ധം പൊട്ടിപ്പുറപ്പെട്ട സിറിയയാണ്. ഐക്യരാഷ്ട്ര സഭയുടെ കണക്കുകള്‍ പ്രകാരം 5.6 ദശലക്ഷത്തിലധികം ആളുകളാണ് സിറിയയിലെ അഭയാര്‍ഥികള്‍. എന്നാല്‍ യു.എന്‍.എച്ച്.സി.ആര്‍ കണക്കനുസരിച്ച് യുദ്ധം തുടങ്ങി മൂന്ന് മാസത്തിനകമാണ് സിറിയയില്‍ അഭയാര്‍ഥികളുടെ എണ്ണം പത്ത് ലക്ഷം കവിഞ്ഞത്.
എട്ടാം ദിവസവും ഉക്രൈനില്‍ റഷ്യയുടെ യുദ്ധം തുടരുകയാണ്. കൂടുതല്‍ ജനവാസ കേന്ദ്രങ്ങളെ ലക്ഷ്യം വെച്ചാണ് റഷ്യ നീങ്ങുന്നതെന്നാണ് അമേരിക്ക നല്‍കുന്ന മുന്നറിയിപ്പ്. ഇതിനിടെ റഷ്യഉക്രൈന്‍ രണ്ടാം ഘട്ട സമാധാന ചര്‍ച്ച ഇന്ന് നടക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."