വിദ്യാർഥികളെ റഷ്യ വഴി എത്തിക്കും: വിദേശകാര്യ മന്ത്രാലയം
റഷ്യയിലെത്തിക്കാൻ ബസുകൾ സജ്ജമാക്കി
ന്യൂഡൽഹി
ഉക്രൈന്റെ കിഴക്കൻ നഗരങ്ങളിലുള്ള ഇന്ത്യൻ വിദ്യാർഥികളെ റഷ്യവഴി ഇന്ത്യയിലെത്തിക്കുന്നതിന് ബസുകൾ സജ്ജമാക്കിയതായി വിദേശകാര്യമന്ത്രാലയം. റഷ്യയുടെ കനത്ത ആക്രമണം നടക്കുന്ന ഖാർകീവ്, പെസോചിൻ, സുമി എന്നീ നഗരങ്ങളിലുള്ള ഇന്ത്യക്കാരെയാണ് ബസിൽ കയറ്റി റഷ്യയുടെ ബെൽഗർത്ത് മേഖലയിലെ നഗരങ്ങളിലേക്ക് മാറ്റുക.
ഇവിടെ നിന്ന് മോസ്‌കോയിലെത്തിക്കുന്ന ഇന്ത്യക്കാരെ വ്യോമസേനാ വിമാനത്തിൽ നാട്ടിലെത്തിക്കും. ഇതിനായി റഷ്യയിലേക്ക് പറക്കാൻ വ്യോമസേന രണ്ട് ഐ.എൽ 76 വിമാനങ്ങൾ സജ്ജമാക്കിയതായി വിദേശകാര്യമന്ത്രാലയം വൃത്തങ്ങൾ അറിയിച്ചു.
ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിന് അഞ്ച് ബസുകൾ ഇതിനകം പ്രവർത്തനസജ്ജമാണെന്നും കൂടുതൽ ബസുകൾ ഉടൻ എത്തിക്കുമെന്നും വിദേശകാര്യമന്ത്രാലയം വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു.
900-1000ത്തിനും ഇടയിൽ ഇന്ത്യക്കാർ പെസോച്ചിനിൽ കുടുങ്ങിക്കിടക്കുന്നുണ്ട്.
സുമിയിൽ 700ലധികം പേരുണ്ട്. മൂന്നൂറോളം പേർ ഖാർകീവിലും കുടുങ്ങികിടക്കുന്നുണ്ടെന്നും ബാഗ്ചി വ്യക്തമാക്കി. ഇതുവരെ 20,000 ഇന്ത്യക്കാർ ഉക്രൈൻ വിട്ടതായും ബാഗ്ചി അറിയിച്ചു.
അടുത്ത 24 മണിക്കൂറിനിടെ 16 വിമാനങ്ങൾ കൂടി ഷെഡ്യൂൾ ചെയ്തിട്ടുണ്ട്. കീവിൽ വെടിയേറ്റ ഹർജോത് സിങ്ങിന്റെ ചികിത്സാ ചെലവുകൾ കേന്ദ്രസർക്കാർ വഹിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."