'ഈ മുന്നേറ്റം തടയാന്‍ ബി.ജെ.പിക്കാവില്ല'
സംയുക്ത കിസാന്‍ സഭയുടെ (എസ്.കെ.എസ്) പ്രധാനനേതാക്കളില്‍ ഭൂരിഭാഗവും നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളില്‍ ബി.ജെ.പി വിരുദ്ധ പ്രചാരണത്തിലാണ്. എസ്.കെ.എസ് നേതാക്കളെ സമീപിച്ചപ്പോഴാണ് സംഘാടകരിലൊരാളും ഓള്‍ ഇന്ത്യ കിസാന്‍ സഭ (എ.ഐ.കെ.എസ്) സെക്രട്ടറിയുമായ കൃഷ്ണപ്രസാദിനെ ലഭിച്ചത്. രാവിലെ മുതല്‍ ബന്ധപ്പെട്ടെങ്കിലും രാത്രിയോടെയാണ് അഭിമുഖത്തിനെത്തിയത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിലായതിനാലുള്ള തിരക്ക് കാരണമാണ് വൈകിയതെന്ന് ആമുഖമായി പറഞ്ഞ് സമരക്കാരെ ലക്ഷ്യംവച്ചുള്ള ഖലിസ്ഥാന്‍ ആരോപണങ്ങള്‍, പിന്തുണയ്ക്കുന്നവരെ കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ചുള്ള വേട്ടയാടല്‍, പ്രക്ഷോഭത്തിന്റെ അടുത്തഘട്ടം എന്നിവയെക്കുറിച്ച് കൃഷ്ണപ്രസാദ് സംസാരിച്ച് തുടങ്ങി.
ഖലിസ്ഥാന്‍, മാവോയിസ്റ്റ് ബന്ധങ്ങള്‍
ഏതൊരുസമരവും മുന്നേറ്റവും തകര്‍ക്കാന്‍ അവയുടെ വിശ്വാസ്യത ഇല്ലാതാക്കിയാല്‍ മതിയെന്ന് ബി.ജെ.പിക്കും ആര്‍.എസ്.എസിനും നല്ലപോലെ അറിയാം. അതിനാല്‍ തുടക്കത്തില്‍ തന്നെ സമരത്തിന് പിന്നില്‍ മാവോയിസ്റ്റുകളും ഖലിസ്ഥാനികളുമാണെന്ന് പ്രചരിപ്പിക്കാന്‍ തുടങ്ങി. കേന്ദ്രമന്ത്രി പിയൂഷ് ഗോയല്‍ മുതല്‍ ബി.ജെ.പി എം.പിമാരും എം.എല്‍.എമാരും താഴേക്കിടയിലെ പ്രവര്‍ത്തകര്‍ സാമൂഹികമാധ്യമങ്ങളില്‍ ഉള്‍പ്പെടെ ഇത്തരം ആരോപണങ്ങളുന്നയിച്ചു. സര്‍ക്കാര്‍വിരുദ്ധ സമരക്കാരെ മുന്‍പും നീചമായ ആരോപണങ്ങള്‍ ഉന്നയിച്ച് ബി.ജെ.പി തളര്‍ത്തിയിട്ടുണ്ട്. സമരക്കാര്‍ക്ക് പിന്നില്‍ ഖലിസ്ഥാനികളാണെന്ന ആരോപണം കൂടുതല്‍ ബി.ജെ.പി നേതാക്കള്‍ ഉന്നയിച്ചതോടെ അങ്ങനെ അഭിപ്രായമില്ലെന്ന് പറയാന്‍ മുതിര്‍ന്ന കേന്ദ്രമന്ത്രിയായ രാജ്‌നാഥ് സിങ് നിര്‍ബന്ധിതനാവുകയായിരുന്നു. സമരങ്ങളെ തകര്‍ക്കാനും വിശ്വാസ്യത ഇല്ലാതാക്കാനുമായി ഇത്തരം നീചമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നത് നാനാത്വത്തില്‍ ഏകത്വമെന്ന ഇന്ത്യയുടെ അടിസ്ഥാന നയങ്ങള്‍ക്ക് വിരുദ്ധമാണ്.
ബി.ജെ.പിയെ കാത്തിരിക്കുന്നത്
വലിയ തകര്‍ച്ച
തൊഴിലില്ലായ്മ, കാര്‍ഷികരംഗത്തുണ്ടായ തകര്‍ച്ച, വ്യവസായ മേഖലയിലുണ്ടായ മാന്ദ്യം ഇക്കാരണങ്ങള്‍കൊണ്ടെല്ലാം ഗ്രാമങ്ങളിലെ കര്‍ഷകര്‍ ഭൂമിയും കന്നുകാലികളും നഷ്ടമായി കുടിയേറ്റക്കാരാവേണ്ട സാഹചര്യമുണ്ടായി. ഈ പ്രതിസന്ധികള്‍ക്കിടെയാണ് ഉല്‍പന്നങ്ങള്‍ക്ക് മിനിമം താങ്ങുവില നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് ബി.ജെ.പി തെരഞ്ഞെടുപ്പിനെ നേരിടുകയും വിജയിക്കുകയും ചെയ്തത്. അതിനാല്‍ തങ്ങളുടെ വാഗ്ദാനം നടപ്പാക്കാന്‍ അവര്‍ക്ക് ഉത്തരവാദിത്വമുണ്ട്. സര്‍ക്കാര്‍ വാഗ്ദാനംചെയ്ത മിനിമം താങ്ങുവില(എം.എസ്.പി)യാണ് ഞങ്ങള്‍ ചോദിക്കുന്നത്. ആ ആവശ്യം അംഗീകരിക്കുന്നതിന് പകരം സമരക്കാരെ മോശക്കാരും വര്‍ഗീയവാദികളും തീവ്രവാദികളുമാക്കാനാണ് ബി.ജെ.പിയും ആര്‍.എസ്.എസും ശ്രമിക്കുന്നത്. യഥാര്‍ഥത്തില്‍ തെറ്റായ ആരോപണങ്ങളുന്നയിച്ച് രാജ്യത്തിന്റെ ഐക്യം തകര്‍ക്കുന്നവരാണ് രാജ്യദ്രോഹികള്‍.
ഈ വൃത്തികെട്ട രീതിക്ക് ജനങ്ങള്‍ മറുപടി നല്‍കിയതുകൊണ്ടാണ് പഞ്ചാബിലെ പ്രാദേശിക തെരഞ്ഞെടുപ്പില്‍ ബി.ജെ.പി തകര്‍ന്നടിഞ്ഞത്. 2500 ഓളം സീറ്റുകളില്‍ 50ല്‍ താഴെ മാത്രമേ ബി.ജെ.പിക്ക് വിജയിക്കാന്‍ കഴിഞ്ഞുള്ളൂ. പാര്‍ട്ടി കുത്തകയാക്കിവച്ചിരുന്ന പത്താന്‍കോട്ട് പോലുള്ള പ്രദേശങ്ങളെല്ലാം അവര്‍ക്ക് നഷ്ടമായി. ഹരിയാനയിലും ഡല്‍ഹിയിലും ബി.ജെ.പിക്ക് ഈയടുത്ത് തിരിച്ചടി നേരിട്ടു. ഗുജറാത്തിലും തെരഞ്ഞെടുപ്പ് നടന്നെങ്കിലും കാര്യമായ തിരിച്ചടി നേരിട്ടില്ല. അതിന് പ്രാദേശികമായുള്ള പലഘടകങ്ങളുമുണ്ട്. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിലും അവര്‍ വലിയ പരാജയം ഏറ്റുവാങ്ങും.
പാളിയ കുതന്ത്രങ്ങള്‍
2014ല്‍ നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ ബി.ജെ.പി അധികാരത്തിലേറിയത് ബഹുഭൂരിഭാഗം ഇന്ത്യക്കാര്‍ക്കും ബി.ജെ.പിയുടെ നയത്തോട് യോജിപ്പുള്ളതുകൊണ്ടല്ല. മറിച്ച്, കോണ്‍ഗ്രസിന്റെ നടപടിയോടുള്ള അതൃപ്തിയായിരുന്നു. ഇന്ത്യയിലെ മൂന്നിലൊന്ന് ജനങ്ങളുടെ പിന്തുണയേ അവര്‍ക്കുള്ളൂ. ബാക്കിയെല്ലാവരും ബി.ജെ.പി വിരുദ്ധരാണ്. ജനങ്ങളെ വര്‍ഗീയമായി തിരിച്ചാണ് ബി.ജെ.പി കാര്യം സാധിച്ചിരുന്നത്. എന്നാല്‍, കര്‍ഷകസമരത്തില്‍ അത് ഫലംകണ്ടില്ല. ജനങ്ങളെ മതാടിസ്ഥാനത്തില്‍ വിഭജിച്ച് വിജയം കൈവരിക്കാമെന്ന അവരുടെ അജന്‍ഡ ആദ്യമായി പൊളിഞ്ഞത് കര്‍ഷകസമരത്തിന്റെ കാര്യത്തിലാണ്. പരമാവധി കര്‍ഷകസമരത്തെ പൊളിക്കാന്‍ ശ്രമിച്ചെങ്കിലും ഒന്നും വിജയിച്ചില്ല.
കാരണം, കര്‍ഷകര്‍ ഏതെങ്കിലും ജാതി, മത വിഷയങ്ങളില്‍ അല്ല യോജിച്ചത്. വര്‍ഗപരമായ സംഘടനമായിരുന്നു കര്‍ഷകരുടേത്. കര്‍ഷകര്‍ ഒറ്റവര്‍ഗമാണ്. ബി.ജെ.പിയുടെ വര്‍ഗീയ ആരോപണങ്ങള്‍ക്ക് കര്‍ഷകരുടെ ഈ ഐക്യംതന്നെയാണ് മറുപടി. സമരത്തിന് സമൂഹത്തിലെ എല്ലാവിഭാഗം ആളുകളുടെയും പിന്തുണയുണ്ട്. ആര്‍.എസ്.എസിന്റെ തൊഴിലാളി സംഘടനയായ ഭാരതീയ മസ്ദൂര്‍ സംഘിനും അവരുടെ കര്‍ഷകരുടെ സംഘടനയായ ഭാരതീയ കിസാന്‍ സംഘിനും കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങളില്‍ വിയോജിപ്പുണ്ട്. രാഷ്ട്രീയപരമായ കാരണങ്ങളാല്‍ സമരത്തെ പിന്തുണച്ചില്ലെങ്കിലും ഞങ്ങള്‍ ഉന്നയിക്കുന്ന ആശയങ്ങളോട് അവര്‍ക്ക് യോജിപ്പുണ്ട്. ചുരുക്കത്തില്‍ നിയമത്തിന്റെ കാര്യത്തില്‍ ബി.ജെ.പി നേതാക്കള്‍ ഒറ്റപ്പെട്ടു. നിയമം നടപ്പാക്കാനുള്ള നീക്കത്തിന്റെ പേരില്‍ പഞ്ചാബിലെയും ഹരിയാനയിലെയും ഉള്‍പ്പെടെ അവരുടെ പ്രധാനസഖ്യകക്ഷികളെയും നഷ്ടമായി. ധാര്‍ഷ്ട്യം വെടിഞ്ഞ് തെറ്റുതിരുത്തുകയാണ് നല്ലത്. അല്ലെങ്കില്‍ കൂടുതല്‍ തിരിച്ചടികളും നഷ്ടങ്ങളും ബി.ജെ.പിക്കുണ്ടാവും.
പിന്തുണയ്ക്കുന്നവരെ വേട്ടയാടുന്നു
കര്‍ഷക പ്രക്ഷോഭകരെ മാത്രമല്ല, പിന്തുണ നല്‍കുന്ന രാഷ്ട്രീയ, സാമൂഹിക, മനുഷ്യാവകാശ, പരിസ്ഥിതി, ചലച്ചിത്രപ്രവര്‍ത്തരെയും വേട്ടയാടുകയാണ്. കര്‍ഷകസമരത്തിന് രാജ്യാന്തരതലത്തില്‍ വരെ പിന്തുണ ലഭിക്കുകയുണ്ടായി. സ്വീഡിഷ് പരിസ്ഥിതിപ്രവര്‍ത്തക ഗ്രേറ്റ തന്‍ബര്‍ഗും യു.എസ് വൈസ് പ്രസിഡന്റ് കമലാഹാരിസിന്റെ അനന്തരവളും മറ്റു വിവിധ മുഖ്യധാരാ എന്‍.ജി.ഒകളും സമരത്തിന് പിന്തുണ പ്രഖ്യാപിച്ചത് സര്‍ക്കാരിന് വലിയ ആഘാതമാണ്. അതിനാല്‍ ഇന്ത്യയില്‍ സമരത്തെ അനുകൂലിച്ചവരെ കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് വേട്ടയാടുകയാണ് ബി.ജെ.പി ചെയ്യുന്നത്. പിന്തുണ പ്രഖ്യാപിച്ച ശശി തരൂര്‍, സീതാറാം യെച്ചൂരി തുടങ്ങിയ രാഷ്ട്രീയ നേതാക്കളെയും തപ്‌സി പന്നു, അനുരാഗ് കശ്യാപ് തുടങ്ങിയ ചലച്ചിത്രപ്രവര്‍ത്തകരെയും സര്‍ക്കാര്‍ ലക്ഷ്യംവയ്ക്കുകയാണ്. ഗ്രേറ്റ ട്വിറ്ററില്‍ പങ്കുവച്ച ടൂള്‍ക്കിറ്റ് എഡിറ്റു ചെയ്തതിന്റെ പേരിലാണ് ദിശ രവിയെ അറസ്റ്റു ചെയ്തത്. അതാവട്ടെ തീര്‍ത്തും നിയമവിരുദ്ധമായ നടപടിക്രമങ്ങളിലൂടെയും.
ട്രാന്‍സിറ്റ് റിമാന്‍ഡ് ഇല്ലാതെയാണ് ഡല്‍ഹി പൊലിസ് ബംഗളൂരുവില്‍നിന്ന് അവരെ കൊണ്ടുപോയത്. അഭിഭാഷകരുടെ സഹായം ലഭ്യമാക്കാതെ പൊലിസ് കസ്റ്റഡിയില്‍ അവര്‍ ചോദിച്ചുവാങ്ങുകയും ചെയ്തു. പൊലിസ് യൂനിഫോമില്‍ ഒരു വിദ്യാര്‍ഥിയെ തട്ടിക്കൊണ്ടുപോയി എന്നാണ് ഇതേക്കുറിച്ച് ചില അഭിഭാഷകര്‍ പറഞ്ഞത്.
എല്ലാത്തിനും മറുപടി പറയേണ്ടിവരും
ദിശ രവിയുടെ അറസ്റ്റുമായി ബന്ധപ്പെട്ട് ഇന്ത്യയിലെ കോടതി, പൊലിസ് നിയമങ്ങള്‍ ലംഘിച്ച് ഭരണഘടനാപരമായ അടിസ്ഥാനങ്ങള്‍ മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കാന്‍ ആരാണ് ഈ ഉദ്യോഗസ്ഥര്‍ക്ക് അധികാരം നല്‍കിയത്. കൊലപാതകക്കേസുകളില്‍ പ്രതിയായി ജയിലില്‍ കിടന്നയാള്‍ ആദ്യമായിട്ടാണ് ഇന്ത്യയുടെ ആഭ്യന്തരമന്ത്രിയാവുന്നത്. അദ്ദേഹത്തിന്റെ കീഴിലുള്ള പൊലിസ് നിയമവിരുദ്ധ നടപടികളാണ് ചെയ്യുന്നത്. അവര്‍ ഇന്നല്ലെങ്കില്‍ നാളെ മറുപടി പറയേണ്ടിവരും. ഓരോ ഉദ്യോഗസ്ഥരും മറുപടി പറയേണ്ടിവരും. കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് സമരക്കാരുടെയും അതിനെ അനുകൂലിക്കന്നവരുടെയും അവകാശങ്ങളെ ലംഘിക്കുകയാണ്. ഈ സമരം വെറുമൊരു കര്‍ഷകസമരം മാത്രമല്ല, ഒരു രാഷ്ട്രീയസമരം കൂടിയാണ്. ബിജെ.പി വാഗ്ദാനം ചെയ്ത മിനിമം താങ്ങുവില പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ടുള്ള രാഷ്ട്രീയസമരം. അതിനാല്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ ഒരുപ്രക്ഷോഭംകൂടിയാണ്. ഈ സമരം വിജയംകാണും, തീര്‍ച്ച.
സമരത്തിനുശേഷം കര്‍ഷകരുടെയും തൊഴിലാളികളുടെയും താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്ന പുതിയൊരു രാഷ്ട്രീയതലമുറ ഇവിടെ ഉയര്‍ന്നുവരും. അതിന് ഇന്ത്യന്‍ മണ്ണ് അനുകൂലമായിവരികയാണ്. ആ സംഘം ഒരുകാലത്ത് ഇവിടെ അധികാരത്തില്‍വരും. ഇന്ദിരാ ഗാന്ധി സര്‍വാധികാരിയായി വാണ കാലമുണ്ടായിരുന്നു ഇന്ത്യയില്‍. ഇന്ദിരാ ഗാന്ധിയോട് കിടപിടിക്കുന്ന നേതാവില്ലെന്നും ഇന്ദിര അല്ലെങ്കില്‍ പിന്നെയാര് എന്ന ചോദ്യവും അന്നുയര്‍ന്നിരുന്നു. എന്നാല്‍, ഇന്ത്യയിലെ ജനങ്ങള്‍, പ്രത്യേകിച്ചും കര്‍ഷക തൊഴിലാളികള്‍ ഇന്ദിരയെ പരാജയപ്പെടുത്തി. ഇന്ദിരക്കുശേഷം പുതിയ പ്രധാനമന്ത്രിയും പുതിയ നേതാക്കളും വന്നു. ഇന്ത്യയുടെ ആ ചരിത്രം ബി.ജെ.പി മറക്കുകയാണ്.
അതിനാല്‍ ഇപ്പോള്‍ നിയമവിരുദ്ധമായി പ്രവര്‍ത്തിച്ച എല്ലാ ഉദ്യോഗസ്ഥരും കണക്ക് പറയേണ്ടിവരും. ചെയ്ത ഓരോ തെറ്റിനും ശിക്ഷ ഏറ്റുവാങ്ങേണ്ടിവരും, നിയമപരമായി തന്നെ. എല്ലാ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും ഉദ്യോഗസ്ഥര്‍ ശിക്ഷിക്കപ്പെടും. നിയമത്തിന്റെ മറവില്‍ ദിശ രവിയെ തട്ടിക്കൊണ്ടുപോയവര്‍ ശിക്ഷിക്കപ്പെടും. ആക്ടിവിസ്റ്റുകളായ ശിവ്കുമാറിനെ കസ്റ്റഡിയിലെടുത്ത് അതിക്രൂരമായി മര്‍ദിച്ചവരും നവ്ദീപ് കൗറിനെ ജയിലിലടച്ചവരും ശിക്ഷിക്കപ്പെടും.
ഞങ്ങള്‍ക്ക് വേണ്ടാത്ത നിയമം
എന്തിന് അടിച്ചേല്‍പ്പിക്കണം?
ഞങ്ങള്‍ക്ക് വേണ്ടാത്ത നിയമത്തെ, ഇത് നിങ്ങള്‍ക്ക് ഗുണമാണെന്ന് പറഞ്ഞ് സര്‍ക്കാര്‍ അടിച്ചേല്‍പ്പിക്കുകയാണ്. ബി.ജെ.പി തുടക്കത്തില്‍ ധാര്‍ഷ്ട്യത്തോടെയാണ് സമരത്തെ നേരിട്ടത്. പെട്ടെന്ന് അവസാനിച്ചുകൊള്ളും എന്നായിരുന്നു അവര്‍ കരുതിയത്. എന്നാല്‍, അത് സംഭവിച്ചില്ല. വിദേശത്തുനിന്നുവരെ പിന്തുണയുണ്ടായി. ഈ സമരം തുടച്ചുനീക്കാന്‍ കഴിഞ്ഞില്ലെന്നത് ബി.ജെ.പിയുടെയും കേന്ദ്രസര്‍ക്കാരിന്റെയും പരാജയമാണ്. ബി.ജെ.പിക്കെതിരേ രംഗത്തുവരുന്നവര്‍ ജഡ്ജിമാരായാല്‍ പോലും രക്ഷയില്ലാത്ത കാലമാണിത്. എന്നിട്ട് പോലും ഞങ്ങള്‍ പിടിച്ചുനിന്നതാണ് സമരത്തിന്റെ വിജയം.
പഞ്ചാബില്‍ മാത്രമുണ്ടായിരുന്ന സമരം എല്ലാ സംസ്ഥാനങ്ങളും എത്തി. രാജ്യതലസ്ഥാനം സ്തംഭിച്ചു. കര്‍ഷകരുടെ സമരം മറ്റുവര്‍ഗവിഭാഗങ്ങളിലും ആവേശമുണ്ടാക്കി. കര്‍ഷകര്‍ക്ക് പിന്തുണയുമായി തൊഴിലാളിവര്‍ഗവും ഐക്യദാര്‍ഢ്യം അറിയിച്ച് പ്രക്ഷോഭങ്ങള്‍ നടത്തി. രാജ്യത്തെ ചെറുകിട, ഇടത്തരം വ്യാപാരികളും പിന്തുണയുമായി വന്നു. ട്രെയിന്‍ തടയല്‍ സമരം എല്ലാം തൊഴിലാളികള്‍ പങ്കെടുത്താണ് വിജയിപ്പിച്ചത്. ഇന്ത്യയിലെ ഭൂരിഭാഗം ജനതയും കര്‍ഷകരും തൊഴിലാളികളുമാണ്. അവര്‍ ഒന്നിക്കുന്ന രാഷ്ട്രീയസാഹചര്യമാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. ഈ മുന്നേറ്റത്തെ തടയാന്‍ ബി.ജെ.പിക്ക് കഴിയില്ല.
(തയാറാക്കിയത്: യു.എം മുഖ്താര്‍)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."