മുല്ലപ്പെരിയാർ ; മരം മുറിക്കാൻ അനുമതി തേടി കേരളത്തിന് തമിഴ്‌നാടിന്റെ കത്ത്
തൊടുപുഴ
മുല്ലപ്പെരിയാർ ബേബി ഡാമിന് സമീപത്തെ 15 മരങ്ങൾ മുറിക്കാൻ അനുമതി തേടി തമിഴ്‌നാട് ജലവിഭവ മന്ത്രി ദുരൈ മുരുകൻ കേരളത്തിന് കത്ത് നൽകി. മരം മുറിച്ച് മാറ്റി അറ്റകുറ്റപണികൾ നടത്താൻ അനുമതി തേടിയാണ് കേരള ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന് കത്തയച്ചത്.
കത്തിലെ പ്രധാന ഉള്ളടക്കം ഇതാണ്- മുല്ലപ്പെരിയാർ ഡാമിന്റെ അറ്റകുറ്റപ്പണിക്ക് ആവശ്യമായ സാധനങ്ങൾ എത്തിക്കുന്നതിന് കേരള വനം -ജലവിഭവ വകുപ്പുകൾ തടസം നിൽക്കുകയാണ്. കേന്ദ്ര ജലകമ്മിഷനും സുപ്രിംകോടതിയും നിർദേശിച്ച അറ്റകുറ്റപണികൾ നടത്താനാണ് മരം മുറിക്കാൻ ശ്രമം നടത്തുന്നതെന്നും മരം മുറിച്ച് നീക്കിയതിന് ശേഷം സുപ്രിംകോടതി ഉത്തരവ് പ്രകാരമുള്ള അവശേഷിക്കുന്ന ബലപ്പെടുത്തൽ ജോലികൾ നടത്തുമെന്നും തമിഴ്‌നാട് പറയുന്നു.
2021 നവംബർ 11ന് മരം മുറിക്കാൻ കേരള സർക്കാർ അനുമതി നൽകുകയും ഇത് പിന്നീട് റദ്ദാക്കുകയും ചെയ്തിരുന്നു. ഇതേത്തുടർന്ന് വൈൽഡ് ലൈഫ് വാർഡൻ ബെന്നിച്ചൻ പി. തോമസിനെ സസ്‌പെന്റ് ചെയ്ത സംഭവം ഏറെ വിവാദമായിരുന്നു. ബേബി ഡാമും എർത്ത് ഡാമും ബലപ്പെടുത്തിയാൽ അണക്കെട്ടിലെ ജലനിരപ്പ് 152 അടിയിലേക്ക് തമിഴ്‌നാടിന് ഉയർത്താനാകും. ഈ നീക്കത്തിന്റെ ഭാഗമായി ഏറെക്കാലമായി മരം മുറിക്കാൻ അനുമതി തേടി വരികയാണ്. പാട്ടഭൂമി ബഫർ സോണിലായതിനാൽ മരം മുറിക്കാൻ അനുമതി നൽകേണ്ടത് കേന്ദ്ര വനം വന്യജീവി വകുപ്പാണ്. എന്നാൽ ഇതിന് കേരളത്തിന്റെ നിരാക്ഷേപ പത്രം വേണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."