ഉത്തരവുകളില്‍നിന്നും വ്യക്തിഗത വിവരങ്ങള്‍ ഒഴിവാക്കാന്‍ ഹൈക്കോടതി നയം രൂപീകരിക്കുന്നു
സ്വന്തം ലേഖകന്‍
കൊച്ചി
കോടതി ഉത്തരവുകളിൽ വ്യക്തികളെ തിരിച്ചറിയാനുതകുന്ന കക്ഷികളുടെ പേരുകളടക്കമുള്ള വ്യക്തിഗത വിവരങ്ങള്‍ ഒഴിവാക്കുന്നതിനുള്ള നയം രൂപീകരിക്കാന്‍ തീരുമാനിച്ചതായി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച്. വ്യത്യസ്ത കേസുകളില്‍ തങ്ങളുടെ പേരുകളും വ്യക്തിഗത വിവരങ്ങളും തിരിച്ചറിയാതിരിക്കാന്‍ പ്രതിവിധി ആവശ്യപ്പെട്ടുള്ള ഏഴ് ഹരജികളില്‍ തീര്‍പ്പുകല്‍പ്പിച്ചുകൊണ്ടാണ് ജസ്റ്റിസ് എ.മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് സോഫി തോമസ് എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് ഇക്കാര്യം അറിയിച്ചത്. ഇതുസംബന്ധിച്ച വിഷയത്തില്‍ കൂടുതല്‍ വിശദാംശങ്ങള്‍ ഏപ്രില്‍ ഒന്നിന് പരിഗണിക്കും.
ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 21 പ്രകാരം വ്യക്തിസ്വാതന്ത്ര്യത്തെ ഹനിക്കുന്നതാണ് കോടതി ഉത്തരവുകളില്‍ വ്യക്തികളെ തിരിച്ചറിയുന്ന വിവരങ്ങള്‍ നല്‍കുന്നതെന്ന ഹരജിയുമായി നേരത്തെ ഒരു സ്ത്രീ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇന്ത്യന്‍ വംശജനായ ഒരു അമേരിക്കന്‍ പൗരനുമായുള്ള വിവാഹത്തിനുള്ള അവരുടെ അപേക്ഷ സബ് രജിസ്ട്രാര്‍ സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട ഹരജി ഹൈക്കോടതിക്ക് മുന്‍പിലെത്തുകയും സ്ത്രീക്ക് വിവാഹത്തിനനുകൂലമായ വിധി ഉണ്ടാവുകയും ചെയ്തിരുന്നു. പക്ഷേ പിന്നീട് ആ വിവാഹം നടന്നില്ല. എന്നാല്‍ ഇന്ത്യന്‍ വിധിന്യായവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ തേടാന്‍ ഗൂഗിളിൽ സെര്‍ച്ച് ചെയ്യുന്നവര്‍ക്ക് ഈ ഹരജിക്കാരുടെ വൈവാഹിക കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ക്കൊപ്പം ആളെ തിരിച്ചറിയാന്‍ കഴിയുകയും ചെയ്യുന്ന അവസ്ഥയുണ്ടായതോടെ അവരുടെ പിന്നീടുള്ള വിവാഹത്തിന് ഇത് പ്രശ്നം സൃഷ്ടിച്ചു.
കൂടാതെ ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കുമിടയില്‍ അപമാനിതയാവുകയും ചെയ്തു.
ഇത്തരം പശ്ചാത്തലത്തിലാണ് വ്യക്തിഗത വിവരങ്ങള്‍ ഒഴിവാക്കുന്നതിനുള്ള നയരൂപീകരണത്തിനായി കോടതി തീരുമാനമെടുത്തിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."