മണ്ഡലത്തില്‍ ഒരുക്കങ്ങള്‍ ആരംഭിച്ചു; കുറ്റ്യാടിയില്‍ മത്സരിക്കാനുറച്ച് കേരള കോണ്‍ഗ്രസ് (എം)
കോഴിക്കോട്: സി.പി.എം പ്രവര്‍ത്തകരുടെ പ്രതിഷേധത്തെ തുടര്‍ന്ന് പ്രഖ്യാപനം നീണ്ട കുറ്റ്യാടിയില്‍ ഇടതുമുന്നണിക്കുവേണ്ടി കേരള കോണ്‍ഗ്രസ് (എം) തന്നെ മത്സരിക്കും. സീറ്റ് കേരള കോണ്‍ഗ്രസിന് നല്‍കിയതിലുള്ള പ്രതിഷേധം കണക്കിലെടുക്കേണ്ടെന്ന സി.പി.എം നേതൃത്വത്തിന്റെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ മണ്ഡലത്തില്‍ എല്‍.ഡി.എഫിന്റെ തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ ആരംഭിച്ചു. സ്ഥാനാര്‍ഥി അഡ്വ. മുഹമ്മദ് ഇക്ബാല്‍ ഇന്നലെ മണ്ഡലത്തിലെ പ്രമുഖരുമായി കൂടിക്കാഴ്ച നടത്തി. രാവിലെ കോഴിക്കോട്ടെത്തിയ അദ്ദേഹം സി.പി.എം ജില്ലാ സെക്രട്ടറി പി.മോഹന നുമായും മറ്റു നേതാക്കളുമായും ആശയവിനിമയം നടത്തിയിരുന്നു. തല്‍ക്കാലം പരസ്യപ്രചാരണം തുടങ്ങേണ്ടെന്ന് സി.പി.എം നേതാക്കള്‍ അദ്ദേഹത്തെ ഉപദേശിച്ചു. സ്ഥാനാര്‍ഥിത്വം ഔദ്യോഗികമായി പാര്‍ട്ടി ചെയര്‍മാന്‍ ജോസ് കെ. മാണി പ്രഖ്യാപിക്കുമെന്നും മണ്ഡലത്തില്‍ വിജയപ്രതീക്ഷയുണ്ടെന്നും മുഹമ്മദ് ഇഖ്ബാല്‍ പറഞ്ഞു. എല്ലാവരെയും വിശ്വാസത്തിലെടുത്തുകൊണ്ടുള്ള പ്രവര്‍ത്തനമാണ് കേരള കോണ്‍ഗ്രസ് ഉദ്ദേശിക്കുന്നതെന്നും അതിനാലാണ് മുറിവുണങ്ങാന്‍ കാത്തിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ രണ്ടു തെരഞ്ഞെടുപ്പുകളില്‍ പേരാമ്പ്ര മണ്ഡലത്തില്‍ സി.പി.എമ്മിനെതിരേ യു.ഡി.എഫ് സ്ഥാനാര്‍ഥിയായി മുഹമ്മദ് ഇഖ്ബാല്‍ മത്സരിച്ചിരുന്നു. സീറ്റ് വിട്ടുകൊടുത്തശേഷം തിരിച്ചുപിടിക്കുന്ന സമീപനം സി.പി.എമ്മിനില്ലെന്ന് കഴിഞ്ഞദിവസം നേതാക്കള്‍ വ്യക്തമാക്കിയതോടെയാണ് സീറ്റ് കേരള കോണ്‍ഗ്രസിനു തന്നെയാണെന്ന് ഉറപ്പായത്. സി.പി.എമ്മിന്റെ ഏരിയ, ലോക്കല്‍, ബ്രാഞ്ച് കമ്മിറ്റികള്‍ വിളിച്ചുചേര്‍ത്ത് പാര്‍ട്ടി തീരുമാനം വിശദീകരിച്ചുവരികയാണ്. അതു പൂര്‍ത്തിയായശേഷമേ സ്ഥാനാര്‍ഥിപ്രഖ്യാപനം ഉണ്ടാവുകയുള്ളൂ. കഴിഞ്ഞ ദിവസങ്ങളില്‍ പ്രകടനത്തില്‍ പങ്കെടുത്ത ചിലര്‍ തെറ്റുപറ്റിയെന്നും പാര്‍ട്ടിക്കെതിരേ മുദ്രാവാക്യം വിളിച്ചത് തെറ്റായിപ്പോയെന്നും സമ്മതിച്ചിട്ടുണ്ട്. പെട്ടെന്നുതന്നെ അച്ചടക്ക നടപടികള്‍ ഉണ്ടാവില്ലെങ്കിലും തെരഞ്ഞെടുപ്പിനുശേഷം നടപടിക്ക് സാധ്യതയുണ്ട്.
ഇന്നലെ ഇടതുമുന്നണി കുറ്റ്യാടി മണ്ഡലം കമ്മിറ്റി യോഗം ചേര്‍ന്ന് തെരഞ്ഞെടുപ്പു പ്രചാരണത്തിനുള്ള ഒരുക്കംതുടങ്ങി. കേരള കോണ്‍ഗ്രസ് (എം) പ്രതിനിധികളും യോഗത്തില്‍ സംബന്ധിച്ചിരുന്നു. 15ന് വൈകിട്ട് നാലിന് തെരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരണ കണ്‍വന്‍ഷന്‍ ആയഞ്ചേരിയില്‍ നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. അതിനുമുന്‍പ് സ്ഥാനാര്‍ഥി പ്രഖ്യാപനം നടത്താനാണ് തീരുമാനം. ഞായറാഴ്ച കുറ്റ്യാടിയില്‍ പ്രകടനവും വിശദീകരണ യോഗവും നടത്താന്‍ സി.പി.എം തീരുമാനിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."