വെടിനിർത്തൽ പ്രഖ്യാപനങ്ങളിൽ മാത്രം
കീവ്
നടപ്പാകാതെ വെടിനിർത്തൽ പ്രഖ്യാപനങ്ങൾ. വ്യാപകമായ ഷെല്ലാക്രമണമാണ് ഉക്രൈനിലെ വിവിധ നഗരങ്ങളിൽ നടക്കുന്നത്. മരിയപോൾ, ഖാർകീവ്, സുമി, കീവ് എന്നീ നഗരങ്ങളിലാണ് ഇന്നലെ രാവിലെ 10ഒാടെ റഷ്യ വെടിനിർത്തൽ പ്രഖ്യാപിച്ചത്. വിദേശികളുൾപ്പെടെയുള്ളവർക്ക് നഗരം വിട്ട് സുരക്ഷിതമേഖലകളിലേക്കു രക്ഷപ്പെടുന്നതിന് വേണ്ടിയാണിത്. എന്നാൽ, ഇവിടെയൊന്നും ആളുകളെ ഒഴിപ്പിക്കുന്നത് നടപ്പായില്ല. മാനുഷിക ഇടനാഴികൾ ഏർപ്പെടുത്തുന്നതിനോട് ഉക്രൈൻ വിയോജിച്ചതാണ് തടസമായത്. ഉക്രൈനിലെ ഒഴിപ്പിക്കലിനായി തുറന്ന ആറ് ഇടനാഴികളും റഷ്യയിലേക്കാണ്. ഇതാണ് ഉക്രൈൻ എതിർപ്പ് പ്രകടിപ്പിക്കാൻ കാരണം. ശനിയാഴ്ച മരിയപോളിലും വോൾനോവാകയിലും വെടിനിർത്തൽ പ്രഖ്യാപിച്ചിരുന്നെങ്കിലും ഷെല്ലാക്രമണം തുടർന്നതിനാൽ ഒഴിപ്പിക്കൽ നടന്നിരുന്നില്ല. തുടർന്ന് ഇവിടെ വീണ്ടും വെടിനിർത്തൽ പ്രഖ്യാപിച്ചു. എന്നാൽ, ആക്രമണം തുടരുന്നതിനാൽ ഒഴിപ്പിക്കൽ തടസപ്പെട്ടതായി മരിയപോൾ ഗവർണർ പൗലോ കിരിലെൻകോ അറിയിച്ചു. ഇർബിൻ നഗരത്തിൽ അടക്കം വെടിനിർത്തൽ വിശ്വസിച്ചു പുറത്തിറങ്ങിയ സാധാരണക്കാർ കൊല്ലപ്പെട്ടു. വെടിനിർത്തൽ പരാജയപ്പെട്ടതിന്റെ ഉത്തരവാദിത്തം ഉക്രൈനാണെന്നാണ് റഷ്യയുടെ ആരോപണം. എന്നാൽ, പൊള്ളയായ വെടിനിർത്തൽ പ്രഖ്യാപനമാണ് റഷ്യയുടേതെന്നാണ് ഉക്രൈൻ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."