സുധാകരൻ - സതീശൻ നൗക ഗ്രൂപ്പ് ലോബികളിൽ തട്ടിത്തകരരുത്
എല്‍.ഡി.എഫിന്റെ തുടര്‍ ഭരണത്തെ തുടര്‍ന്ന് പ്രവചിക്കപ്പെട്ടിരുന്ന രാഷ്ട്രീയം കോണ്‍ഗ്രസിന്റെ തകര്‍ച്ചയും, യു.ഡി.എഫിന്റെ ശൈഥില്യവുമായിരുന്നു. ബി.ജെ.പിയിലേക്കുള്ള ഒഴുക്കും പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ ഹൈക്കമാന്റിന്റെ യുക്തിപൂര്‍വ്വമായ രാഷ്ട്രീയ തീരുമാനം കൂടുതല്‍ തകര്‍ച്ചയില്‍ നിന്നും കോണ്‍ഗ്രസിനെ താങ്ങി നിര്‍ത്തുന്ന നീക്കമായി മാറി. വി.ഡി. സതീശന്‍ പ്രതിപക്ഷ നേതാവും, കെ.സുധാകരന്‍ കെ.പി.സി.സി പ്രസിഡന്റുമായ കോമ്പിനേഷന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് വലിയ ആവേശം നല്‍കി. തെരഞ്ഞെടുപ്പ് പരാജയത്തിന്റെ മുറിവുകള്‍ ഉണക്കി കോണ്‍ഗ്രസ് സജ്ജമാവുന്നുവെന്ന തോന്നല്‍ ഉയരാന്‍ അതിടയാക്കി.
പുതിയ ഡി.സി.സി പ്രസിഡന്റുമാരെയും, കെ.പി.സി.സി ഭാരവാഹികളെയും നിയമിച്ച് കെ.സുധാകരന്‍ - വി.ഡി.സതീശന്‍ അച്ചുതണ്ട് തങ്ങളുടെ ആദ്യ റൗണ്ട് മികച്ച രീതിയില്‍ പിന്നിട്ടിരുന്നു. സി.യു.സികള്‍ പ്രവര്‍ത്തകരില്‍ വലിയ ആവേശമാണ് നിറച്ചത്. വര്‍ഷങ്ങളായി കോണ്‍ഗ്രസിന്റെ കാര്യങ്ങള്‍ തീരുമാനിച്ച ഗ്രൂപ്പുകള്‍ പലപ്പോഴും പരാതികള്‍ പറയാന്‍ പോലും ആത്മവിശ്വാസമില്ലാതെ കാഴ്ചക്കാരായി മാറി. പക്ഷെ അവര്‍ വെറുതെയിരുന്നില്ല.
കോണ്‍ഗ്രസില്‍ താഴെ തട്ടിലുള്ള പ്രവര്‍ത്തനമല്ല, ഗ്രൂപ്പാണ് വലുത് എന്ന് ഉറച്ച് വിശ്വസിക്കുന്ന ലോബി അവസരം പ്രയോജനപ്പെടുത്താന്‍ ഡി.സി.സി, ബ്ലോക്ക് പ്രസിഡന്റ് പുനഃസംഘടനയാണ് വേദിയാക്കിയത്. ഇതോടെ കെ.സുധാകരന്‍ - വി.ഡി സതീശന്‍ കൂട്ടുകെട്ട് തകരാനിടയാക്കുന്ന പ്രതിബന്ധങ്ങളും, വാര്‍ത്തകളും തല പൊക്കി തുടങ്ങി.
ഗ്രൂപ്പുള്ളവരെയും, ഇല്ലാത്തവരെയും ഉള്‍ക്കൊള്ളുക, മെറിറ്റിന് മുന്‍തൂക്കം നല്‍കുക, എണ്ണം കുറച്ച് സമയബന്ധിതമായി പുനസംഘടന പൂര്‍ത്തിയാക്കുക തുടങ്ങിയ പ്രഖ്യാപിത ലക്ഷ്യങ്ങളില്‍ നിന്നും പുതിയ നേതൃത്വം അകലുന്നുവെന്ന തോന്നലുണ്ടാക്കാനും ബന്ധപ്പെട്ടവര്‍ക്ക് കഴിഞ്ഞു.
കെ. സുധാകരന്റെ ഉറച്ച അനുയായികളെന്ന പേരില്‍ കെ.പി.സി.സി ഭാരവാഹികളായവരില്‍ ചിലര്‍ക്കെങ്കിലും ശൈലി മാറ്റത്തെക്കാള്‍ പഥ്യം മുന്‍ ഗ്രൂപ്പ് മേധാവികളുടെ താല്‍പര്യങ്ങളായിരുന്നു. കെ.പി.സി.സി പ്രസിഡന്റും, പ്രതിപക്ഷ നേതാവും രണ്ടു വഴിക്കാണെന്ന പ്രചാരവേലകള്‍ അതോടെ ലോബികള്‍ക്ക് എളുപ്പമായി. കെ.സുധാകരനെ മുന്‍ നിര്‍ത്തി ഡി.സി.സി പട്ടികയില്‍ പരമാവധി സ്വന്തക്കാരെ കുത്തി നിറക്കാനുള്ള ഭാരവാഹികളുടെ നീക്കമാണ് പുതിയ പ്രതിസന്ധി തീര്‍ക്കുന്നത്. ഈ പേരുകളില്‍ പലതും അപ്രധാനവും, പഴയ ഗ്രൂപ്പ് മാനേജര്‍മാര്‍ക്ക് വേണ്ടിയുള്ളതാണെന്നും എം.പിമാരടക്കമുള്ളവര്‍ പരാതിപ്പെടുന്നു.
ഡി.സി.സി പ്രസിഡന്റ് - കെ.പി.സി സി ഭാരവാഹി നിയമനങ്ങളിലും, പുതിയ പുനഃസംഘടനയിലും സ്വന്തം നിലയില്‍ പേരുകള്‍ ഉയര്‍ത്തുന്ന സമീപനം വി.ഡി.സതീശന്‍ സ്വീകരിച്ചിട്ടില്ല. പ്രതിപക്ഷ നേതാവിനെയും, കെ.പി.സി.സി പ്രസിഡന്റിനെയും കരുവാക്കി പേരുകളയുര്‍ത്തുന്നത് തങ്ങള്‍ മുന്നോട്ടു വെക്കുന്ന പുതിയ രാഷ്ട്രീയ ശൈലിയോട് ചെയ്യുന്ന അനീതിയാണെന്നാണ് സതീശന്റെ നിലപാട്. കെ.സുധാകരനും അതിനോട് യോജിപ്പാണ്. ചരിത്രത്തില്ലാത്ത വണ്ണം പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന പാര്‍ട്ടിയെയും, മുന്നണിയെയും രക്ഷിക്കാന്‍ ചുമതലപ്പെട്ടവര്‍ എന്ന നിലയില്‍ ഒരേ മനസ്സോടെ പോകാന്‍ ഉറച്ച തീരുമാനമെടുത്ത ഇരുവരും പ്രതിസന്ധികളെ അനായാസം മറികടക്കുമെന്ന് ഹൈക്കമാന്റ് ശുഭാപ്തി പ്രകടിപ്പിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."