പി.ജെ പടിക്കുപുറത്തുതന്നെ
സുരേഷ് മമ്പള്ളി
കണ്ണൂർ
സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റിൽ എട്ട് പുതുമുഖങ്ങളെ ഉൾപ്പെടുത്തിയപ്പോൾ മുതിർന്ന നേതാവായ പി.ജയരാജൻ ഇത്തവണയും പടിക്കുപുറത്ത്. അതേസമയം സ്വഭാവദൂഷ്യത്തിന്റെ പേരിൽ മുമ്പ് അച്ചടക്ക നടപടി നേരിട്ട സി.പി.എം കണ്ണൂർ ജില്ലാ കമ്മിറ്റി അംഗം പി.ശശി 89 അംഗ സംസ്ഥാന സമിതിയിൽ ഇടംപിടിച്ചു. കണ്ണൂരിലെ അണികൾക്കിടയിലുള്ള 'സ്വാധീന'മാണ് പി.ജയരാജന് ഇത്തവണയും സെക്രട്ടേറിയറ്റിലേക്കുള്ള വഴിയിൽ വിലങ്ങുതടിയായത്.
2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വടകരയിൽ മത്സരിക്കാൻ പാർട്ടി നിർദേശിച്ചതിന്റെ ഭാഗമായാണ് പി.ജയരാജനെ കണ്ണൂർ ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കിയത്. തെരഞ്ഞെടുപ്പിൽ തോറ്റെങ്കിലും പി.ജെയ്ക്ക് ജില്ലാ സെക്രട്ടറി കസേരയിൽ തിരിച്ചെത്താനായില്ല. സെക്രട്ടറിയുടെ താൽക്കാലിക ചുമതല വഹിച്ചിരുന്ന എം.വി ജയരാജനെ ഇക്കഴിഞ്ഞ ജില്ലാ സമ്മേളനത്തിലും അതേ കസേരയിലുറപ്പിക്കുകയും ചെയ്തു. വ്യക്തിപൂജാ വിവാദത്തിന്റെ പേരിലാണ് പി.ജയരാജൻ പാർട്ടിക്ക്, വിശിഷ്യാ പിണറായി വിജയന് അനഭിമതനാകുന്നത്. കണ്ണൂരിൽ പാർട്ടിക്കു മുകളിൽ ജയരാജൻ വളരുന്നുവെന്നതായിരുന്നു പ്രധാന വിമർശം. ഇടക്കാലത്ത് മുഖ്യമന്ത്രി അടക്കമുള്ള പ്രബലപക്ഷം പി.ജയരാജനോട് മൃദുസമീപനം സ്വീകരിച്ചുവെന്ന തോന്നൽ അണികൾക്കിടയിലുണ്ടായിരുന്നു. ഖാദി ബോർഡ് വൈസ് ചെയർമാൻ പദവി അത്തരത്തിൽ മഞ്ഞുരുക്കത്തിന്റെ ലക്ഷണമായി പലരും കരുതി. അതുകൊണ്ടുതന്നെ ഇത്തവണയെങ്കിലും സംസ്ഥാന സെക്രട്ടേറിയറ്റിൽ പി.ജയരാജൻ എത്തുമെന്ന് അണികളിൽ പലരും പ്രതീക്ഷിച്ചു.
മയ്യിലിലെ പുറച്ചേരി ഗ്രാമീണവായനശാല അവതരിപ്പിച്ച പാട്ടിൽ പി. കൃഷ്ണപ്പിള്ള അടക്കമുള്ള നേതാക്കളോട് പി.ജയരാജനെ താരതമ്യപ്പെടുത്തിയതാണ് സി.പി.എം ജില്ലാ സെക്രട്ടറി സ്ഥാനത്തു നിന്നു പി.ജയരാജൻ തെറിക്കാനിടയായ കാരണങ്ങളിലൊന്ന്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."