സുരക്ഷിതമല്ലാതെ നന്ദിഗ്രാം, വെല്ലുവിളി സ്വയം ഏറ്റെടുത്ത് മമത
കൊല്‍ക്കത്ത: 2011ല്‍ മമതാ ബാനര്‍ജിയെ ആദ്യമായി പശ്ചിമബംഗാളില്‍ അധികാരത്തിലെത്തിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച 2007ലെ നന്ദിഗ്രാം ഭൂമി ഏറ്റെടുക്കലിനെതിരായ സമരം ഇപ്പോള്‍ പഴങ്കഥയാണ്. എന്നാല്‍ മൂന്നാമങ്കത്തിനൊരുങ്ങുന്ന മമത നന്ദിഗ്രാമില്‍നിന്ന് ജനവിധി തേടുമ്പോള്‍ പഴയ സമരത്തിന്റെ ചരിത്രം നിര്‍ണായകമാവും.
അന്ന് ഭൂമി ഏറ്റെടുക്കലിനെതിരായ സമരത്തിന് പ്രാദേശിക തലത്തില്‍ നേതൃത്വം നല്‍കിയ, നന്ദിഗ്രാമില്‍ വിശാലമായ പരിചിതവലയമുള്ള തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് സുവേന്ദു അധികാരിയാണ് ഇത്തവണ ബി.ജെ.പി സ്ഥാനാര്‍ഥി. തൃണമൂലില്‍നിന്ന് അധികാരിയെ ബി.ജെ.പി വിലക്കെടുത്തത് ഒന്നും കാണാതെയായിരുന്നില്ല.
34 ശതമാനം മുസ്‌ലിംകളുള്ള നന്ദിഗ്രാമില്‍ മമതക്ക് മറ്റൊരു ഭീഷണി കൂടിയുണ്ട്. കോണ്‍ഗ്രസ്- ഇടത് സഖ്യത്തിന്റെ ഭാഗമായ അബ്ബാസ് സിദ്ദീഖിയുടെ ഇന്ത്യന്‍ സെക്കുലര്‍ ഫ്രണ്ട് നന്ദിഗ്രാം സീറ്റ് തങ്ങള്‍ക്ക് വേണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്ത്യന്‍ സെക്കുലര്‍ ഫ്രണ്ട് മത്സരിച്ചാല്‍ ബി.ജെ.പി വിരുദ്ധ മുസ്‌ലിം വോട്ടുകള്‍ വിഭജിച്ചുപോകുമെന്ന ഭീതി തൃണമൂല്‍ കോണ്‍ഗ്രസിനുണ്ട്. അതുകൊണ്ട് തന്നെ മമതക്ക് കാര്യങ്ങള്‍ ഇത്തവണ അത്ര എളുപ്പമാകില്ല.
2009ലെ ഒരു ഉപതെരഞ്ഞെടുപ്പിലാണ് നന്ദിഗ്രാമില്‍ ആദ്യമായി തൃണമൂല്‍ വിജയിക്കുന്നത്. അതുവരെ കോണ്‍ഗ്രസിന്റെയും സി.പി.ഐയുടെയും ശക്തി കേന്ദ്രമായിരുന്നു നന്ദിഗ്രാം. 2016ലെ തെരഞ്ഞെടുപ്പില്‍ 81,230 വോട്ടുകള്‍ക്കാണ് സുവേന്ദു അധികാരി നന്ദിഗ്രാമില്‍നിന്ന് വിജയിക്കുന്നത്.
2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തംലുക്ക് മണ്ഡലത്തില്‍ നിന്ന് അധികാരിയുടെ സഹോദരന്‍ ദിബിയേന്ദു വിജയിച്ചു. എന്നാല്‍, തംലുക്കിന്റെ ഭാഗമായ നന്ദിഗ്രാമില്‍ 60,000ത്തില്‍ അധികം വോട്ടുകള്‍ വാങ്ങി രണ്ടാംസ്ഥാനത്തായിരുന്നു ബി.ജെ.പി. ആദ്യമായാണ് മമത നന്ദിഗ്രാമില്‍നിന്ന് മത്സരിക്കാനൊരുങ്ങുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."