അഞ്ചുവയസുകാരിയെ പീഡിപ്പിച്ച് കൊന്ന കേസ് പട്ടികജാതി വിഭാഗത്തിനെതിരേയുള്ള അതിക്രമം നിലനിൽക്കില്ലെന്ന് ഹൈക്കോടതി
കൊച്ചി
അഞ്ചു വയസുകാരിയെ വണ്ടിപ്പെരിയാറിൽ പീഡിപ്പിച്ച് കൊന്ന കേസിൽ പ്രതിക്കെതിരേ പട്ടികജാതി - പട്ടിക വർഗ വിഭാഗങ്ങൾക്കെതിരായ അക്രമം തടയുന്ന നിയമപ്രകാരമുള്ള കുറ്റം കൂടി ചുമത്തണമെന്നാവശ്യപ്പെട്ട് കുട്ടിയുടെ പിതാവ് നൽകിയ ഹരജി ഹൈക്കോടതി തള്ളി. പ്രതി അർജുനും പട്ടികജാതി വിഭാഗത്തിൽ ഉൾപ്പെട്ടയാളാണെന്ന പൊലിസിന്റെ വിശദീകരണത്തിൻ്റെ അടിസ്ഥാനത്തിലാണ് ജസ്റ്റിസ് ഡോ. കൗസർ എടപ്പഗത്ത് ഹരജി തള്ളിയത്. അർജ്ജുൻ പട്ടികജാതിക്കാരനാണെന്ന സർട്ടിഫിക്കറ്റുകൾ പരിശോധിച്ച് ഉറപ്പു വരുത്തിയതാണെന്ന് പൊലിസ് വ്യക്തമാക്കി.
ഇതു തെറ്റാണെന്നും അർജ്ജുന്റെ പിതാവ് ക്രിസ്തുമതം സ്വീകരിച്ചതാണെന്നുമായിരുന്നു ഹരജിക്കാരന്റെ വാദം. എന്നാൽ പെൺകുട്ടി പട്ടികജാതി വിഭാഗത്തിലുൾപ്പെട്ടതാണെന്ന് അറിഞ്ഞുകൊണ്ടാണ് പ്രതി കുറ്റം ചെയ്തതെന്ന് പ്രഥമ വിവര മൊഴിയിലോ മറ്റു രേഖകളിലോ ഇല്ലെന്നു സിംഗിൾ ബെഞ്ച് വിലയിരുത്തി.
കേസിൽ അന്വേഷണം പൂർത്തിയാക്കി അന്തിമ റിപ്പോർട്ടു സമർപ്പിച്ചിരുന്നു. ഇതുകൂടി കണക്കിലെടുത്താണ് ഹരജി തള്ളിയത്. 2021 ജൂൺ 30 നാണ് വണ്ടിപ്പെരിയാറിലെ എസ്റ്റേറ്റ് ലായത്തിലെ മുറിയിൽ ആണ് പെൺകുട്ടിയെ പീഡനത്തിനിരയാക്കിയ ശേഷം കൊന്ന് കെട്ടിത്തൂക്കിയ നിലയിൽ കണ്ടെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."