ജയരാജ ത്രയങ്ങളില്ലാതെ നിയമസഭാ തെരഞ്ഞെടുപ്പ്
കണ്ണൂര്‍: സി.പി.എം കണ്ണൂര്‍ ലോബിയിലെ ജയരാജ ത്രയങ്ങള്‍ ഇക്കുറി മത്സരത്തിനില്ല. മട്ടന്നൂരില്‍ രണ്ടു ടേം പൂര്‍ത്തിയാക്കിയ മന്ത്രി ഇ.പി ജയരാജന്, ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചവര്‍ വേണ്ടെന്ന സി.പി.എം തീരുമാനപ്രകാരം മുന്‍ കണ്ണൂര്‍ ജില്ലാസെക്രട്ടറി പി. ജയരാജന്, നിലവിലെ ജില്ലാ സെക്രട്ടറി എം.വി ജയരാജന് എന്നിവരാണ് ഇക്കുറി നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരത്തിനില്ലാത്തത്. സമീപകാല തെരഞ്ഞെടുപ്പുകളില്‍ ഇവരില്‍ ആരെങ്കിലും ഒരാള്‍ മത്സരരംഗത്തുണ്ടായിരുന്നു. എന്നാല്‍, സി.പി.എം നേതൃനിരയിലെ പ്രമുഖരായ പിണറായി വിജയന്, എം.വി ഗോവിന്ദന്, കെ.കെ ശൈലജ എന്നിവരെ ഇക്കുറി കണ്ണൂരില്‍ നിന്നു മത്സരത്തിനിറക്കാനുള്ള പാര്‍ട്ടി ജില്ലാ സെക്രട്ടേറിയറ്റിന്റെ തീരുമാനം സംസ്ഥാനസമിതി അംഗീകരിച്ചു. സംഘടനാരംഗത്തേക്കു മാറുന്ന ഇ.പി ജയരാജന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയാകുമെന്നാണു കരുതപ്പെടുന്നത്. എം.വി ജയരാജന് നിലവില്‍ ജില്ലാസെക്രട്ടറിയാണ്. ഇ.പി ജയരാജന് സംസ്ഥാന സെക്രട്ടറിയായാല്‍ ജയരാജ ത്രയങ്ങളില്‍ രണ്ടുപേര്‍ പാര്‍ട്ടി സംസ്ഥാന, ജില്ലാകമ്മിറ്റികളുടെ അമരത്തുണ്ടാകും.
1987ല്‍ തന്റെ രാഷ്ട്രീയഗുരു എം.വി രാഘവനെതിരേയായിരുന്നു ഇ.പി ജയരാജന്റെ ആദ്യ പോരാട്ടം. അന്നു പരാജയപ്പെട്ട അദ്ദേഹം 1991ല്‍ അഴീക്കോട് നിന്ന് സി.എം.പിയിലെ സി.പി മൂസാന്‍കുട്ടിയെ തോല്‍പിച്ചാണു ആദ്യമായി നിയസഭയിലെത്തിയത്. 2011ലും 2016ലും പാര്‍ട്ടിയുടെ ഉറച്ച കോട്ടയായ മട്ടന്നൂരില്‍ നിന്നാണു തെരഞ്ഞെടുക്കപ്പെട്ടത്. 1996ല്‍ എടക്കാട് നിന്നു നിയമസഭയിലെത്തിയ എം.വി ജയരാജന് 2009ല്‍ കെ. സുധാകരന് രാജിവച്ചതിനെ തുടര്‍ന്നു കണ്ണൂരില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ എ.പി അബ്ദുല്ലക്കുട്ടിയോടു പരാജയപ്പെട്ടു. 2001ല്‍ കൂത്തുപറമ്പില്‍ നിന്നു തെരഞ്ഞെടുക്കപ്പെട്ട പി. ജയരാജനു കോടതി വിധിയെ തുടര്‍ന്ന് എം.എല്‍.എ സ്ഥാനം നഷ്ടമായി. തുടര്‍ന്നു 2005ല്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ ജയിച്ചു. തൊട്ടടുത്തവര്‍ഷം നിയമസഭാ തെരഞ്ഞെടുപ്പിലും വിജയിച്ച് പി. ജയരാജന് വീണ്ടും നിയമസഭയിലെത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."