സര്‍ക്കാര്‍ വാഹനങ്ങളുടെ ആയുസ് 15 വര്‍ഷമായി നിജപ്പെടുത്തി കേന്ദ്രം : പൊളിച്ചടുക്കേണ്ടിവരിക വിവിധ വകുപ്പിന് കീഴിലുള്ള വാഹനങ്ങള്‍
ആലുവ: സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍, ട്രാന്‍സ്‌പോപോര്‍ട്ട് കോര്‍പ്പറേഷന്‍ വാഹനങ്ങളുടെ ആയുസ് 15 വര്‍ഷമായി നിജപ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍ കരട് വിജ്ഞാപനമിറക്കി. 2022 ഏപ്രില്‍ ഒന്നിന് നിലവില്‍ വരുന്ന വിധത്തിലാണ് നിര്‍ബന്ധിത പൊളിക്കല്‍ വ്യവസ്ഥകള്‍ നിലവില്‍ വരുന്നത്. നിയമം പ്രാബല്യത്തില്‍ വരുന്നതോടെ വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കാന്‍ പോകുന്നത്.
വിഷയത്തില്‍ പരാതികള്‍ ഉണ്ടെങ്കില്‍ 30 ദിവസത്തിനകം അറിയിക്കണമെന്നാണ് വിജ്ഞാപനത്തിലുള്ളത്. ഈ വിജ്ഞാപനത്തോടെ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ഉടമസ്ഥതയില്‍ വിവിധ വകുപ്പിന് കീഴില്‍ വരുന്ന മുഴുവന്‍ വാഹനങ്ങളും പൊളിച്ചടുക്കേണ്ടിവരും. കോര്‍പ്പറേഷന്‍ മുന്‍സിപ്പാലിറ്റി പഞ്ചായത്ത് ഉടമസ്ഥതയിലുള്ള മുഴുവന്‍ വാഹനങ്ങളും ഇതില്‍പെടും. കൂടാതെ വിവിധ ട്രാന്‍സ്‌പ്പോര്‍ട്ട് കോര്‍പ്പറേഷനുകളുടെ വാഹനങ്ങളും പതിനഞ്ച് വര്‍ഷം പൂര്‍ത്തിയായാല്‍ നിരത്തിലിറക്കാനാവില്ല. പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും ഈ നിയമം ബാധകമാകും. കൊവിഡ് പോലുള്ള പ്രതിസന്ധികള്‍ക്കിടെ രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധികളിലൂടെ കടന്നുപോകുമ്പോള്‍ ഈ തീരുമാനം കൂടുതല്‍ സാമ്പത്തിക പ്രതിസന്ധിയിലേക്കാണ് തള്ളിവിടുക എന്ന കാര്യത്തില്‍ സംശയമില്ല.
സ്വകാര്യ ഉടമസ്ഥതയിലുള്ള വാഹനങ്ങള്‍ക്ക് 15 വര്‍ഷം പൂര്‍ത്തിയായവക്ക് സ്വകാര്യ പരിശോധന കേന്ദ്രങ്ങളില്‍ ഫിറ്റ്‌നസ് പുതുക്കാന്‍ അവസരം ഉണ്ട്. എന്നാല്‍ പുതിയ വിജ്ഞാപനത്തില്‍ സര്‍ക്കാര്‍ അര്‍ധ സര്‍ക്കാര്‍, കോര്‍പ്പറേഷന്‍ ഉടമസ്ഥതയിലുള്ള വാഹനങ്ങള്‍ക്ക് ഈ സൗകര്യം ഉണ്ടാകില്ല. ഇതോടെ ഇത്തരം വാഹനങ്ങള്‍ 15 വര്‍ഷം പൂര്‍ത്തിയായാല്‍ നിര്‍ബന്ധമായി പൊളിച്ച് മാറ്റേണ്ടി വരും. പുതിയ നിയമം പുനപ്പരിശോധിക്കണമെന്ന ആവശ്യമാണ് ഉയരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."