ഖഷോഗി വധം: സഊദിക്ക് മുന്നില്‍ യു.എസ് കീഴടങ്ങിയോ?
ജോ ബൈഡന്‍ യു.എസ് പ്രസിഡന്റായി അധികാരമേല്‍ക്കുമ്പോള്‍ ലോകം കൗതുകപൂര്‍വം കാത്തിരുന്നതാണ് സഊദിയോടുള്ള അമേരിക്കയുടെ നിലപാട് എന്തായിരിക്കുമെന്ന്. പശ്ചിമേഷ്യയിലെ സാമ്പത്തിക ശക്തിയായ സഊദിയോട് മുന്‍ പ്രസിഡന്റ് ട്രംപ് സ്വീകരിച്ച ഉറ്റ സൗഹൃദം ബൈഡന്‍ പിന്തുടരില്ലെന്ന് ഉറപ്പായിരുന്നു. ഇസ്‌റാഈലും ട്രംപ് കാണിച്ച അടുപ്പം ബൈഡനില്‍ നിന്ന് പ്രതീക്ഷിക്കുന്നില്ല. അവരുമായി നയതന്ത്രബന്ധം സ്ഥാപിച്ച രാജ്യങ്ങളില്‍ സഊദിയില്ലെങ്കിലും പരോക്ഷമായി അടുത്ത ബന്ധമാണുള്ളതെന്നു മാലോകര്‍ക്കെല്ലാം അറിയാം. സഖ്യകക്ഷികളായ യു.എ.ഇയും ബഹ്‌റൈനും നിര്‍ണായക വിഷയങ്ങളില്‍ സഊദിയോട് ആലോചിക്കാതെ തീരുമാനങ്ങള്‍ കൈക്കൊള്ളാറില്ല. എന്നാല്‍ ഫലസ്തീന്‍ വിഷയത്തില്‍ ഇരകള്‍ക്കൊപ്പം നില്‍ക്കുകയെന്ന സല്‍മാന്‍ രാജാവിന്റെ നയം ഇസ്‌റാഈലുമായി പ്രത്യക്ഷബന്ധത്തില്‍ നിന്ന് സഊദിയെ തടഞ്ഞുനിര്‍ത്തുകയാണ്.
യു.എ.ഇയെ അപേക്ഷിച്ച് മനുഷ്യാവകാശങ്ങള്‍ നടപ്പാക്കുന്നതില്‍ സഊദി വളരെ പിന്നിലാണെന്ന ആക്ഷേപം നിലനില്‍ക്കുന്നുണ്ട്. സഊദി മാധ്യമപ്രവര്‍ത്തകനായ ജമാല്‍ ഖഷോഗിയുടെ വധവും വനിതാ ആക്റ്റിവിസ്റ്റുകളെ ജയിലിലടച്ചതും ഇതില്‍പ്പെടും. ഈ പശ്ചാത്തലം മുതലെടുത്താണ് ജോ ബൈഡന്‍ സഊദിയുടെ പോസ്റ്റിലേക്ക് ഗോളടിക്കാന്‍ വന്നത്. തുടര്‍ന്ന് വനിതാവകാശ പ്രവര്‍ത്തകയായ ലുജൈന്‍ ഹഥ്‌ലൂലിനെ സഊദി മോചിപ്പിച്ചു. എന്നാല്‍ ഖഷോഗി വധം കരടായി ശേഷിച്ചു. ഇസ്താംബൂളിലെ സഊദി കോണ്‍സുലേറ്റില്‍വച്ച് 2018ല്‍ കാണാതായ ഖഷോഗിയെ കൊലപ്പെടുത്തിയതില്‍ ബിന്‍ സല്‍മാന് പങ്കുണ്ടെന്നാണ് സി.ഐ.എ റിപ്പോര്‍ട്ടിലുള്ളത്. ട്രംപ് ഭരണകൂടം പുറത്തുവിടാതിരുന്ന ഈ റിപ്പോര്‍ട്ട് ചൂണ്ടി സഊദിയെ നിലയ്ക്കുനിര്‍ത്താമെന്നായിരുന്നു ബൈഡന്റെ കണക്കുകൂട്ടല്‍. അധികാരമേറ്റശേഷം ചൈന, റഷ്യ, ഇന്ത്യ, കാനഡ തുടങ്ങി ലോകനേതാക്കളെ പലരെയും ബൈഡന്‍ ഫോണില്‍ ബന്ധപ്പെട്ടെങ്കിലും സഊദിയിലേക്ക് വിളിയെത്തിയില്ല. അവിടെ കാര്യങ്ങള്‍ നിയന്ത്രിക്കുന്നത് കിരീടാവകാശിയാണെന്ന് അറിയാമെങ്കിലും തനിക്കൊത്ത പദവിയിലുള്ള സല്‍മാന്‍ രാജാവിനെയേ പ്രസിഡന്റ് വിളിക്കൂവെന്ന് വൈറ്റ്ഹൗസ് പ്രഖ്യാപിച്ചു. സല്‍മാന്‍ രാജാവ് സഊദി പ്രധാനമന്ത്രി കൂടിയാണ്. മകന്‍ ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയും. അതിനാല്‍ കിരീടാവകാശിയെ യു.എസ് പ്രസിഡന്റ് വിളിക്കില്ല, ആവശ്യമെങ്കില്‍ വിദേശകാര്യ സെക്രട്ടറി വിളിക്കും എന്നായിരുന്നു ബൈഡന്റെ നിലപാട്. ഇത്തിരി അഹങ്കാരം തോന്നുമെങ്കിലും പ്രോട്ടോകോള്‍ പ്രകാരം ഇത് ശരിയാണ്, മുന്‍ഗാമി ട്രംപ് അത് കാര്യമാക്കിയിരുന്നില്ലെങ്കിലും. ഒടുവില്‍ സഊദി രാജാവിനെ തേടി ബൈഡന്റെ വിളിയെത്തി. ഖഷോഗി വധത്തില്‍ ബിന്‍ സല്‍മാനെതിരേ യു.എസ് നടപടിയെടുക്കുമെന്ന് കരുതിയവര്‍ക്കു തെറ്റി. മലപോലെ വന്നത് എലിപോലെ പോയി. തികച്ചും സൗഹൃദപൂര്‍ണമായിരുന്നു രാജാവുമായുള്ള ബൈഡന്റെ സംഭാഷണം. സഊദിയോടുള്ള യു.എസ് നയം ഉടന്‍ പ്രഖ്യാപിക്കുമെന്ന് ബൈഡന്‍ പറഞ്ഞപ്പോള്‍ വല്ലതും നടക്കുമെന്ന് പ്രതീക്ഷിച്ചവര്‍ക്കും തെറ്റി. സഊദിയുമായുള്ള ബന്ധം കൂടുതല്‍ ശക്തമാക്കുമെന്നും ഉഭയകക്ഷി ബന്ധത്തില്‍ വിള്ളലുണ്ടാക്കാന്‍ യു.എസ് ആഗ്രഹിക്കുന്നില്ലെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
പശ്ചിമേഷ്യയില്‍ യു.എസിന്റെ ജാരസന്തതിയെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഇസ്‌റാഈലിന്റെ സുരക്ഷയാണ് അമേരിക്കയ്ക്ക് പ്രധാനം. അവര്‍ക്ക് ഭീഷണിയുയര്‍ത്തുന്ന ഇറാനെ നിലയ്ക്കു നിര്‍ത്താന്‍ സഊദിയുടെ പിന്തുണ പ്രധാനമാണ്. ഖത്തറും സഊദിയും തമ്മിലെ അകല്‍ച്ച ഇല്ലാതാക്കാന്‍ യു.എസ് മുന്‍കൈയെടുത്തതും ഇറാനെതിരേ ഗള്‍ഫ് രാജ്യങ്ങള്‍ ഒറ്റക്കെട്ടാകണമെന്ന താല്‍പര്യം മൂലമാണ്. മറുവശത്ത് തങ്ങള്‍ക്ക് ഗള്‍ഫ് രാജ്യങ്ങളോട് ശത്രുതയില്ലെന്നും ഇസ്‌റാഈല്‍ മാത്രമേ ശത്രുവായുള്ളൂവെന്നും ഇറാന്‍ വ്യക്തമാക്കിയിട്ടുണ്ട്. ഗള്‍ഫ് രാജ്യങ്ങളുമായി ബന്ധം മെച്ചപ്പെടുത്താന്‍ അവര്‍ സന്നദ്ധത പ്രകടിപ്പിക്കുകയും ചെയ്തു. ഈ സാഹചര്യത്തില്‍ സഊദിയെ പിണക്കാന്‍ യു.എസിന് കഴിയുന്നതെങ്ങനെ? ഖഷോഗി വധത്തില്‍ സി.ഐ.എ റിപ്പോര്‍ട്ടില്‍ കുറ്റക്കാരെന്നു കണ്ടെത്തിയ ചിലര്‍ക്കെതിരേ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തിയെങ്കിലും ബിന്‍ സല്‍മാനെതിരേ അത്തരം നടപടി സ്വീകരിക്കില്ലെന്ന യു.എസ് നിലപാട് വാസ്തവത്തില്‍ അടിയറവു പറയലാണ്. മുഹമ്മദ് ബിന്‍ സല്‍മാന്‍ എന്ന ശക്തനായ കിരീടാവകാശിക്കു മുന്നിലുള്ള അടിയറവ്. ഖഷോഗി വധക്കേസില്‍ സി.ഐ.എ റിപ്പോര്‍ട്ട് തെളിവായി സ്വീകരിക്കില്ലെന്ന തുര്‍ക്കി കോടതി നിലപാടും യു.എസിനുള്ള തിരിച്ചടിയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."