ഉക്രൈനിലുള്ള എല്ലാ ഇന്ത്യക്കാരെയും ഒഴിപ്പിച്ചു ഓപ്പറേഷൻ ഗംഗ ഇന്നവസാനിക്കും സുമിയിൽ കുടുങ്ങിയവർ ഇന്നെത്തും
കെ.എ സലിം
ന്യൂഡൽഹി
ഉക്രൈനിലെ സംഘർഷഭൂമിയിൽ കുടുങ്ങിയ ഇന്ത്യക്കാരെ തിരിച്ചെത്തിക്കുന്ന ഓപ്പറേഷൻ ഗംഗ പദ്ധതി ഇന്ന് അവസാനിക്കും. ഇന്ത്യക്കാരുമായുള്ള അവസാന വിമാനം ഇന്ന് വൈകിട്ട് പോളണ്ടിൽ നിന്ന് രാജ്യത്തേക്ക് പുറപ്പെടും.
സുമിയിലുള്ള 700ഓളം പേരെ കൂടി പോളണ്ടിലെത്തിച്ചതിന് പിന്നാലെയാണ് ഒഴിപ്പിക്കൽ നടപടി ഇന്നത്തോടെ അവസാനിപ്പിക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചത്. ഇതിന് പിന്നാലെ ഇതിനായി നിയോഗിച്ച ഉദ്യോഗസ്ഥൻ രാജ്യത്തേക്ക് മടങ്ങും. റൊമാനിയയിൽ ബാക്കിയുള്ള ഇന്ത്യക്കാരുമായി അവസാന വിമാനം ഇന്നലെ രാജ്യത്തേക്ക് പുറപ്പെട്ടു. ഇതുവരെ 8,000 പേരെ റൊമാനിയ വഴി ഇന്ത്യയിലെത്തിച്ചതായി റൊമാനിയയിലെ ഇന്ത്യൻ എംബസി അറിയിച്ചു.
ഉക്രൈനിൽ നിന്ന് എംബസിയോട് സഹായം അഭ്യർഥിച്ച മുഴുവൻ ഇന്ത്യൻ പൗരന്മാരെയും സുരക്ഷിതമായി അതിർത്തി കടത്തിയതായി വിദേശകാര്യമന്ത്രാലയം അറിയിച്ചു. എംബസി വെബ്‌സൈറ്റിൽ സഹായത്തിനായി രജിസ്റ്റർ ചെയ്യാത്ത ഇന്ത്യക്കാർ ആരെങ്കിലും ഉക്രൈനിൽ ബാക്കിയുണ്ടെങ്കിൽ അവർ ഉടൻ തന്നെ സുരക്ഷിത ഇടനാഴി ഉപയോഗിച്ച് പടിഞ്ഞാറൻ ഭാഗത്തേക്ക് നീങ്ങണമെന്ന് കഴിഞ്ഞ ദിവസം ഉക്രൈനിലെ ഇന്ത്യൻ എംബസി നിർദേശിച്ചിരുന്നു. ഇത്തരത്തിൽ ആരെങ്കിലുമെത്തിയാൽ അവരെ കൂടി ഇന്ന് പുറപ്പെടുന്ന അവസാന വിമാനത്തിൽ ഇന്ത്യയിലെത്തിക്കാനാണ് പദ്ധതി.
ചൊവ്വാഴ്ച സുരക്ഷിത ഇടനാഴി വഴി സുമിയിൽ നിന്ന് പോൾട്ടോവയിലെത്തിച്ച വിദ്യാർഥികളെ ഇന്നലെ തീവണ്ടിമാർഗം ലിവീവിലെത്തിച്ചു. ലിവീവിൽ നിന്ന് പ്രത്യേക തീവണ്ടിയിൽ ഇവരെ പോളണ്ട് അതിർത്തിലേക്ക് കൊണ്ടുപോയി. ഇതിനായി ഉക്രൈൻ അധികൃതർ പ്രത്യേക തീവണ്ടി അനുവദിച്ചിരുന്നു.
ഫെബ്രുവരി 24ന് റഷ്യ ഉക്രൈനിൽ ആക്രമണം തുടങ്ങിയ ശേഷം ഇതുവരെ 18,000ത്തിലധികം ഇന്ത്യക്കാരെ ഉക്രൈനിൽ നിന്ന് ഒഴിപ്പിച്ചതായാണ് വിദേശകാര്യമന്ത്രാലയം അറിയിക്കുന്നത്. 26നാണ് ഓപ്പറേഷൻ ഗംഗ ആരംഭിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."