കൈക്കൂലിയായി ആഢംബര ബസ് വാങ്ങി; നിതിന്‍ ഗഡ്കരിക്കെതിരായ റിപ്പോര്‍ട്ട് പുറത്തു വിട്ട് സ്വീഡിഷ് പത്രം
ന്യൂഡല്‍ഹി: കേന്ദ്രഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിക്കെതിരെ കൈക്കൂലി ആരോപണവുമായി സ്വീഡിഷ് പത്രം. ജര്‍മ്മന്‍ വാഹന നിര്‍മ്മാതാക്കളായ ഫോക്സ്വാഗണില് നിന്നും ബിജെപി നേതാവും കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി കൈക്കൂലി വാങ്ങിയെന്നാണ് സ്വീഡിഷ് പത്രം പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നത്.
ഇന്ത്യയില്‍ അനുമതി നേടിയെടുക്കുന്നതിനായി കമ്പനി മന്ത്രിക്ക് ആഡംബര സ്കാനിയ ബസ് സമ്മാനമായി നല്‍കിയെന്നാണ് സ്വീഡിഷ് ചാനല്‍ എസ്വിടിയെ ഉദ്ധരിച്ച് 'ദി വയര്‍'ന്റെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
ജര്‍മ്മന്‍ ബ്രോഡ്കാസ്റ്റര്‍ എസ്.ഡി.എഫുമായി സഹകരിച്ചാണ് അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവന്നത്. 2017 അവസാനത്തോടെ മന്ത്രിക്ക് ബസ് കൈമാറിയെന്നാണ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. കമ്പനി ഗഡ്കരിയുടെ മക്കളുമായി ബന്ധമുള്ള ഒരു കമ്പനിക്ക് ബസ് വില്ക്കുകയോ പാട്ടത്തിന് നല്‍കുകയോ ചെയ്തിട്ടുണ്ട്.
ഗഡ്കരിയുടെ മകളുടെ വിവാഹത്തിന് ഉപയോഗിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ബസ് നല്‍കിയതെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. മകളുടെ വിവാഹ ചെലവ് വാഹന കമ്പനി വഹിച്ചെന്നും ആരോപിക്കുന്നു. കല്യാണത്തിന് അതിഥികളെ എത്തിക്കാന്‍ '50 ചാര്‍ട്ടേഡ് ഫ്ളൈറ്റുകളുണ്ടായിരുന്നെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ഇതിന്റെ ചിലവ് വഹിച്ചത് ഫോക്സ്വാഗന്റെ ധനകാര്യ കമ്പനിയാണ് എന്നാണ് എസ്.വി.ടി റിപ്പോര്‍ട്ട് പറയുന്നത്.
ബസ് നിര്‍മാതാക്കളായ സ്കാനിയയും നിതിന്‍ ഗഡ്കരിയുടെ കുടുംബാംഗങ്ങളുമായി അടുത്ത ബന്ധമുണ്ടെന്ന് കരുതപ്പെടുന്ന പേരറിയാത്ത ഇന്ത്യന്‍ കമ്പനിയും തമ്മിലുള്ള ഇടപാടിനെക്കുറിച്ച് സ്വീഡിഷ് മാധ്യമം സംശയങ്ങള്‍ ഉയര്‍ത്തുന്നുണ്ട്.
ആരോപണവിധേയമായ ഈ ഇടപാട്, സ്കാനിയ നടത്തിയ ഒരു ആഭ്യന്തര കമ്പനി അന്വേഷണത്തിലാണ് ആദ്യം പുറത്തുവരുന്നത്.
'2017 അവസാനത്തോടെ, സ്കാനിയ ഇന്ത്യയുടെ ഗതാഗത മന്ത്രിക്ക് പ്രത്യേകമായി രൂപകല്‍പ്പന ചെയ്ത ആഢംബര ബസ് സമ്മാനമായി നല്‍കിയതിന്റെ തെളിവുകള്‍ സ്കാനിയയുടെ ഓഡിറ്റര്‍മാര്‍ക്ക് ലഭിച്ചു. ഇന്ത്യയില്‍ ഒരു അസൈന്മെന്റ് നേടുകയെന്ന ലക്ഷ്യത്തോടെയാണ് ബസ് ഒരു ഇന്ത്യന്‍ മന്ത്രിക്ക് സമ്മാനമായി നല്‍കിയതെന്ന് സ്കാനിയയുടെ ഉടമസ്ഥതയിലുള്ള ജര്‍മ്മന്‍ വാഹന നിര്‍മാതാക്കളായ ഫോക്സ് വാഗണ്‍ ഉറവിടങ്ങള്‍ വിവരം നല്‍കിയതായി സ്വീഡിഷ് ന്യൂസ് ചാനല്‍ എസ്.വി.ടി പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.
ഗഡ്കരി ലിങ്ക്ഡ് കമ്പനി പണം നല്‍കാത്തതിന്റെ ഭാഗമായി കമ്പനി (സ്കാനിയ) ഫോക്സ് വാഗണിന് ചെലവായ പണം തിരിച്ചടച്ചതായി സ്കാനിയ സി.ഇ.ഒ സ്ഥിരീകരിച്ചു.
അതേസമയം, ആരോപണങ്ങള്‍ മന്ത്രിയുടെ ഓഫീസ് തള്ളിയതായി ദി വയര്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. കെട്ടിച്ചമച്ചതും അടിസ്ഥാന രഹിതവുമായ ആരോപണമാണിത്. ബസ് വാങ്ങിയതോ വിറ്റതോ ആയ ഇടപാടുകളില്‍ ഗഡ്കരിയുടെ കുടുംബത്തിന് പങ്കില്ല. ഇതുമായി ബന്ധപ്പെട്ട് ഒരു വ്യക്തിയുമായും കുടുംബത്തിന് ബന്ധമില്ലെന്നും മന്ത്രിയുടെ ഓഫിസ് പ്രസ്താവനയില്‍ പറയുന്നു.
മുമ്പ് ബൊഫോഴ്സ് അഴിമതിയും ആദ്യം റിപ്പോര്‍ട്ട് ചെയ്തത് സ്വീഡിഷ് മീഡിയ ആയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."