വള്ളംകളിയോടെ ജില്ലാതല ഓണാഘോഷങ്ങള്‍ക്ക് തുടക്കമാകും
കോട്ടയം: താഴത്തങ്ങാടി വള്ളംകളിയോടെ ജില്ലാതല ഓണാഘോഷ പരിപാടികള്‍ക്ക് തുടക്കം കുറിക്കും. കലക്ടറേറ്റില്‍ കലക്ടര്‍ സി.എ ലതയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. ജില്ലാ ഭരണകൂടവും ഡി.ടി.പി.സിയും ഇതരവകുപ്പുകളും സംയുക്തമായാണ് ഇക്കൊല്ലവും ഓണാഘോഷം സംഘടിപ്പിക്കുന്നത്.
സെപ്തംബര്‍ 11നാണ് താഴത്തങ്ങാടിയില്‍ കോട്ടയം ക്ലബ് വള്ളംകളി നടക്കുന്നത്. ജില്ലാതല ഓണാഘോഷ പരിപാടികളുടെ ഉദ്ഘാടനം സെപ്തംബര്‍ 12ന് തിരുനക്കര മൈതാനത്തു നടക്കും. ഓണാഘോഷത്തോടനുബന്ധിച്ചു നടക്കുന്ന കലാപരിപാടികളില്‍ സാധാരണക്കാര്‍ക്കും അവസരം നല്‍കണമെന്ന് കളക്ടര്‍ നിര്‍ദ്ദേശിച്ചു.
വിവിധ വേദികളിലാകും ഇത്തവണ കലാപരിപാടികള്‍ നടക്കുക. കോടിമത വാട്ടര്‍ പാര്‍ക്കില്‍ നാടന്‍ കലാമേളയും നാലുമണിക്കാറ്റ് വഴിയോര പാര്‍ക്കില്‍ ഗ്രാമീണ കലാമത്സരങ്ങളും സംഘടിപ്പിക്കും.
ജില്ലാതല ഓണാഘോഷ പരിപാടി കൂടുതല്‍ വേദികളില്‍ സംഘടിപ്പിച്ച് വിപുലമാക്കാനാണ് ജില്ലാ ഭരണകൂടം ശ്രമിക്കുന്നത്. പരിപാടിയില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ള ജില്ലയിലെ വിദ്യാര്‍ഥികളും കലാകാരന്മാരും ഡിറ്റിപിസി സെക്രട്ടറിയുമായി ബന്ധപ്പെടണം.
ഫോണ്‍- 9447723704. യോഗത്തില്‍ ഡിറ്റിപിസി സെക്രട്ടറി ജിജു ജോസ്, ദര്‍ശന അക്കാദമി ഡയറക്ടര്‍ ഫാ. തോമസ് പുതുശ്ശേരി, കോട്ടയം ബോട്ട് ക്ലബ് ജനറല്‍ സെക്രട്ടറി ലിയോ മാത്യു, വിവിധ വകുപ്പുദ്യോഗസ്ഥര്‍, സന്നദ്ധ സംഘടനാ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."