ഹൈദരലി തങ്ങളുടെ സ്മരണയിൽ ഭക്തിനിർഭരമായി പാണക്കാട് പ്രാർഥനാ സദസിൽ ആയിരങ്ങൾ സംഗമിച്ചു
അശ്‌റഫ് കൊണ്ടോട്ടി
മലപ്പുറം
ആത്മീയ സദസിൽനിന്ന് ദിക്‌റുകൾ ഉയർന്നു... കണ്ഠമിടറിയുള്ള ഖുർആൻ സൂക്തങ്ങളും, കൂടെ ഉള്ളുരുകിയ പ്രാർഥനകളും... ആമീൻ ഉരുവിട്ട് ആയിരങ്ങൾ... പാണക്കാട് ദാറുന്നഈമിൽ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ വിയോഗത്തിന്റെ മൂന്നാം ദിനത്തിൽ ആയിരങ്ങൾ സംഗമിച്ച പ്രത്യേക പ്രാർഥന ഭക്തിനിർഭരമായി.
രാവിലെ 10നു നടന്ന ഖബർ സിയാറത്തിനും പ്രാരംഭ പ്രാർഥനയ്ക്കും പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളും സമാപന പ്രാർഥനയ്ക്ക് സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങളും നേതൃത്വം നൽകി. ഖുർആൻ പാരായണം, മൗലിദ് തുടങ്ങിയവയും നടന്നു. സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാർ, സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി, നാസർ അബ്ദുൽ ഹയ്യ് ശിഹാബ് തങ്ങൾ, ആദൃശ്ശേരി ഹംസക്കുട്ടി മുസ്‌ലിയാർ, ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ്‌വി, കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ, ഇ.ടി മുഹമ്മദ് ബഷീർ എം.പി, അബ്ദുസ്സമദ് സമദാനി എം.പി, പി.കെ കുഞ്ഞാലിക്കുട്ടി, പാണക്കാട് ബഷീറലി ശിഹാബ് തങ്ങൾ, അബ്ബാസലി ശിഹാബ് തങ്ങൾ, മുനവ്വറലി ശിഹാബ് തങ്ങൾ, റഷീദലി ശിഹാബ് തങ്ങൾ, മുഈനലി ശിഹാബ് തങ്ങൾ, നഈമലി ശിഹാബ് തങ്ങൾ, ഹമീദലി ശിഹാബ് തങ്ങൾ, അബ്ദുസ്സമദ് പൂക്കോട്ടൂർ, ഗൾഫാർ മുഹമ്മദലി, ഹംസ ബാഫഖി തങ്ങൾ തുടങ്ങി നിരവധിപേർ സംബന്ധിച്ചു. സംസ്ഥാനത്തിന്റെ വിവിധ ഭാഗത്തുനിന്ന് പുലർച്ചെയോടെ തന്നെ നൂറുകണക്കിന് ആളുകളാണ് പ്രത്യേക പ്രാർഥനയിൽ പങ്കെടുക്കാനായി പാണക്കാട്ടെത്തിയത്. ആൾക്കൂട്ടത്തെ നിയന്ത്രിക്കാൻ വിഖായ, വൈറ്റ് ഗാർഡ് പ്രവർത്തകർ ഉണ്ടായിരുന്നു. വൈകിട്ട് മജ്‌ലിസിന്നൂറും നടന്നു. ഹൈബി ഈഡൻ എം.പി വസതി സന്ദർശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."