യു.പിയിൽ അവസാനഘട്ടത്തിൽ ശ്രദ്ധാകേന്ദ്രം വാരണസി ; പ്രചാരണം നയിച്ച് മോദിയും മമതയും
ലഖ്‌നൗ
ഏഴാം ഘട്ട തെരഞ്ഞെടുപ്പിന് ഒരുങ്ങുന്ന ഉത്തർപ്രദേശിൽ രാഷ്ട്രീയ പാർട്ടികൾ അന്തിമ പ്രചാരണത്തിൽ. സംസ്ഥാനത്ത് ബി.ജെ.പിയുടെ ഭരണത്തുടർച്ച എളുപ്പമല്ലെന്ന ബി.ജെ.പി ആഭ്യന്തര സർവേയുടെ പശ്ചാത്തലത്തിൽ വാരണസി കേന്ദ്രീകരിച്ച് എല്ലാ പാർട്ടികളും പ്രചാരം കൊഴുപ്പിക്കുകയാണ്.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മണ്ഡലത്തിലെ ജയപരാജയത്തിന് രാഷ്ട്രീയ പ്രാധ്യാന്യം ഉള്ളതിനാൽ ഇവിടെ ബി.ജെ.പിക്ക് വേണ്ടി മോദി റോഡ് ഷോ നടത്തി. അവസാനഘട്ടത്തിലാണ് വാരണസിയിൽ വോട്ടെടുപ്പ് നടക്കുന്നത്. പ്രചാരണത്തിന്റെ കൊട്ടിക്കലാശത്തിന്റെ ഭാഗമായി ഇന്നലെയും ഇന്നുമാണ് മോദി മണ്ഡലത്തിൽ ക്യാംപ് ചെയ്ത് പ്രചാരണം നയിക്കുന്നത്. വാരാണസിയിലും എട്ട് സമീപ ജില്ലകളിലും അവസാനഘട്ടമായ മാർച്ച് ഏഴിനാണ് വോട്ടെടുപ്പ്. ഇന്നും പ്രധാനമന്ത്രി വിവിധ കേന്ദ്രങ്ങളിൽ റോഡ് ഷോ നടത്തുമെന്ന് ബി.ജെ.പി യൂനിറ്റ് പ്രസിഡന്റ് വിദ്യാസാഗർ റായ് പറഞ്ഞു.
പ്രതിപക്ഷത്തിന്റെ മുതിർന്ന നേതാക്കളും വാരാണസിയിൽ ക്യാംപ് ചെയ്ത് പ്രചാരണം നയിക്കുന്നുണ്ട്. തൃണമൂൽ കോൺഗ്രസ് നേതാവ് മമതാ ബാനർജി ക്ഷേത്രദർശനം നടത്തി പ്രചാരണത്തിന് തുടക്കം കുറിച്ചു. എസ്.പി നേതാവ് അഖിലേഷ് യാദവ്, ആർ.എൽ.ഡി നേതാവ് ജയന്ത് ചൗധരി, എസ്.പി സഖ്യത്തിലെ മറ്റ് ഘടകകക്ഷി നേതാക്കളെല്ലാം വാരണസിയിലുണ്ട്. ബംഗാളിൽ കഴിഞ്ഞ ദിവസം തദ്ദേശ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് കനത്ത തിരിച്ചടി നൽകിയാണ് മമത പ്രധാനമന്ത്രിയുടെ മണ്ഡലത്തിൽ പ്രചാരണം നടത്തുന്നത്. വാരണസിയുടെ സമീപ പ്രദേശങ്ങളിൽ കോൺഗ്രസ് പ്രചാരണത്തിന് ചുക്കാൻ പിടിക്കുന്ന എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും പ്രചാരണ രംഗത്ത് സജീവമാണ്. ബി.എസ്.പി നേതാവ് മായാവതിയും ഈ മേഖലയിൽ പ്രചാരണം നടത്തുന്നുണ്ട്. ഉത്തർപ്രദേശിൽ അവസാനത്തെയും ഏഴാമത്തെയും ഘട്ട തെരഞ്ഞെടുപ്പിൽ 54 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. 2017 ൽ ബി.ജെ.പി സഖ്യം വാരണസിയിലെ എട്ട് അസംബ്ലി സീറ്റുകൾ നേടിയിരുന്നു. ബി.ജെ.പി ആറും അപ്‌നാദൾ (എസ്) ഒന്നും എസ്.ബി.എസ്.പി ഒന്നുമാണ് നേടിയത്. ഇതിൽ എസ്.ബി.എസ്.പി ഇപ്പോൾ എസ്.പി സഖ്യത്തിലാണുള്ളത്. ജാതി സമവാക്യവും സാമൂദായിക ഘടകങ്ങളും ഏറെ സ്വാധീനിക്കുന്ന വാരണസിയിൽ ഇത്തവണ കടുത്ത പോരാട്ടമാണ് ബി.ജെ.പി നേരിടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."