ബി.ജെ.പിയുടെ ഭാവി പ്രധാനമന്ത്രി സ്ഥാനാര്‍ഥി?
2017ല്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ ഭരണം ലഭിച്ച ഉത്തര്‍പ്രദേശില്‍ ആരെ മുഖ്യമന്ത്രിയാക്കണമെന്ന ചര്‍ച്ചകള്‍ സമീപകാലത്ത് ബി.ജെ.പി നേരിട്ട വലിയ തലവേദനകളിലൊന്നായിരുന്നു. മധ്യപ്രദേശും മഹാരാഷ്ട്രയും പോലെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാതെയായിരുന്നു യു.പിയില്‍ ബി.ജെ.പി തെരഞ്ഞെടുപ്പിനെ നേരിട്ടത്. മികച്ച ഭൂരിപക്ഷത്തോടെ പാര്‍ട്ടി വിജയിച്ചതിനാല്‍ രാജ്‌നാഥ് സിങ്, യോഗി ആദിത്യനാഥ്, സ്മൃതി ഇറാനി, വരുണ്‍ഗാന്ധി, കേശവ് പ്രസാദ് മൗര്യ തുടങ്ങിയ പേരുകള്‍ ഉയര്‍ന്നുവന്നു. തീവ്രവിദ്വേഷപ്രസംഗങ്ങളുടെ പേരില്‍ മാത്രം നേരത്തെ മാധ്യമങ്ങളിലൂടെ പരിചിതമായ യോഗി ആദിത്യനാഥ് മുഖ്യമന്ത്രിയാവില്ലെന്നായിരുന്നു റിപ്പോര്‍ട്ടുകളത്രയും. തര്‍ക്കത്തിനൊടുവില്‍ യോഗിയുടെ പേര് സ്ഥിരീകരിച്ചതോടെ 'മോദിയുടെ വികസനങ്ങളില്‍ ആകൃഷ്ടരായ' നഗരവാസികളെ ആ തീരുമാനം നെറ്റിചുളിപ്പിക്കുന്നതായി.
പിന്നീട് യോഗി ആദിത്യനാഥ് മുഖ്യമന്ത്രിയായി എടുത്തുപറയത്തക്ക നേട്ടങ്ങള്‍ ഉണ്ടാക്കിയില്ലെന്ന് മാത്രമല്ല സ്ത്രീസുരക്ഷ ഉള്‍പ്പെടെ ക്രമസമാധാന നിലയില്‍ ഏറ്റവും പിന്നിലുള്ള സംസ്ഥാനങ്ങളിലൊന്നായി യു.പി മാറി. അപ്പോഴും ആ യോഗി ആദിത്യനാഥിനെയാണ് 'പ്രബുദ്ധ' മലയാളികള്‍ക്കിടയില്‍ വോട്ടഭ്യര്‍ഥിക്കാനായി ബി.ജെ.പി തെരഞ്ഞെടുത്തത്. തെരഞ്ഞെടുപ്പ് കോലാഹലം ഉയര്‍ന്നതോടെ ആദ്യമെത്തിയ നേതാവ് യോഗിയായിരുന്നു. എന്തുകാര്യത്തിനാവും ബി.ജെ.പി യോഗിയെപ്പോലൊരാളെ കേരളത്തിലേക്ക് പ്രചാരണത്തിനായി കൊണ്ടുവന്നത്? ആദിത്യനാഥിന്റെ ഏത് പ്രവര്‍ത്തനം കണ്ട് മലയാളികള്‍ പാര്‍ട്ടിക്ക് വോട്ടുചെയ്യണമെന്നാവും ബി.ജെ.പിയുടെ കേരളാഘടകം ആഗ്രഹിച്ചിട്ടുണ്ടാവുക? യോഗിയെ ഇന്ത്യയിലെ ഏറ്റവും ജനസംഖ്യയുള്ള സംസ്ഥാനത്തെ മുഖ്യമന്ത്രിയാക്കിയുള്ള ബി.ജെ.പിയുടെ പ്രഖ്യാപനം കേട്ട് ഞെട്ടിയ 'വികസനത്തിന്റെ പേരില്‍ മാത്രം' ബി.ജെ.പിക്കാരായ നഗരവാസികള്‍ക്ക് ഇപ്പോള്‍ ഞെട്ടല്‍ അവസാനിച്ചോ? മനഷ്യമനസ്സാക്ഷിയെ നടുക്കുന്ന വിധത്തിലുള്ള വാര്‍ത്തകള്‍ ദിവസവും യു.പിയില്‍നിന്ന് വന്നുകൊണ്ടിരിക്കെ പ്രത്യേകിച്ചും. 2019ല്‍ കേരളത്തില്‍ എന്‍.ഡി.എക്ക് ലഭിച്ച 30 ലക്ഷം വോട്ടര്‍മാരും യോഗിയെ അംഗീകരിക്കുന്നത് കൊണ്ടാവണമല്ലോ അദ്ദേഹത്തെ വീണ്ടും മലയാളികള്‍ക്കിടയിലേക്ക് ബി.ജെ.പി അവതരിപ്പിച്ചത്.
'വികസനത്തിന്റെ യു.പി മോഡല്‍'?
മോദിക്കുശേഷമുള്ള ബി.ജെ.പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി യോഗി ആദിത്യനാഥാവുമോ എന്ന ചോദ്യത്തിന് ഇപ്പോള്‍ പ്രസക്തിയില്ലെങ്കിലും അത് തള്ളിക്കളയാനാവില്ല. ഇന്ത്യയുടെ നഗരവാസികളും മധ്യവര്‍ഗക്കാരും ഉപരിവര്‍ഗക്കാരുമായ ഒരു വിഭാഗം ജനതയുടെ അംഗീകാരം ലഭിച്ച നേതാവാണ് മോദി. 2002ലെ ഗുജറാത്ത് വംശഹത്യയെത്തുടര്‍ന്ന് രാജ്യാന്തരവേദികളിലുള്‍പ്പെടെ ബഹിഷ്‌കൃതനായ പഴയ മോദിയല്ല ഇപ്പോള്‍. അതേപോലെ നാളെ യോഗിയും വികസനപുരുഷനായി അവതരിപ്പിക്കപ്പെട്ടേക്കും. അങ്ങനെ യോഗിയും ഭാവി ബി.ജെ.പി പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാവുമെന്ന അഭിപ്രായം നിരവധി നിരീക്ഷകര്‍ പങ്കുവച്ചിട്ടുണ്ട്. 2007ലെ വൈബ്രന്റ് ഗുജറാത്ത് എന്ന പേരില്‍ സംഘടിപ്പിച്ച വ്യവസായികളുടെ സമ്മേളനത്തോടെയാണ് 'ഹിന്ദുത്വ വീരപുരുഷ'ന്റെ കുപ്പായത്തിന് മേലെ 'വികസനപുരുഷ'ന്റെ കോട്ട് കൂടി മോദി അണിഞ്ഞുതുടങ്ങിയത്. സംസ്ഥാനം കേന്ദ്രീകരിച്ച് സമാനമായ 'വികസനത്തിന്റെ യു.പി മോഡല്‍' യോഗിയും നടത്തുന്നുണ്ട്. യോഗിയെ ഉയര്‍ത്തിക്കൊണ്ടുവരാനും വികസനത്തിന്റെ കുപ്പായമിടീക്കാനും 'ചെത്തിമിനുക്കാനും' വലിയ പ്രഫഷണല്‍ സംഘത്തെനിയോഗിക്കപ്പെട്ടിട്ടുമുണ്ട്.
വാജ്‌പേയി മുതല്‍ യോഗി വരെ
1960കളില്‍ തന്നെ പ്രധാനമന്ത്രിപദത്തിലേക്ക് ആര്‍.എസ്.എസ് ചെത്തിമിനുക്കിയെടുത്ത നേതാവാണ് അടല്‍ ബിഹാരി വാജ്‌പേയി. ബാബരി മസ്ജിദ് തകര്‍ക്കുന്നതില്‍ കലാശിച്ച രാമക്ഷേത്ര പ്രസ്ഥാനങ്ങളിലൂടെയാണ് എല്‍.കെ അദ്വാനി നേതാവായി വളര്‍ന്നത്. എന്നാല്‍, 2001ല്‍ ഗുജറാത്ത് മുഖ്യമന്ത്രിയാവുന്നതുവരെ ഏതെങ്കിലും മുന്നേറ്റങ്ങളുടെ മുഖമായിരുന്നില്ല മോദി. അത്തരമൊരു പദവിയിലേക്കായി വാജ്‌പോയിയെ ചെയ്തതുപോലെ മോദിയെ ആര്‍.എസ്.എസ് ചെത്തിമിനുക്കിയിട്ടുമുണ്ടായിരുന്നില്ല. 2014ലെ തെരഞ്ഞെടുപ്പില്‍ സുഷമാ സ്വരാജ്, അരുണ്‍ ജെയ്റ്റ്‌ലി, രാജ്‌നാഥ് സിങ്, നിതിന്‍ ഗഡ്കരി തുടങ്ങിയവരെ മറികടന്നാണ് ജൂനിയറായ മോദിയെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കുന്നത്.
വാജ്‌പേയി യുഗത്തോടെ 'മിതവാദ ഹിന്ദുത്വ' യുഗം അവസാനിച്ചു. മോദി അധികാരത്തിലെത്തിയതോടെ രാഷ്ട്രീയത്തിലും പൊതുമണ്ഡലത്തിലും മാറ്റമുണ്ടായി. കൂടുതല്‍ ആക്രമണോത്സുക ഹിന്ദുത്വവക്താക്കള്‍ സ്വയം അവതരിപ്പിക്കപ്പെട്ടു. ശിവരാജ്‌സിങ് ചൗഹാന്‍, രാജ്‌നാഥ് സിങ്, രമണ്‍സിങ്, നിതിന്‍ ഗഡ്കരി, വസുന്ദരരാജ സിന്ധ്യ പോലുള്ള 'മിതവാദ ഹിന്ദുത്വര്‍' സംഘ്പരിവാരിലും അധികാരശ്രേണിയിലും പാര്‍ശ്വവല്‍ക്കരിക്കപ്പെടുകയുംചെയ്തു.
അജയ് ഭിഷ്ട് സന്ന്യാസത്തിലേക്ക്
ഫോറസ്റ്റ് റേഞ്ചറുടെ ഏഴുമക്കളില്‍ ഒരാളായി അജയ് മോഹന്‍ ഭിഷ്ട് എന്ന പേരിലാണ് യോഗിയുടെ ജനനം. ഗൊരഖ്‌നാഥ് ക്ഷേത്രത്തിലെ പൂജാരിയായ അകന്ന ബന്ധു കൗമാരകാലത്തേ അജയ് ഭിഷ്ടിനെ മഠത്തിലേക്ക് ക്ഷണിച്ചെങ്കിലും നിരസിക്കുകയായിരുന്നു. ആക്രമണോത്സുക ഹിന്ദുത്വപരിസരമായിരുന്നു അന്നും ഗൊരഖ്‌നാഥ് ക്ഷേത്രം. ഗാന്ധിജിയെ വെടിവച്ചുകൊല്ലാന്‍ ഹിന്ദുത്വഗുണ്ടാസംഘത്തെ പ്രേരിപ്പിച്ചതിന് അറസ്റ്റിലായ ദിഗ്‌വിജയ് നാഥായിരുന്നു 1969വരെ ഈ ക്ഷേത്രത്തിലെ മുഖ്യപൂജാരി. ബാബരി മസ്ജിദ് തകര്‍ക്കാനായി നിരന്തരം പ്രസംഗിച്ചുനടന്ന മഹന്ത് അവൈദ്യനാഥാണ് പിന്നീട് ഗൊരഖ്പൂര്‍ ക്ഷേത്രപൂജാരിയായത്.
പിതാവിന് വലിയ താല്‍പ്പര്യമില്ലായിരുന്നു മകന്‍ അജയ് ഭിഷ്ടിനെ സന്ന്യാസിയാക്കാന്‍. ബന്ധുവിന്റെ നിര്‍ബന്ധപ്രകാരം അജയ് ഭിഷ്ടും ഗോരഖ്പൂര്‍ ക്ഷേത്രത്തിലെത്തി. തുടര്‍ന്ന് കാവിവേഷം ധരിച്ച് രൂപത്തിനൊപ്പം യോഗി ആദിത്യനാഥ് എന്ന പേരുംമാറ്റി. തന്റെ നേതൃത്വത്തില്‍ ഹിന്ദു യുവവാഹിനി എന്ന സംഘടനയും രൂപീകരിച്ചു. വൈകാതെ ഗൊരഖ്‌നാഥ് ക്ഷേത്രത്തിന്റെയും പ്രദേശത്തെ ഹിന്ദുത്വയുടെയും മുഖമായിമാറി അജയ് ഭിഷ്ട് എന്ന യോഗി ആദിത്യനാഥ്. ഹിന്ദു യുവവാഹിനിയില്‍ രണ്ടരലക്ഷം അംഗങ്ങളുണ്ടെന്നാണ് ഭാരവാഹികളുടെ അവകാശവാദം.
പശുസംരക്ഷണം, 'ലൗ ജിഹാദ്' നടത്തുന്നവരെ പിടികൂടല്‍ തുടങ്ങിയവയാണ് ഹിന്ദു യുവവാഹിനിക്കാരുടെ പ്രധാനചുമതല. പശുക്കടത്തോ ബീഫ് കൈവശംവച്ചെന്നോ പ്രചാരണമുണ്ടായാല്‍ അവിടെ പൊലിസ് എത്തും മുന്‍പേ ഹിന്ദു യുവവാഹനിക്കാരെത്തി നിയമം കൈയിലെടുക്കും. ഹിന്ദു യുവവാഹിനി രൂപീകരിച്ച ആദ്യ വര്‍ഷങ്ങളില്‍ തന്നെ ഇരുപതിലേറെ സംഘടിത ആക്രമണങ്ങളാണ് മുസ്‌ലിംകള്‍ക്കെതിരേ നടന്നത്. പൊലിസില്‍ പരാതികളെത്തിയതോടെ യോഗിയെ ഒന്നിലധികം തവണ അറസ്റ്റുചെയ്യുകയുണ്ടായി. അറസ്റ്റു ചെയ്യാനെത്തിയ പൊലിസ് ഉദ്യോഗസ്ഥന്‍ ആദ്യം യോഗിയുടെ മുന്‍പില്‍ വണങ്ങി കാലില്‍തൊട്ട് അനുഗ്രഹം വാങ്ങി പൊലിസ് വാഹനത്തിലേക്ക് കയറിയ സംഭവം ഉത്തര്‍പ്രദേശിലെ മാധ്യമപ്രവര്‍ത്തകനായ മനോജ് സിങ് എഴുതിയിരുന്നു. ഓരോ അറസ്റ്റും പ്രകോപനപരമായ പ്രസംഗങ്ങളുടെ പേരിലുള്ള ഓരോ കേസും യോഗിയുടെ വീരപരിവേശം കൂട്ടിയതേയുള്ളൂ.
യോഗി ഇഫക്ട്
ഗൊരഖ്പൂരില്‍ എം.പിയായിരുന്ന കാലത്ത് തന്നെ നിരന്തരം ലൗ ജിഹാദിനെതിരേ സംസാരിച്ചിരുന്ന യോഗി മുഖ്യമന്ത്രിയായശേഷം രാജ്യത്ത് ആദ്യം ലൗ ജിഹാദിനെതിരേ നിയമം കൊണ്ടുവന്ന സംസ്ഥാനമായി യു.പിയെ മാറ്റി. മുഖ്യമന്ത്രിയായശേഷം ആദ്യം പുറപ്പെടുവിച്ച ഉത്തരവ് എല്ലാ അറവുശാലകളും അടച്ചുപൂട്ടാനായിരുന്നു. ആയിരക്കണക്കിന് മുസ്‌ലിംകള്‍ക്ക് അതോടെ ജോലി നഷ്ടമായി. പൗരത്വപ്രക്ഷോഭകരെ കൊടുംക്രിമിനലുകളെന്ന പോലെ നേരിട്ടു. മനുഷ്യാവകാശ, പൗരാവാകശ പ്രവര്‍ത്തരെയും നിര്‍ദയം നേരിട്ടു. വിദ്വേഷപ്രസംഗം, കലാപശ്രമം ഉള്‍പ്പെടെയുള്ള ഒരുഡസനോളം കേസുകളില്‍ പ്രതിയായിരുന്നു 2017ല്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍. അതെല്ലാം റദ്ദാക്കുകയോ തേച്ചുമായ്ക്കുകയോ ചെയ്തു.
മോദിയെ പോലെ തനിച്ചാണ് യോഗിയുടെ ജീവിതം. ഔദ്യോഗികവസതിയില്‍ കുടുംബം ഇല്ല. യോഗി അവിവാഹിതനാണ്. മോദിയെക്കാള്‍ 22 വയസ് കുറവുണ്ട് യോഗിക്ക്. വളര്‍ത്തിയാല്‍ ഭാവിയില്‍ തന്റെ രാഷ്ട്രീയവളര്‍ച്ചയ്ക്ക് വിഘാതംനില്‍ക്കാന്‍ സാധ്യതയുണ്ടെന്ന് മോദിക്ക് നല്ല പോലെ അറിയുന്ന യോഗിയെ എന്തുകൊണ്ട് മോദി യു.പി മുഖ്യമന്ത്രിയാക്കിയെന്നതിന്റെ ഉത്തരം ഇന്നും ദുരൂഹമാണ്. പ്രത്യേകിച്ചും, തെരഞ്ഞെടുപ്പിന് മുന്‍പ് നടന്ന ബി.ജെ.പി ദേശീയ നിര്‍വാഹകസമിതി യോഗത്തില്‍ വച്ച് പ്രസംഗിക്കാന്‍ അവസരം നല്‍കിയില്ലെന്ന് ആരോപിച്ച് യോഗം ബഹിഷ്‌കരിച്ച് ഇറങ്ങിപ്പോന്ന 'ശല്യ'ക്കാരനായ യോഗിയെ.
'ഇന്ത്യ ശക്തമായി വലത്തേക്ക് ചാഞ്ഞുകൊണ്ടിരിക്കുന്നു. അതിനനുസരിച്ച് നരേന്ദ്രമോദി ലിബറലായി പരിഗണിക്കപ്പെടാനും തുടങ്ങിയിരിക്കുന്നു' എന്ന കോളമിസ്റ്റ് നീര്‍ജ ചൗധരിയുടെ നിരീക്ഷണം ശരിയാണ്. യു.പിയിയിലെ 'യോഗി ഇഫക്ട്' മറ്റു സംസ്ഥാനങ്ങളിലും പ്രകടമായിത്തുടങ്ങി. യു.പിയില്‍ ലൗ ജിഹാദ് നിയമം വന്നതിന് പിന്നാലെ ബി.ജെ.പി ഭരിക്കുന്ന ഓരോ സംസ്ഥാനങ്ങളിലായി നിയമം വന്നുകൊണ്ടിരിക്കുന്നു. ശിവരാജ് സിങ് ചൗഹാന്‍ പോലുള്ളവരുടെ ഭാഷയില്‍ പോലും യോഗി ഇഫക്ട് പ്രകടമായിത്തുടങ്ങി. ഒരുപക്ഷേ ഇങ്ങനെ 'യോഗി ഇഫക്ട്' കൊണ്ടുവരല്‍ തന്നെയാവും ഒരു കാവിധാരിയായ സന്ന്യാസിയെ യു.പി മുഖ്യമന്ത്രിയാക്കിയതിലൂടെ സംഘ്പരിവാര്‍ ആഗ്രഹിക്കുന്നതും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."