HOME
DETAILS

സംഘർഷം തുറന്നുകാട്ടുന്ന വംശീയത

  
backup
March 09 2022 | 21:03 PM

8456234563-3

ദാമോദർ പ്രസാദ്

അഭയാർഥികളുടെ, പ്രത്യേകിച്ചും സിറിയയിൽ നിന്നുള്ളവരുടെ ഒഴുക്ക് നിയന്ത്രിക്കാൻ ഡെൻമാർക്ക്‌ നടപ്പാക്കിയതാണ് വിവാദപരമായ 'ജ്വല്ലറി' നിയമം. അഭയം തേടി വരുന്നവരുടെ വിലപ്പെട്ട വസ്തുക്കൾ പിടിച്ചെടുക്കാൻ അതിർത്തി പൊലിസിന് അധികാരം നൽകുന്ന നിയമമാണിത്. ഈ നിയമാനുസൃതമായുള്ള അപഹരണത്തിനു ഡാനിഷ് സർക്കാർ നൽകിയ ന്യായീകരണം അഭയം തേടി വരുന്നവരുടെ പ്രാഥമിക ചിലവുകൾക്കുള്ളത് അവരിൽ നിന്നുതന്നെ കണ്ടെത്തുന്നുവെന്നാണ്. ഇതിനെതിരെ വ്യാപക പ്രതിഷേധമുയർന്നിരുന്നു. പക്ഷെ ഉക്രൈനിൽ നിന്നുള്ള അഭയാർഥികളുടെ വരവ് ആരംഭിച്ചതോടെ ജ്വല്ലറി നിയമം തന്നെ താൽക്കാലികമായി പിൻവലിക്കപ്പെട്ടിരിക്കുന്നു. എന്നിരുന്നാലും, അന്യായമായതെന്തിനെയും ന്യായീകരിക്കാൻ ലോകത്തെവിടെയുമെന്ന പോലെ ഒരു സാമൂഹികചോറ്റുപട്ടാളം പോറ്റിവളർത്തപ്പെടുന്നുണ്ട്. അവരുടെ ന്യായീകരണ തൊഴിൽ തന്നെ നയങ്ങളിലും നിയമങ്ങളിലുമുള്ള കൊടിയ വിവേചനത്തിനെതിരെയുള്ള പ്രതിഷേധങ്ങളെ ആക്രമിച്ചു ഇല്ലാതാക്കുക എന്നതാണ്.


സമീപകാലത്തെങ്ങും കാണാത്തവിധമുള്ള അഭയാർത്ഥിപ്രവാഹമാണ് യൂറോപ്പിലേക്ക്. അഭ്യാർത്ഥികളിൽ ഏഷ്യക്കാരും ആഫ്രിക്കക്കാരുമുണ്ട്. യുദ്ധവും മഹാമാരിയും പോലുള്ള മഹാപ്രതിസന്ധികൾ മനുഷ്യരുടെയാണെങ്കിലും രാഷ്ട്രങ്ങളുടെയാണെങ്കിലും തനിനിറം പുറത്തുകൊണ്ടുവരുമെന്ന ചിരപുരാതന ധാരണയ്ക്ക് അടിവരയിടുന്നു റഷ്യയുടെ ഉക്രൈൻ ആക്രമണത്തെ തുടർന്നുണ്ടായ സംഘർഷവും. മഹാമാരിക്കാലത്തും ഇപ്പോഴുള്ള സംഘർഷ കെടുതികളുടെ കാലത്തും യൂറോപ്പിന്റെ അടിത്തട്ടുകളിലെ വംശീയത മറനീക്കി മധ്യകാല ചോദനകളോടെ പുറത്തുവന്നിരിക്കുന്നു.
കൊവിഡ് തരംഗത്തിന്റെ ആദ്യ ഘട്ടത്തിലാണ് അമേരിക്കയിൽ ജോർജ് ഫ്ലോയിഡ് കൊലചെയ്യപ്പെടുന്നത്. പക്ഷെ കേസ് അട്ടിമറിക്കപ്പെടാൻ സാധ്യതയുണ്ടെന്ന് കണ്ടതോടെ ഫ്ളോയിഡിനു നീതി എന്ന മുദ്രാവാക്യമുയർത്തിക്കൊണ്ടു തെരുവിലിറങ്ങാൽ നിർബന്ധിതരായി കറുത്ത വർഗക്കാർ. കുടിയേറ്റത്തിനെതിരെയുള്ള കർക്കശനിയമങ്ങളിൽ അയവുവരുത്തി ഉക്രൈൻ അഭയാർത്ഥികൾക്ക് യൂറോപ്പ്യൻ രാഷ്ട്രങ്ങൾ വാതിൽ തുറന്നുകൊടുത്തതിനുള്ള കാരണം അവരുടെ മാധ്യമ വക്താക്കൾ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.


പാശ്ചാത്യർ ഉക്രൈനുകാരുമായുള്ള ഛായാസാദൃശ്യത്തെ അംഗീകരിക്കുന്നു. തൊലിവെളുപ്പും പാശ്ചാത്യരുടെ ജീവിതരീതിയുമാണ് ഉക്രൈൻ ജനതയുടേത്. എന്നാൽ ഉക്രൈനിൽ നിന്ന് പലായനം ചെയ്യുന്ന അനേകം ഏഷ്യക്കാരെയും ആഫ്രിക്കക്കാരെയും ദിവസങ്ങളോളം അതിർത്തിയിൽ സുരക്ഷാ സംവിധാനങ്ങളൊന്നുമില്ലാതെ അർധപട്ടിണിയിൽ പാർപ്പിച്ചിരിക്കുകയായിരുന്നു. അതിർത്തി കടന്നു പോളണ്ടിലേക്ക് പോകുന്ന ബസുകളിൽ ഇന്ത്യക്കാരെയും ആഫ്രിക്കക്കാരെയും പ്രവേശിപ്പിച്ചില്ല. വംശീയ വിവേചനങ്ങൾ പ്രകടമാകുന്ന വിഡിയോകൾ ലഭ്യമാണ്. അങ്ങനെയുള്ള ഒരു വിഡിയോയിൽ ട്രെയിൻ കയറാൻ ശ്രമിക്കുന്ന ആഫ്രിക്കൻ വിദ്യാർത്ഥികളെ ഉക്രൈൻ പൊലിസ് നിർബന്ധപ്പൂർവം ഇറക്കിവിടുന്നു. ഏഷ്യയിൽ നിന്നും ആഫ്രിക്കയിൽ നിന്നുമുള്ള ജനതയുടെ കുടിയേറ്റ ഭീതി അല്ലെങ്കിൽ തന്നെ യൂറോപ്പിൽ വ്യാപകമായി പടർന്നുപിടിച്ചിട്ടുള്ള മാനസിക വ്യാധിയാണ്. യൂറോപ്പ് എന്നാൽ വെള്ളക്കാരുടെ ദേശീയതയുടെ രഹസ്യവാക്കായാണ് പ്രവർത്തിക്കുന്നത്. യൂറോപ്പിന്റെ വംശീയ ശുദ്ധി നഷ്ടപ്പെടുന്നു എന്നതിനെക്കുറിച്ചു വ്യാകുലരാണ് ഒരു വിഭാഗം വെള്ളക്കാർ. നവനാസി സംഘടങ്ങൾക്ക് വമ്പിച്ച പിന്തുണ കിട്ടിക്കൊണ്ടിരിക്കുന്നുമുണ്ട്.


"ഇത് യൂറോപ്പാണ്, അവികസിതമായ മൂന്നാം ലോകമല്ല" എന്നാണ് ബ്രിട്ടനിലെ ദൃശ്യമാധ്യമ വാർത്താ ചാനലിലെ ഒരു മാധ്യമ പ്രവർത്തക സംഘർഷമാരംഭിച്ചതോടെയുള്ള കൂട്ടപലായനത്തിന്റെ ദൈന്യത കണ്ടു അലമുറയിട്ടത്. തികച്ചും ആത്മാർത്ഥമായിട്ടാണ് അവർ അതു ചെയ്തത്. ഉദാരവാദികളായ പാശ്ചാത്യർ വിദ്യാരംഭം മുതൽക്കേ പഠിച്ചുവച്ചിട്ടുളളത് കൊടും യാതനകൾ മൂന്നാം ലോക ജനതയ്ക്ക് മാത്രം അനുഭവിക്കാനായി ഇഹപരമായി സൃഷ്ടിക്കപ്പെട്ടിട്ടുള്ളതാണെന്നാണ്. പാശ്ചാത്യരുടെ മനസുകളിൽ മൂന്നാം ലോകമെന്നാൽ ഭൂമിശാസ്ത്രപരമായ ഭാവനമാത്മക അസ്തിത്വം മാത്രമല്ലുള്ളത്. അമേരിക്കൻ യൂറോപ്പ്യൻ രാജ്യങ്ങളിലെ കറുത്തവർഗക്കാരും കുടിയേറ്റക്കാരുമൊക്കെ മൂന്നാംലോക ജനത എന്ന ഗണത്തിൽതന്നെയാണ് അവർ ഉൾപ്പെടുത്തിയിരിക്കുന്നത്.
പ്രസിദ്ധമായ കൊളംബിയ ബ്രോഡ്കാസ്റ്റിംഗ് കോർപറേഷന്റെ (സി ബി എസ്) ജേർണലിസ്റ്റ് ഉള്ളുകലങ്ങി പറഞ്ഞത് ഇപ്രകാരമാണ് " എല്ലാ ബഹുമാനത്തോടെയും പറഞ്ഞോട്ടെ ഇത് ഇറാഖോ അഫ്ഗാനിസ്ഥാനോ അല്ല. ഇവിടെ കഴിഞ്ഞ കുറച്ചു ദശകങ്ങളായിട്ട് സംഘർഷങ്ങളുണ്ടായിട്ടില്ല. ആപേക്ഷികമായിട്ടാണെങ്കിലും പരിഷ്കൃത സമൂഹമായ യൂറോപ്പാണ് ഇത്. ഞാൻ സൂക്ഷിച്ചാണ് ഈ വാക്കുപയോഗിക്കുന്നത്. ഇങ്ങനെയൊരു സംഘർഷം ഇവിടെ ഉണ്ടായിട്ടുമില്ല ഉണ്ടാകുമെന്നു പ്രതീക്ഷിച്ചിട്ടുമില്ല" ഈ ടെലിവിഷൻ ചാനൽ പിന്നീട് സമ്മർദത്തിന് വിധേയമായി മാപ്പപേക്ഷിക്കാൻ നിർബന്ധിതമായി. എങ്കിലും ആ റിപ്പോർട്ടറുടെ വൈകാരിക ക്ഷോഭത്തിൽ അടങ്ങിയിട്ടുള്ള യാഥാർഥ്യമെന്തെന്നാൽ യുദ്ധവും സംഘർഷവും ബോംബ് വർഷവും പാശ്ചാത്യേതര രാജ്യങ്ങൾക്ക് മാത്രം അർഹതപ്പെട്ടതാണെന്നാണ്. ഇതൊക്കെയാണെങ്കിലും പാശ്ചാത്യ ഭരണാധികാരികളെ സമാധാന പ്രിയന്മാരായി അവതരിപ്പിക്കുകയും ചെയ്യും.


പാശ്ചാത്യ മാധ്യമങ്ങളുടെ കൂറും പക്ഷപാതവും വ്യക്തമാക്കുന്ന വിധത്തിലുള്ള വിവരണങ്ങൾ നിലയ്ക്കാതെ തന്നെ തുടരുകയാണ്. പക്ഷെ പാശ്ചാത്യ വീക്ഷണങ്ങളെ പ്രതിരോധിക്കാൻ വേണ്ടി ആരംഭിച്ച അൽ ജസീറയുടെ മാധ്യമ പ്രതിനിധിയും സമാനമായവിധത്തിൽ വംശീയ നീരിക്ഷണം നടത്തിയത് ആ ചാനലിനെ തന്നെ അങ്കാലാപ്പിലാക്കി. അൽ ജസീറയുടെ പൊതു നിലപാടിനെതിരായായിരുന്നു ചാനലിന്റെ ഇംഗ്ലീഷ് അവതാരകൻ പീറ്റർ ഡോബിന്റെ അഭിപ്രായ പ്രകടനം. തികഞ്ഞ നിഷ്കളങ്ക ഭാവത്തിൽ അവതാരകൻ പറഞ്ഞത് ഇത്രമാത്രമാണ്: "അവരെ (ഉക്രൈൻകാരെ) ശ്രദ്ധിക്കാൻ നമ്മൾ നിബന്ധിക്കപ്പെടുകയാണ്. അവർ വസ്ത്രമണിഞ്ഞിരിക്കുന്ന രീതി പോലും നമ്മളുമായി സാമ്യമുള്ളതാണ്. അവർ സമ്പന്നരായ മധ്യ വർഗ ജനതയാണ്. യുദ്ധം തുടർന്നുക്കൊണ്ടിരിക്കുന്ന മധ്യേഷ്യയിൽ നിന്ന് പലായനം ചെയ്ത അഭ്യർത്ഥികളല്ല അവർ. വടക്കേ ആഫ്രിക്കയിൽ നിന്ന് രക്ഷപെടാൻ ശ്രമിക്കുന്ന ജനവുമല്ല അവർ. നിങ്ങളുടെ തൊട്ടയൽപ്പക്കത്തു താമസിക്കുന്ന ഏതൊരു യൂറോപ്പ്യൻ കുടുംബത്തെയും പോലെയാണ് അവർ". അൽ ജസീറയും ഒടുവിൽ ഖേദം പ്രകടപ്പിച്ചു. പാശ്ചാത്യ മാധ്യമ പ്രവർത്തനത്തിന്റെ യാഥാർഥ്യമാണ് പീറ്റർ ഡോബ് അറിയാതെയാണെങ്കിലും വ്യക്തമാക്കിയത്.


തൊട്ടയൽപക്കത്തുള്ള യൂറോപ്യൻ വെള്ളക്കാരുടെ ലോകം മാത്രമേ പാശ്ചാത്യ മാധ്യമങ്ങൾക്ക് പരിചയമുള്ളൂ. അതിനപ്പുറമുള്ള ഏതു ലോകവും പാശ്ചാത്യ ലോകം മുമ്പേ ഉൾക്കൊണ്ട അധിനിവേശ പൗരസ്ത്യവാദത്തിന്റെയും വംശ വെറിയുടെയുംജ്ഞാന വീക്ഷണത്തിന്റെയും അടഞ്ഞകാഴ്ചകളാണ്. പാശ്ചാത്യ രാജ്യങ്ങളുടെ തികഞ്ഞ അജ്ഞതയുടെയും ചിന്താമൗഢ്യത്തിന്റെയും പ്രത്യാഘാതമാണ് നൂറ്റാണ്ടുകളായി മധ്യ-തെക്കേഷ്യൻ രാജ്യങ്ങൾ അനുഭവിക്കുന്നത്. ലോക സമാധാനത്തിനുള്ള ആദ്യ പടി എന്ന നിലയിൽ പാശ്ചാത്യ വിദ്യാഭ്യാസത്തിൽ ബഹുസംസ്കാര പഠനം ഒരു വിഷയമായി ചേർക്കേണ്ടതുണ്ട്. അത് പാശ്ചാത്യ ജനതയുടെ വരുംതലമുറകളെ കുറെയെങ്കിലും പരിഷ്കൃതരാക്കും. വ് ളാദിമിർ പുടിനെ നവനാസിയാക്കി ചിത്രീകരിച്ചും റഷ്യയെ നഖശിഖാന്തം എതിർത്തുകൊണ്ടുമുള്ള റിപ്പോർട്ടിങ്ങ് രീതിയാണ് പാശ്ചാത്യ മാധ്യമങ്ങൾ പിന്തുടരുന്നത്. ഇത് യുദ്ധാരംഭിക്കുന്നതിനു മുമ്പേ തുടങ്ങിയതാണ്. യുദ്ധത്തെ പ്രേരിപ്പിക്കുന്ന വിധത്തിലുള്ള വാർത്തകൾ പ്രസിദ്ധീകരിക്കാനും അമേരിക്കൻ മാധ്യമങ്ങൾക്ക് മടിയുണ്ടായിരുന്നില്ല.


അമേരിക്കയുടെ സഖ്യകക്ഷി എന്ന നിലയിൽ ഉക്രൈനെ പിന്തുണയ്ക്കുന്ന പാശ്ചാത്യ മാധ്യമങ്ങൾ ഉക്രൈൻ സൈന്യത്തോടൊപ്പം ചേർന്നു റഷ്യക്കെതിരെ പോരാടുന്ന ആ നാട്ടിലെ പൗര ജനതയെയും ആവോളം പ്രകീർത്തിക്കുന്ന പ്രത്യേക ഫീച്ചർ റിപ്പോർട്ടുകൾ നൽകിയിരുന്നു. എന്നാൽ ഇതേ മാധ്യമങ്ങൾ തന്നെ ഫലസ്തീൻ ജനതയുടെ അധിനിവേശവിരുദ്ധ പോരാട്ടങ്ങളെ തീവ്രവാദമായാണ് ചിത്രീകരിക്കാൻ താൽപര്യം കാണിച്ചിട്ടുള്ളത്.


ഫലസ്തീനികൾ പ്രതിരോധസമരത്തിന്റെ ഭാഗമായി ഒളിഞ്ഞുവെടിവയ്ക്കുന്ന ഇസ്രാഈൽ സൈനികർക്കെതിരെ കല്ലെടുത്തറിഞ്ഞുകൊണ്ടുളള പ്രതിഷേധത്തെ ഭീകരാക്രമണമായാണ് പാശ്ചാത്യ മാധ്യമങ്ങൾ അവതരിപ്പിച്ചത്. നാറ്റോയുടെ കൃത്യമായ ഇടപെടലുകളോടെ മധ്യേഷയിലും നടക്കുന്ന ആഭ്യന്തരയുദ്ധങ്ങളെ സാംസ്‌കാരിക അപരിഷ്‌കൃതവസ്ഥയുടെ പ്രകടങ്ങളായാണ് പാശ്ചാത്യ മാധ്യമങ്ങൾ കാണുന്നത്.


ജനാധിപത്യത്തിന്റെ അഭാവം നിമിത്തം സമാധാന ഉടമ്പടികൾ ലംഘിക്കുന്നവരായും പാശ്ചാത്യേതര സമൂഹങ്ങളെ പതിവായി മാധ്യമങ്ങൾ അവതരിപ്പിക്കുന്നു. അന്തരാഷ്ട്ര വിഷയങ്ങളിൽ വിദഗ്ദ്ധനായ ഇൻഡിപെൻഡന്റ് പത്രത്തിന്റെ മധ്യേഷ്യൻ റിപ്പോർട്ടർ റോബർട്ട് ഫിസ്ക് പറയുന്നത് സമാധാന പ്രക്രിയ തുടങ്ങിയ വാക്കുകൾ പെന്റഗൺ അഡ്മിനിസ്ട്രേഷൻ നിർമിക്കുന്നതാണെന്നാണ്. ഇത്തരം വാക്കുകളെ അമേരിക്കൻ ഇന്റലിജൻസ് വ്യവസ്ഥയുമായുള്ള അധികാര ബന്ധത്തിന്റെ അടിസ്ഥാനത്തിൽ പാശ്ചാത്യ മാധ്യമങ്ങൾ ഉപയോഗിക്കുകയും ലോകമാകെ പ്രചരിപ്പിക്കുകയും ചെയ്യുന്നു. അങ്ങനെ മാധ്യമ പ്രയോഗങ്ങളിലൂടെ പാശ്ചാത്യ വീക്ഷണം ലോകജനത സ്വായത്തമാക്കുകയാണ്.


അന്താരാഷ്ട്ര നിയമലംഘനങ്ങളെക്കുറിച്ചു വല്ലാതെ ആകുലപ്പെടുന്ന പാശ്ചാത്യ മാധ്യമങ്ങൾ ആവർത്തിക്കുന്ന കാര്യമാണ് റഷ്യ നടത്തിയിട്ടുള്ള അന്താരാഷ്ട്ര നിയമലംഘനം. ഉക്രൈൻ എന്ന സ്വതന്ത്ര പരമാധികാര രാഷ്ട്രത്തിലേക്ക് അധിനിവേശം നടത്തിയത് അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്നുള്ള കാര്യം തർക്കരഹിതമാണ്. ബുഷ് ഭരണകാലത്തെ അമേരിക്കയുടെ സെക്രട്ടറി ഓഫ് സ്‌റ്റേറ്റായിരുന്ന കൊണ്ടൊലീസ റൈസ് ഈ പ്രശ്നം ഉന്നയിക്കുകയും ചെയ്തു. അതായത് റഷ്യയുടെ അന്താരാഷ്ട്ര നിയമലംഘനത്തെ സംബന്ധിച്ചുള യാഥാർഥ്യം. ഇത് വസ്തുതയായിരിക്കെ തന്നെ ബുഷ് ഭരണകാലത്തു ഇറാഖിലേക്കുള്ള അമേരിക്കൻ അധിനിവേശത്തിനു പദ്ധതി തയാറാക്കിയവരിൽ ഏറ്റവും പ്രമുഖസ്ഥാനത്തുള്ള ഉന്നത ഉദ്യോഗസ്ഥയായിരുന്നു കൊണ്ടൊലീസ റൈസ്. ആ നിലയ്ക്ക് ഇറാഖ് അധിനിവേശത്തിൽ അമേരിക്ക നടത്തിയ നിയമ ലംഘനത്തെക്കുറിച്ചുള്ള ചോദ്യം പാശ്ചാത്യ മാധ്യമ റിപ്പോർട്ടർമാർ അവർക്ക് നേരെ ഉയർത്തേണ്ടതായിരുന്നു. പക്ഷെ അവർ അതു ചെയ്തില്ല. ചോദ്യങ്ങൾ ചോദിക്കാൻ അറിയാഞ്ഞിട്ടോ ഭയമുണ്ടായിട്ടോ അല്ല അവർ ചോദിക്കാതിരുന്നത് മറിച്ചു അമേരിക്കൻ അധിനിവേശത്തിൽ അവരും കക്ഷിയായിരുന്നതുക്കൊണ്ടാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

63 രാജ്യങ്ങളിലേക്ക് ഇ-വിസ പദ്ധതിയുമായി സഊദി

Saudi-arabia
  •  2 months ago
No Image

തെലങ്കാന പൊലിസില്‍ ഡി.എസ്.പിയായി ചുമതലയേറ്റ് മുഹമ്മദ് സിറാജ്

National
  •  2 months ago
No Image

ചെന്ത്രാപ്പിന്നി സ്വദേശി ദുബൈയിൽ അന്തരിച്ചു

uae
  •  2 months ago
No Image

ചെന്നൈയില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് അപകടം; കോച്ചുകള്‍ പാളം തെറ്റി, തീപിടിച്ചു; നിരവധി പേർക്ക് പരിക്ക്

National
  •  2 months ago
No Image

നിയമലംഘനം; ഒമാനിൽ ഏഴ് ബാർബർ ഷോപ്പുകൾ പൂട്ടിച്ചു

oman
  •  2 months ago
No Image

'ഹരിയാനയില്‍ 20 മണ്ഡലങ്ങളില്‍ ക്രമക്കേട് നടന്നുവെന്ന് കോണ്‍ഗ്രസ്', തെരഞ്ഞെടുപ്പ് കമ്മീഷന് രണ്ടാം നിവേദനം നല്‍കി 

Kerala
  •  2 months ago
No Image

യു.എ.ഇയിൽ കനത്ത മഴ; ആലിപ്പഴ വർഷം

uae
  •  2 months ago
No Image

ജമ്മു കശ്മീരില്‍ പുതിയ മന്ത്രിസഭ ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്യും

Kerala
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-11-10-2024

PSC/UPSC
  •  2 months ago
No Image

തൃപ്പൂണിത്തുറയില്‍ 73 സിപിഎം പ്രവര്‍ത്തകര്‍ കോണ്‍ഗ്രസില്‍; അംഗത്വം നല്‍കി പ്രതിപക്ഷ നേതാവ് 

latest
  •  2 months ago