അഞ്ച് സംസ്ഥാനങ്ങളിൽ ആരൊക്കെ..? ഇന്നറിയാം ഉത്തർപ്രദേശ്, പഞ്ചാബ്, ഉത്തരാഖണ്ഡ്, ഗോവ, മണിപ്പൂർ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം ഇന്ന്
ന്യൂഡൽഹി
അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ഇന്ന്. ഉത്തർപ്രദേശ്, പഞ്ചാബ്, ഉത്തരാഖണ്ഡ്, ഗോവ, മണിപ്പൂർ സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളുടെ ഫലമാണ് ഇന്ന് അറിയാനാവുക. വോട്ടെണ്ണൽ രാവിലെ തുടങ്ങും. ഉച്ചയോടെ ഏകദേശ ഫലം അറിയാനാവും. ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, ഗോവ, മണിപ്പൂർ സംസ്ഥാനങ്ങൾ നിലവിൽ ബി.ജെ.പിയാണ് ഭരിക്കുന്നത്. പഞ്ചാബിൽ കോൺഗ്രസ് ഭരണമാണ്.
ഉത്തർപ്രദേശിലും മണിപ്പൂരിലും ബി.ജെ.പി തന്നെ വീണ്ടും അധികാരത്തിലെത്തുമെന്നാണ് എക്‌സിറ്റ് പോൾ ഫലങ്ങൾ പ്രവചിക്കുന്നത്. പഞ്ചാബിൽ ആംആദ്മി പാർട്ടിക്കാണ് മുൻതൂക്കം നൽകുന്നത്. ഉത്തരാഖണ്ഡിലും ഗോവയിലും കോൺഗ്രസും ബി.ജെ.പിയും ഇഞ്ചോടിഞ്ച് പോരാട്ടമാണ് കാഴ്ചവയ്ക്കുകയെന്നും എക്‌സിറ്റ് പോൾ ഫലങ്ങൾ പ്രവചിക്കുന്നുണ്ട്. ഗോവയിലും ഉത്തരാഖണ്ഡിലും ആർക്കും ഭൂരിപക്ഷം ലഭിക്കാനിടയില്ലാത്ത സാഹചര്യത്തിൽ തങ്ങളുടെ എം.എൽ.എമാരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റാനുള്ള നടപടികളും കോൺഗ്രസ് സ്വീകരിച്ചിട്ടുണ്ട്. വോട്ടിങ് മെഷീൻ അട്ടിമറി സംബന്ധിച്ച ആശങ്കയുള്ളതിനാൽ അഞ്ചു സംസ്ഥാനങ്ങളിലും ബി.ജെ.പി ഇതര രാഷ്ട്രീയപ്പാർട്ടികൾ അതീവ ജാഗ്രതയിലാണ്. യു.പിയിലെ വാരണസിയിൽ ട്രക്കിൽ വോട്ടിങ് മെഷീനുകൾ കൊണ്ടുപോകുന്നത് കണ്ടെത്തിയതിന് പിന്നാലെ ബി.ജെ.പി അട്ടിമറിക്ക് ശ്രമിക്കുന്നതായും വോട്ട് മോഷ്ടിക്കാൻ ശ്രമിക്കുന്നതായും സമാജ് വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് ആരോപിച്ചിരുന്നു. പഞ്ചാബിൽ വോട്ടിങ് മെഷീനുകളുടെ സുരക്ഷ നിരീക്ഷിക്കുന്നത് ആംആദ്മി പാർട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാർഥി ഭഗവന്ദ് മാനിന്റെ നേതൃത്വത്തിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."