ദില്‍മൂന്‍ സ്വപ്‌നനഗരമാകും മുന്‍പ്
ബഹ്‌റൈന്‍ അലറുന്ന ഒരു മഹാനഗരമായി മാറുന്നതിന് ഏറെക്കാലം മുന്‍പ്, വിസ്മയിപ്പിക്കുന്ന സ്ഫടികക്കൊട്ടാരങ്ങളും രാത്രികളെ പ്രസന്നമാക്കുന്ന വഴിവിളക്കുകളും അന്നുണ്ടായിരുന്നില്ല. തീരങ്ങളില്‍ വന്നുചേരുന്ന യാനങ്ങളായിരുന്നവത്രെ ബഹ്‌റൈന്‍ നാഗരികതയെ രൂപപ്പെടുത്തിയത്. അറബ് സംസ്‌കൃതിയെ രൂപപ്പെടുത്തിയ നൊമാഡുകളും ഇടയന്‍മാരും കടലുകളാല്‍ ചുറ്റപ്പെട്ട ബഹ്‌റൈന്‍ അന്യമായിരുന്നു. കരകാണാമണല്‍ക്കാടുകളില്ല. ഒട്ടകക്കൂട്ടങ്ങളുമായെത്തുന്ന വഴിയാത്രികരില്ല. എന്നാല്‍ കത്തുന്ന പകലുകളില്‍ തീരത്തണയുന്ന യാനങ്ങളില്‍ അവര്‍ ചരക്കുകളുമായെത്തി. ബി.സി 2300കളില്‍ത്തന്നെ ബഹ്‌റൈനില്‍ അടുക്കും ചിട്ടയുമുള്ള നാഗരികസംസ്‌കാരം രൂപപ്പെട്ടിരുന്നു. പുരാവസ്തു ഗവേഷകര്‍ ദ്വീപിന്റെ പടിഞ്ഞാറന്‍ വശത്തു കണ്ടെത്തിയ ദില്‍മൂന്‍ സംസ്‌കാരത്തിന്റെ ശേഷിപ്പുകള്‍ അടുക്കും ചിട്ടയും, സംഗീതവും താളവുമുള്ള ഒരു ജനതയുടെ ജീവിതത്തെക്കുറിച്ചു പറയുന്നുണ്ട്. ദില്‍മൂന്‍ സംസ്‌കാരത്തിന്റെ കാലത്തു തന്നെ മെസപ്പൊട്ടോമിയയ്ക്കും ഇന്ത്യയ്ക്കും ഇടയിലെ പ്രധാന വാണിജ്യപാതയായിരുന്നുവത്രെ ബഹ്‌റൈന്‍. തുടര്‍ന്നങ്ങോട്ട് ബഹ്‌റൈനെ മുത്ത് വ്യവസായത്തിന്റെ കേന്ദ്രമാക്കി രൂപപ്പെടുത്തിയതില്‍ ഇത് പ്രധാനപങ്കുവഹിച്ചിട്ടുണ്ട്. മധ്യപൗരസ്ത്യദേശം കണ്ടിട്ടില്ലാത്ത സാമ്പത്തിക വളര്‍ച്ചയായിരുന്നു അക്കാലത്ത് ബഹ്‌റൈന്‍ നേടിയത്.
രാജ്യത്തിന്റെ വടക്കന്‍ തീരത്ത് ഖലാത്ത് അല്‍ ബഹ്‌റൈന് ചേര്‍ന്ന് രൂപം നല്‍കിയ നഗരം പക്ഷേ സുരക്ഷിതമായിരുന്നില്ല. വൈകാതെ അത് തകര്‍ക്കപ്പെടുകയും ചെയ്തു. ബി.സി 1800-1600 കളിലാണ് ബഹ്‌റൈന്റെ സമൃദ്ധിയ്ക്ക് ഇടിവു തട്ടിത്തുടങ്ങുന്നത്. ഇന്നത്തെ പാകിസ്താനും അഫ്ഗാനിസ്ഥാനും ഉള്‍ക്കൊള്ളുന്ന ഇന്ത്യയുടെ ഭാഗങ്ങളില്‍ ഇന്തോ - യൂറോപ്യന്‍ ട്രൈബുകള്‍ പോരാട്ടം തുടങ്ങിയ കാലത്തായിരുന്നു ഇത്. സമുദ്രം സുരക്ഷിതപാതയല്ലാതായതോടെ ഇന്ത്യയില്‍ നിന്നുള്ള ചരക്കുകള്‍ നിലച്ചു. ഒമാനില്‍ നിന്നുള്ള ചെമ്പുകളും ഡയറയ്റ്റുകളും മാത്രമാണ് അന്ന് ബഹ്‌റൈനിലെത്തിയത്. സ്വന്തം സ്രോതസ്സുകളെ ആശ്രയിക്കാന്‍ ബഹ്‌റൈന്‍ അതോടെ നിര്‍ബന്ധിതരായി. ബി.സി 600 ഓടെ വീണ്ടും സമ്പന്നമായ ദില്‍മൂന്‍ പുതിയ ബാബിലോണിയന്‍ സാമാജ്യത്തിന്റെ കീഴിലായി. ബാബിലോണിയന്‍മാര്‍ പേര്‍ഷ്യയ്ക്കു മുന്നില്‍ വീണപ്പോള്‍ ബഹ്‌റൈനും പേര്‍ഷ്യയുടെ വരുതിയില്‍ വന്നു. പിന്നെയും 350 വര്‍ഷമെടുത്തു ബഹ്‌റൈന്‍ പേര്‍ഷ്യയില്‍നിന്നു സ്വതന്ത്രമാകാന്‍. 16ാം നുറ്റാണ്ടില്‍ കടല്‍മാര്‍ഗങ്ങള്‍ യൂറോപ്യന്‍മാര്‍ വരുതിയിലാക്കാന്‍ തുടങ്ങിയതായിരുന്നു ബഹ്‌റൈന്റെ ചരിത്രത്തെ മാറ്റിയ മറ്റൊന്ന്. 1507ല്‍ ബഹ്‌റൈനിലെത്തിയ പോര്‍ച്ചുഗീസുകാര്‍ രാജ്യത്തെ അവരുടെ വ്യവസായത്തിന്റെ കേന്ദ്രമാക്കി മാറ്റി. ഇന്ത്യയ്ക്കും ആഫ്രിക്കയ്ക്കും യൂറോപ്പിനും ഇടയിലുള്ള പോര്‍ച്ചുഗീസ് വ്യവസായത്തെ സംരക്ഷിക്കാന്‍ ബഹ്‌റൈനില്‍ സൈനിക കേന്ദ്രവും സ്ഥാപിച്ചു.
1602 ആയതോടെ പോര്‍ച്ചുഗീസ് ഭരണത്തിന്റെ അന്ത്യം കണ്ടു തുടങ്ങി. സ്വത്തുക്കളും രത്‌നങ്ങളും തട്ടിയെടുക്കാന്‍ പോര്‍ച്ചുഗീസ് ഗവര്‍ണര്‍ ബഹ്‌റൈനിലെ സമ്പന്നനായ വ്യാപാരിയെ കൊലപ്പെടുത്തിയതായിരുന്നു ഇതിന്റെ തുടക്കം. ഇതിന് പ്രതികാരമായി വ്യാപാരിയുടെ സഹോദരന്‍ പേര്‍ഷ്യക്കാരുടെ സഹായത്തോടെ പോര്‍ച്ചുഗീസ് കോട്ട പിടിച്ചെടുത്ത് ഗവര്‍ണറെ കൊലപ്പെടുത്തി. പത്തു വര്‍ഷത്തിനുശേഷം അന്ന് പോര്‍ച്ചുഗീസുമായി സഖ്യത്തിലായിരുന്ന സ്പാനിഷുകള്‍ ബഹ്‌റൈന്റെ നിയന്ത്രണം തിരിച്ചുപിടിക്കാന്‍ തീരുമാനിച്ചു. എന്നാല്‍ ബഹ്‌റൈന്‍ പൂര്‍ണമായും വരുതിയിലാകുന്നതിന്റെ ലക്ഷണങ്ങള്‍ കണ്ടു തുടങ്ങിയിരുന്നില്ല. 1645ല്‍ പോര്‍ച്ചുഗീസുകാര്‍ക്ക് ഇന്ത്യയില്‍നിന്നു പലായനം ചെയ്യേണ്ടിവന്നു. ഗള്‍ഫ് തീരങ്ങളായിരുന്നു ലക്ഷ്യം. ഹോര്‍മുസ് കടലിടുക്കിലൂടെ നീങ്ങിയ പോര്‍ച്ചുഗീസ് സംഘം ഗള്‍ഫിലേക്ക് കടക്കും മുന്‍പ് ഒമാനി കടല്‍ക്കൊള്ളക്കാരുടെ ആക്രമണത്തില്‍ നശിച്ചു. 1602 മുതല്‍ ആ നൂറ്റാണ്ട് അവസാനിക്കുന്നത് വരെ ബഹ്‌റൈന്‍ പൂര്‍ണമായും പേര്‍ഷ്യന്‍ ഭരണത്തിന് കീഴിലാകുകയും ചെയ്തു.
ഒമാന്‍ അധിനിവേശമായിരുന്നു ബഹ്‌റൈന്‍ നേരിട്ട അടുത്ത വെല്ലുവിളി. രാജ്യത്തെ പൗരന്‍മാരില്‍ വലിയൊരു സമൂഹത്തെ ഒരിക്കലും തിരിച്ചുവരാന്‍ കഴിയാത്ത വിധം രാജ്യത്തുനിന്ന് പലായനം ചെയ്യാന്‍ നിര്‍ബന്ധിതമാക്കിയ വര്‍ഷമായിരുന്നു അത്. ആഭ്യന്തര പ്രശ്‌നങ്ങളില്‍ കുഴങ്ങിനിന്നിരുന്ന പേര്‍ഷ്യയാവട്ടെ അഫ്ഗാനിസ്ഥാനിലെ പോരാട്ടത്തിനാണ് ഊന്നല്‍ കൊടുത്തത്. ഗള്‍ഫ് മേഖലയിലെ പേര്‍ഷ്യയുടെ പിടി അയഞ്ഞുകൊണ്ടിരുന്ന കാലവുമായിരുന്നു. പേര്‍ഷ്യന്‍ ഭരണം അവസാനിച്ചതോടെ ശൈഖുമാരുടെ ഭരണത്തിന് കീഴിലായി ബഹ്‌റൈന്‍. ഇതിനു തുടക്കമായത് നബന്ദിലെ ശൈഖിലൂടെയാണ്. നബന്ദ് ശൈഖിനെത്തോല്‍പ്പിച്ച് ഹവാലാ അറബിലെ ശൈഖ് അധികാരം പിടിച്ചെടുത്തു. 1736ല്‍ പേര്‍ഷ്യക്കാര്‍ വീണ്ടും വരുന്നതുവരെ ഹവാലാ അറബുകളുടെ കീഴിലായിരുന്നു ബഹ്‌റൈന്‍. രണ്ടു വര്‍ഷത്തിന് ശേഷം ഒമാനികള്‍ വീണ്ടുമെത്തി. എന്നാല്‍ പേര്‍ഷ്യക്കാര്‍ മസ്‌കത്ത് പിടിച്ചെടുത്തതോടെ ബഹ്‌റൈന്‍ വീണ്ടും പേര്‍ഷ്യന്‍ നിയന്ത്രണത്തിലായി. 1744 മുതല്‍ 1753 വരെ ഹവാര്‍ അറബുകളുടെ നിയന്ത്രണത്തിലായിരുന്നു ബഹ്‌റൈന്‍. തുടര്‍ന്ന് ഒമാനി അറബ് വംശജനായ ബുഷൈറിലെ ശൈഖ് നാസര്‍ ആല്‍ മുഖ്താര്‍ ദ്വീപ് പിടിച്ചെടുത്തു.
എന്നാല്‍ 22 വര്‍ഷത്തിനു ശേഷം പേര്‍ഷ്യയ്ക്ക് കപ്പം നല്‍കുന്നതില്‍ വീഴ്ചവരുത്തിയതിന്റെ പേരില്‍ ശൈഖ് നാസറിനെ പേര്‍ഷ്യക്കാര്‍ ജയിലിലിട്ടു. ഒരു വര്‍ഷത്തിന് ശേഷം ജയില്‍ മോചിതനാവുകയും ബസ്‌റയില്‍ ഉസ്മാനിയ തുര്‍ക്കിയുമായുള്ള പോരാട്ടത്തില്‍ കൊല്ലപ്പെടുകയും ചെയ്തു. തുടര്‍കാലത്താണ് ബാനി ഉത്ബ വിഭാഗത്തിലെ മൂന്നു കുടുംബങ്ങള്‍ നൊമാഡിക് ജീവിതം അവസാനിപ്പിച്ച് കുവൈത്തില്‍ താമസം തുടങ്ങി. ആല്‍ ഖലീഫ, ആല്‍ സബാഹ്, ആല്‍ ജലാഹാംസ് എന്നീ ഗോത്രക്കാരായിരുന്നു അവര്‍. ഫൈസലായിരുന്നു അന്ന് ഖലീഫ കുടുംബത്തെ നയിച്ചിരുന്നത്. പിന്‍ഗാമി മുഹമ്മദിന്റെ കാലത്താണ് കുടുംബം വളര്‍ച്ച തുടങ്ങുന്നത്. മുത്ത് വ്യവസായമായിരുന്നു ഖലീഫ കുടുംബത്തെ സമ്പത്തിലേക്ക് നയിച്ചത്. 1776ല്‍ മുഹമ്മദ് കുടുംബത്തെ ഖത്തര്‍ തീരത്തിനടുത്തുള്ള സുബാറ എന്ന ഗ്രാമത്തിലേക്ക് താമസം മാറ്റി. ബഹ്‌റൈനിലെ മുത്ത് വ്യവസായ കേന്ദ്രം ഇതിനടുത്തായിരുന്നു. ഖലീഫ കുടുംബം അവിടെ ഒരു നഗരം തന്നെ സൃഷ്ടിച്ചു. പിന്നെ കൂടുതല്‍ കുടുംബങ്ങള്‍ അവിടെയെത്തി. 1776ലെ പേര്‍ഷ്യന്‍ അധിനിവേശത്തെത്തുടര്‍ന്ന് ബസറയില്‍ നിന്ന് പലായനം ചെയ്തവരായിരുന്നു അവരില്‍ വലിയൊരു വിഭാഗം. മുഹമ്മദിന്റെ പിന്‍ഗാമി അഹമ്മദിന്റെ കാലത്ത് ബഹ്‌റൈനിലെ തങ്ങളുടെ അധികാരത്തിന് ഭീഷണിയായി അവര്‍ ആല്‍ ഖലീഫ കുടുംബത്തെ കണ്ട പേര്‍ഷ്യക്കാര്‍ സുബാറയെ രണ്ടു തവണ ആക്രമിച്ചു. 1782ല്‍ വീണ്ടും ആക്രമണം നടത്താന്‍ അത് കുവൈത്തിലെ സബാഹ് കുടുംബത്തിന്റെ ഇടപെടല്‍ കാരണം വിഫലമായി.
അന്നത്തെ ഭരണാധികാരിയായിരുന്ന ശൈഖ് നാസര്‍ ആല്‍ മുഖ്താറിനെ തുരത്തിയാണ് ശൈഖ് അഹമ്മദിന്റെ കാലത്ത് ബഹ്‌റൈനില്‍ അധികാരം പിടിച്ചെടുക്കുന്നത്. ബഹ്‌റൈനില്‍ സുസ്ഥിരത കൈവരുന്നതും വളര്‍ച്ച തുടങ്ങുന്നതും ഈ കാലത്താണ്. എന്നാല്‍ കുടുംബത്തര്‍ക്കം കല്ലുകടിയായി. അഹമ്മദിന്റെ മക്കളായ ശൈഖ് സല്‍മാനും ശൈഖ് അബ്ദുല്ലയും ഒന്നിച്ചാണ് 1825 ല്‍ സല്‍മാന്‍ മരിക്കുന്നത് വരെ ഭരണം നടത്തിയത്. തുടര്‍ന്ന് സല്‍മാന്റെ മകന്‍ ഖലീഫ ഭരണത്തില്‍ പങ്കാളിയായി. 1834ല്‍ ഖലീഫയുടെ മരണ ശേഷം അബ്ദുല്ലയുടെ പൂര്‍ണഭരണത്തിലായി ബഹ്‌റൈന്‍. 1843ല്‍ ഖലീഫയുടെ മകന്‍ മുഹമ്മദ് ബിന്‍ ഖലീഫ അബ്ദുല്ലയെ ഭരണത്തില്‍നിന്ന് നീക്കി. പിന്നീട് അബ്ദുല്ലയുടെ മകന്‍ ഭരണം പിടിച്ചെടുക്കാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. തുടര്‍ന്നങ്ങോട്ട് അധികാരത്തര്‍ക്കങ്ങള്‍ നിരവധിയുണ്ടായി. ഇതോടൊപ്പമായിരുന്നു ബ്രിട്ടീഷുകാരുടെ ഇടപെടലുമുണ്ടാവുന്നത്. 1869ല്‍ ശൈഖ് ഇസ്സ അധികാരമേല്‍ക്കുമ്പോള്‍ ബഹ്‌റൈന്‍ തങ്ങളുടേതാണെന്ന അവകാശവാദവുമായി തുര്‍ക്കികള്‍ രംഗത്തുണ്ടായിരുന്നു. പ്രതിരോധത്തിന്റെ ഉത്തരവാദിത്വം ബ്രിട്ടീഷുകാരെ ഏല്‍പ്പിച്ച് 1880ലും 1892ലും ബഹ്‌റൈന്‍ രണ്ടു കരാറുകള്‍ ഒപ്പിട്ടു. 1923ല്‍ മകന്‍ ഹമദിനെ അധികാരമേല്‍പ്പിച്ച ശൈഖ് ഇസ്സ മാറിനിന്നു.
1942ല്‍ ഹമദ് മരിച്ചതോടെ ഹമദ് രാജാവിന്റെ പിതാമഹനായ ശൈഖ് സല്‍മാന്‍ അധികാരത്തിലെത്തി. ബഹ്‌റൈനെ ഇപ്പോഴത്തെ രാജ്യമാക്കി മാറ്റുന്ന വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചത് ശൈഖ് സല്‍മാനാണ്. എണ്ണ കണ്ടെത്തിയ ശേഷം ബ്രിട്ടീഷ് സര്‍ക്കാരും ബഹ്‌റൈനും തമ്മിലുള്ള ബന്ധം വര്‍ധിച്ചു. രാജ്യത്ത് മികച്ച വിദ്യാഭ്യാസ സംവിധാനം ആവിഷ്‌കരിച്ചപ്പോള്‍ അതിലുമുണ്ടായിരുന്നു ബ്രിട്ടീഷുകാര്‍ക്ക് പങ്ക്. ഗള്‍ഫ് മേഖലയില്‍ ആദ്യമായി പെണ്‍കുട്ടികള്‍ക്കായി സ്‌കൂള്‍ തുടങ്ങുന്നത് ബഹ്‌റൈനാണ്. 1928ലായിരുന്നു ഇത്. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം അറബ് ലോകത്ത് അലയടിച്ച ബ്രിട്ടീഷ് വിരുദ്ധവികാരം ബഹ്‌റൈനിലേക്കും വ്യാപിച്ചു. രാജ്യത്തെ ബ്രിട്ടീഷ് ആധിപത്യത്തിനെതിരേ ആദ്യം ശബ്ദമുയര്‍ത്തുന്നത് ബഹ്‌റൈനിലെ കച്ചവടക്കാരാണ്. 1960 ല്‍ ബ്രിട്ടീഷ് സൈന്യം ബഹ്‌റൈനില്‍ നിന്ന് പിന്‍മാറി. 1971 ഓടെ സ്വാതന്ത്ര്യം പ്രഖ്യാപിച്ചു. 2002ല്‍ ബഹ്‌റൈന്‍ രാജാധിപത്യം പ്രഖ്യാപിച്ചു. 1932ല്‍ എണ്ണ കണ്ടെത്തിയെങ്കിലും ബഹ്‌റൈന്‍ പക്ഷേ അതില്‍ ഏറെക്കാലം വിശ്വസിച്ചില്ല. പകരം ബാങ്ക് നിക്ഷേപത്തെയും ടൂറിസത്തെയും സുസ്ഥിരവരുമാനമായി കണ്ടു. ബഹ്‌റൈന്‍ വേള്‍ഡ് ട്രേഡ് സെന്ററും ബഹ്‌റൈന്‍ ഫിനാന്‍ഷ്യല്‍ ഹാര്‍ബറുമെല്ലാം തലസ്ഥാനമായ മനാമയുടെ മുഖമുദ്രയാകുന്നത് അങ്ങനെയാണ്.
1957ല്‍ ബഹ്‌റൈനെ ഇറാന്‍ തങ്ങളുടെ 14ാമത് പ്രവിശ്യയായി പ്രഖ്യാപിച്ചതായിരുന്നു വളര്‍ച്ചയുടെ ഘട്ടത്തില്‍ ബഹ്‌റൈന്‍ നേരിട്ട ഏറ്റവും വലിയ വെല്ലുവിളികളിലൊന്ന്. രണ്ടു സീറ്റുകള്‍ ഇവിടെ നിന്നുള്ള പ്രതിനിധികള്‍ക്കായി ഇറാന്‍ ഒഴിച്ചിടുകയും ചെയ്തു. തര്‍ക്കം യുനൈറ്റഡ് നാഷനിലെത്തി. 1965ല്‍ ബ്രിട്ടന്‍ നേരിട്ടുതന്നെ ബഹ്‌റൈനുവേണ്ടി ചര്‍ച്ച നടത്തി. യുനൈറ്റഡ് നാഷന്‍ ബഹ്‌റൈനില്‍ ഹിതപരിശോധന നടത്താന്‍ ഈ ചര്‍ച്ചയില്‍ ധാരണയായി. തുടര്‍ന്ന് നടത്തിയ ഹിതപരിശോധനയില്‍ ഭൂരിഭാഗവും സ്വതന്ത്രപരമാധികാര രാഷ്ട്രമെന്ന ആശയത്തെ പിന്തുണച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ ഇറാന്‍ അവകാശവാദം ഉപേക്ഷിക്കുകയും ചെയ്തു. 1971 മുതലുള്ള വര്‍ഷങ്ങളില്‍ വിസമയകരമായിരുന്നു ബഹ്‌റൈന്റെ വളര്‍ച്ച. തെരുവുകളില്‍ വെട്ടിത്തിളങ്ങുന്ന കെട്ടിടങ്ങളുയരുന്നതും ബഹ്‌റൈന്‍ പ്രവാസികളുടെ സ്വപ്നദ്വീപാകുന്നതും അതിന് ശേഷമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."