കേന്ദ്ര സർവകലാശാലാ വട്ടമേശ സമ്മേളനം സമാപിച്ചു ഭാരതീയ വിജ്ഞാന സമ്പ്രദായത്തി ന് ഊന്നൽ നൽകി വിദ്യാഭ്യാസ മാതൃക പുനർനിർമിക്കണം: സുഭാസ് സർക്കാർ
പെരിയ (കാസർകോട്)
ഭാരതീയ വിജ്ഞാന സമ്പ്രദായത്തിന് ഊന്നൽ നൽകി വിദ്യാഭ്യാസ മാതൃക പുനർനിർമിക്കേണ്ടതുണ്ടെന്ന് കേന്ദ്ര വിദ്യാഭ്യാസ സഹമന്ത്രി സുഭാസ് സർക്കാർ. ഇന്ത്യയുടെ സമ്പന്നമായ പൈതൃകത്തെക്കുറിച്ച് രാജ്യത്തെ വിദ്യാർഥികൾക്ക് പകർന്നുകൊടുക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ദേശീയ വിദ്യാഭ്യാസ നയം (എൻ.ഇ.പി) സംബന്ധിച്ച് ശിക്ഷാ സംസ്‌കൃതി ഉത്ഥാൻ ന്യാസിന്റെ സഹകരണത്തോടെ കേരള കേന്ദ്രസർവകലാശാലയിൽ സംഘടിപ്പിച്ച വൈസ് ചാൻസലർമാരുടെ വട്ടമേശ സമ്മേളനം ഓൺലൈൻ വഴി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
രാജ്യത്തിന്റെ സുസ്ഥിര വികസനത്തിനായി 2030ലെ ലക്ഷ്യത്തിന്റെ ചവിട്ടുപടിയാണ് ദേശീയ വിദ്യാഭ്യാസ നയമെന്നും മന്ത്രി വ്യക്തമാക്കി.
കേരള കേന്ദ്ര സർവകലാശാലയുടെ പെരിയ കാംപസിൽ പ്രവർത്തിക്കുന്ന ആരോഗ്യ കേന്ദ്രത്തിന്റെ പുതിയ കെട്ടിടോദ്ഘാടനവും മന്ത്രി നിർവഹിച്ചു.
കേരള കേന്ദ്ര സർവകലാശാല വൈസ് ചാൻസലർ എച്ച്. വെങ്കടേശ്വർലു അധ്യക്ഷനായി. ശിക്ഷാ സംസ്‌കൃതി ഉത്ഥാൻ ന്യാസ് ദേശീയ സെക്രട്ടറി ഡോ. അതുൽ കോത്താരി മുഖ്യപ്രഭാഷണം നടത്തി.
ഡീൻ അക്കാദമിക് പ്രൊഫസർ അമൃത് ജി. കുമാർ, രജിസ്ട്രാർ എൻ. സന്തോഷ് കുമാർ സംസാരിച്ചു.
രണ്ടു ദിവസങ്ങളിലായി നടന്നുവന്നിരുന്ന വട്ടമേശ സമ്മേളനം സമാപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."