ഹൈദരലി തങ്ങളുടെ സ്മരണയിൽ ഖത്തറിൽ ആയിരങ്ങൾ സംഗമിച്ചു
ദോഹ
പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളെ ഖത്തർ പ്രവാസികൾ ഭക്തിനിർഭരമായ പ്രാർഥനാ സദസോടെ അനുസ്മരിച്ചു. ഹൈദരലി തങ്ങളുടെ വേർപാടിൽ ഖത്തറിലെ പ്രവാസി സമൂഹത്തിന്റെ വേദനകൾ ഐഡിയൽ ഇന്ത്യൻ സ്‌കൂൾ മൈതാനത്ത് നടന്ന സംഗമത്തിൽ പ്രകടമായി. ഖത്തർ കെ.എം.സി.സി സംഘടിപ്പിച്ച പരിപാടിയിൽ ഖത്തർ അഭ്യന്തര മന്ത്രാലയം പബ്ലിക് റിലേഷൻ ഡിപ്പാർട്ട്‌മെന്റ് ഡയരക്ടർ ബ്രിഗേഡിയർ അബ്ദുല്ലാഹ് ഖലീഫ അൽമുഫ്താഹ് സംബന്ധിച്ചു.
'നിങ്ങൾ ഭൂമിയിൽ അദ്ദേഹത്തിനുള്ള അള്ളാഹുവിന്റെ സാക്ഷികാളാണ് ' എന്ന പ്രാവാചക വാക്യം ഉദ്ധരിച്ചാണ് ആയിരങ്ങളെ സാക്ഷിയാക്കി ബ്രിഗേഡിയർ തങ്ങളെ അനുസ്മരിച്ചത്. തങ്ങൾ ഖത്തറിൽ വന്നപ്പോഴെല്ലാം പലവട്ടം അദ്ദേഹത്തെ നേരിൽ കാണാൻ അവസരം ലഭിച്ചിട്ടുണ്ടെന്നും തന്നെ കേരളത്തിലേക്ക് ക്ഷണിച്ചിട്ടുണ്ടെന്നും അദ്ദേഹത്തിന്റെ വിനയവും കളങ്കമില്ലാത്ത മനസ്സും എന്നെ വല്ലാതെ ആകർഷിച്ചിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഹൈദരലി തങ്ങൾ സഹനത്തിന്റെയും സാമുദായിക ഐക്യത്തിന്റെയും വാഹകനായിരുന്നുവെന്ന് ഖത്തർ കെ.എം.സി.സി പ്രസിഡന്റ് എസ്.എ.എം ബഷീർ അനുസ്മരിച്ചു.
മൂവായിരത്തിലധികം ആളുകൾ പങ്കെടുത്ത പരിപാടിയിൽ ഖത്തർ കെ.എം.സി.സി ജനറൽ സെക്രട്ടറി അസീസ് നരിക്കുനി സ്വാഗതവും ജനാസ നിസ്‌കാരത്തിന് ഖത്തർ ഇസ് ലാമിക് സെന്റർ വർക്കിങ് പ്രസിഡന്റ് ഇസ്മാഈൽ ഹുദവിയും നേതൃത്വവും നൽകി. ഐഡിയൽ ഇന്ത്യൻ സ്‌കൂൾ പ്രസിഡന്റ് ഡോ. എം.പി ഹസ്സൻ കുഞ്ഞി, ഇന്ത്യൻ എംബസി ഫസ്റ്റ് സെക്രട്ടറി സേവിയർ ധൻ രാജ്, ഖത്തർ അഭ്യന്തര മന്ത്രാലയം കോഡിനേറ്റർ ഫൈസൽ ഹുദവി, ഐ.സി.സി, ഐ.സി.ബി.എഫ്, കേരള ഇസ് ലാമിക് സെന്ററർ, ഇസ് ലാഹി സെന്റർ, ഇന്ത്യൻ സ്‌പോർട്‌സ് സെന്റർ, ഐ.ബി.പി.സി, ഇന്ത്യൻ നാഷനൽ കൾചറൽ ആന്റ് ആർട്‌സ് സൊസൈറ്റി, പ്രവാസി കോഡിനേഷൻ കമ്മിറ്റി തുടങ്ങി വ്യത്യസ്ത സംഘടനകളുടെ പ്രതിനിധികളും തങ്ങളെ അനുസ്മരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."