ആഴക്കടലിലാണെങ്കിലും, പാര്‍ട്ടി പറഞ്ഞാല്‍ 6 ാം അങ്കത്തിന് കച്ചമുറുക്കി മേഴ്‌സിക്കുട്ടിയമ്മ
കൊല്ലം: 1988 ജൂലൈ 8. അന്നായിരുന്നു രാജ്യത്തെ നടുക്കിയ പെരുമണ്‍ ദുരന്തം. അന്നായിരുന്നു രാഷ്ട്രീയ പ്രവര്‍ത്തനത്തിനിടെ പരിചയക്കാരായ ബി. തുളസീധരക്കുറുപ്പ് ജെ. മേഴ്‌സിക്കുട്ടിയമ്മയെ രക്തഹാരമണിയിച്ച് ജീവിതത്തോട് ചേര്‍ത്തുനിര്‍ത്തിയ ദിവസവും. മൂന്നരയ്ക്ക് നിശ്ചയിച്ചിരുന്ന വിവാഹ ചടങ്ങുകള്‍ നേരത്തേയാക്കി കുണ്ടറയുടെ എം.എല്‍.എ ആയിരുന്ന മേഴ്‌സിക്കുട്ടിയമ്മ തുളസീധരക്കുറുപ്പിനൊപ്പം വിവാഹവേഷത്തിലാണ് ദുരന്തഭൂമിയിലെത്തിയത്. പെരുമണ്‍ കായലിന്റെ ആഴങ്ങളില്‍നിന്നും അപകടത്തില്‍പ്പെട്ടവരെ രക്ഷപ്പെടുത്തുന്നതില്‍ വ്യാപൃതയായിരുന്നതിനാല്‍ വിവാഹാനന്തര ചടങ്ങുകളെല്ലാം വേണ്ടെന്നുവച്ചിരുന്നു.
1987 മുതല്‍ 2001 വരെയുള്ള തുടര്‍ച്ചയായ നാല് തെരഞ്ഞെടുപ്പുകളില്‍ മേഴ്‌സിക്കുട്ടിയമ്മ നേടിയത് രണ്ട് വിജയം. 2016 ല്‍ രാജ്‌മോഹന്‍ ഉണ്ണിത്താനെ പരാജയപ്പെടുത്തിയതോടെ പിണറായി സര്‍ക്കാരില്‍ ഫിഷറീസ് മന്ത്രിയുമായി. കൊല്ലം ജില്ലയില്‍ നിന്നുള്ള ആദ്യ വനിതാ മന്ത്രിയെന്ന റെക്കോര്‍ഡും മേഴ്‌സിക്കുട്ടിയമ്മയ്ക്ക് സ്വന്തം. വിളംബരനാട്ടില്‍ ആറാമങ്കത്തിന് പാര്‍ട്ടി പറഞ്ഞാല്‍ മാത്രമേ ഇത്തവണ മേഴ്‌സിക്കുട്ടിയമ്മ കച്ചമുറുക്കൂ. ഇത്തവണ ഇളവ് നല്‍കണമെന്നായിരുന്നു സംസ്ഥാന നേതൃത്വത്തിന് ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിന്റെ ശുപാര്‍ശ.
ആഴക്കടലിനേക്കാള്‍ ആഴവും പരപ്പുമാണ് കുണ്ടറയുടെ ജനമനസിനെന്ന് മേഴ്‌സിക്കുട്ടിയ്ക്ക് അറിയാം. മണ്ഡല പുനര്‍നിര്‍ണയത്തിനുശേഷം കൂടുതല്‍ ഇടത് ആഭിമുഖ്യമാണ് കുണ്ടറയ്ക്ക്. ആരോപണങ്ങളെ കരളുറപ്പോടെ നേരിടാനുള്ള രാഷ്ട്രീയ മനസ് കുണ്ടറയ്ക്കുണ്ടെന്നാണ് മേഴ്‌സിക്കുട്ടിയമ്മയും പറയുന്നത്.
സി.പി.എമ്മിലെ വിഭാഗീയത കൊടികുത്തി വാണ കാലത്ത് ജില്ലയില്‍ വി.എസ് വിഭാഗത്തിന് പി.കെ ഗുരുദാസനൊപ്പം നേതൃത്വം നല്‍കിയത് മേഴ്‌സിക്കുട്ടിയമ്മയായിരുന്നു. 2016 ല്‍ ഗുരുദാസന് കൊല്ലം സീറ്റ് നിഷേധിച്ചപ്പോള്‍ മേഴ്‌സിക്കുട്ടിയമ്മയ്ക്ക് കുണ്ടറ നല്‍കിയാണ് വി.എസ് വിഭാഗത്തിന്റെ അതൃപ്തി പരിഹരിച്ചത്. പാര്‍ട്ടിയിലെ പഴയ വിഭാഗീയത കൊടി താഴ്ത്തിയെങ്കിലും ആഴക്കടല്‍ മത്സ്യബന്ധന വിവാദം കുണ്ടറയില്‍ ഈ തെരത്തെടുപ്പില്‍ കൊടിയേറുമെന്നുറപ്പാണ്. വിവാദത്തിന്റെ നെല്ലും പതിരും തിരഞ്ഞ ജില്ലാ സെക്രട്ടറിയേറ്റാകട്ടെ മന്ത്രി ജാഗ്രത കാട്ടേണ്ടിയിരുന്നെന്നാണ് വിമര്‍ശിച്ചതും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."