ബൂത്വിയെ മലയാളത്തില്‍ വായിക്കുമ്പോള്‍
മലയാളത്തിലെ ഇസ്‌ലാമിക വായനക്ക് കൂടുതല്‍ സുപരിചിതനായ ആഗോളപണ്ഡിതനാണ് ഡോ. സഈദ് റമദാന്‍ ബൂത്വി. അദ്ദേഹത്തിന്റെ വിവിധ രചകളുടെ ഭാഷാന്തരം മലയാളത്തില്‍ സമീപകാലത്തായി വന്നിട്ടുണ്ട്. ഇപ്പോള്‍ അദ്ദേഹത്തിന്റെ ജീവചരിത്രംകൂടി മലയാളത്തില്‍ വന്നിരിക്കുന്നു. 'ഡോ. സഈദ് റമദാന്‍ ബൂത്വി: ജീവിതവും സംഭാവനകളും' എന്ന തലക്കെട്ടില്‍ ശാക്കിര്‍ മണിയറയാണ് ജീവചരിത്രം തയ്യാറാക്കിയിരിക്കുന്നത്. 2013 മാര്‍ച്ച് 21 ന് സിറിയയിലുണ്ടായ ചാവേര്‍ ആക്രമണത്തില്‍ എണ്‍പത്തി നാലാം വയസില്‍ വധിക്കപ്പെട്ട അദ്ദേഹം കഴിഞ്ഞ മുപ്പതുവര്‍ഷമായി സിറിയന്‍ മുസ്‌ലിംകളെ ഏറ്റവും കൂടുതല്‍ സ്വാധീനിച്ച പണ്ഡിതനാണ്. ആധുനിക മുസ്‌ലിം അക്കാദമിക പണ്ഡിതന്‍മാരില്‍ നിന്നു വ്യത്യസ്തമായി കര്‍മശാസ്ത്രത്തെയും തസവ്വുഫിനെയും കുറിച്ച അന്വേഷണത്തില്‍ ശ്രദ്ധപതിപ്പിച്ച അദ്ദേഹം ആധുനിക ഗസ്സാലി എന്ന പേരില്‍ അറിയപ്പെട്ടു. അറുപതോളം കനപ്പെട്ട ഗ്രന്ഥങ്ങളെഴുതുകയും ഇസ്‌ലാമിക വൈജ്ഞാനിക മണ്ഡലത്തിന് വലിയ സംഭാവനകള്‍ നല്‍കുകയും ചെയ്ത അദ്ദേഹത്തിന്റെ ജീവിതം വായിക്കപ്പെടേണ്ടതു തന്നെയാണ്.
ഏഴ് അധ്യായങ്ങളിലായി റമളാന്‍ ബൂത്വിയുടെ ജീവിതവും സംഭാവനകളും രേഖപ്പെടുത്താനാണ് പുസ്തകം ശ്രമിച്ചിരിക്കുന്നത്. കുടുംബവും കുട്ടിക്കാലവും, പിതാവായ മുല്ലാ റമളാന്‍ ബൂത്വിയുടെ കീഴിലെ പഠനം, വിവാഹം, അധ്യാപനം, അക്കാദമിക ഇടപെടലുകള്‍, പ്രഭാഷണങ്ങള്‍, നിലപാടുകള്‍, രചനകള്‍ തുടങ്ങിയ തലങ്ങള്‍ പുസ്തകത്തില്‍ വിശകലന വിധേയമാക്കുന്നുണ്ട്. പണ്ഡിതനും സൂഫിയുമായ പിതാവ് മുല്ലാ റമളാന്‍ ബൂത്വിയുടെ ശിക്ഷണമാണ് സഈദ് ബൂത്വിയെ വാര്‍ത്തെടുക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നത്. തന്റെ ജീവിതത്തെ എങ്ങനെയാണ് പിതാവ് സ്വാധീനിച്ചത് എന്ന് കൃത്യമായി രേഖപ്പെടുത്തുന്നുണ്ട് ബൂത്വിയുടെ 'ഹാദാ വാലിദീ' (ഇതാണെന്റെ പിതാവ്) എന്ന ഗ്രന്ഥത്തില്‍.
ധിഷണയുടെയും അറിവിന്റെയും ആഴംകൊണ്ട് ശ്രദ്ധേയമാണ് ബൂത്വിയുടെ വൈജ്ഞാനിക ഇടപെടലുകള്‍. മതത്തിനകത്തും പുറത്തുമുള്ള ചിന്താധാരകളോട് ഒരേസമയം കലഹിക്കുന്ന ബൂത്വിയുടെ ധൈഷണിക വ്യവഹാരങ്ങള്‍ കൂടുതല്‍ പഠന വിധേയമാക്കേണ്ടതുണ്ട്. ബൂത്വിയുടെ പടിഞ്ഞാറിന്റെ ഇസ്‌ലാം വിരുദ്ധതതക്കുള്ള മറുപടിയും ഇസ്‌ലാമിന്റെ സ്ത്രീ വിമര്‍ശനങ്ങള്‍ക്കുള്ള മറുപടിയും മദ്ഹബ് നിഷേധികളോടുള്ള സമീപനവുമെല്ലാം ഈ പുസ്തകത്തില്‍ വിവരിക്കുന്നുണ്ട്. ഖുര്‍ആന്‍, ഹദീസ്, കര്‍മശാസ്ത്രം, വിശ്വാസശാസ്ത്രം, തത്ത്വശാസ്ത്രം, ഇസ്‌ലാമിക ചരിത്രം, അധ്യാത്മികത, സാഹിത്യം തുടങ്ങിയ വിവിധ മേഖലകളില്‍ നിറഞ്ഞുനില്‍ക്കുന്ന ബൂത്വിയുടെ രചനാലോകം പുസ്തകത്തില്‍ പരിചയപ്പെടുത്തുന്നത് ശ്രദ്ധേയമാണ്. അദ്ദേഹത്തിന്റെ 59 പുസ്തകങ്ങളെ കുറിച്ചുള്ള ചെറിയ വിവരണമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. 1949 ല്‍, ഇരുപതാം വയസിലാണ് അദ്ദേഹം എഴുത്താരംഭിക്കുന്നത്. 'അല്‍ ഇജ്തിഹാദ്' പോലുള്ള അറേബ്യന്‍ മാഗസിനുകളില്‍ സ്ഥിരമായി ലേഖനങ്ങള്‍ എഴുതിയിരുന്നു. 1991 ജനുവരി മുതല്‍ വിവിധ വിഷയങ്ങളെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് സിറിയയില്‍ നിന്നു പുറത്തിറങ്ങുന്ന ത്വബീബാക് മെഡിക്കല്‍ മാഗസിനില്‍ അദ്ദേഹം മറുപടി പറയുകയും ചെയ്തിരുന്നു.
ജന്‍മനാടായ സിറിയയിലെ ബൂട്ടാനിനെ സൂചിപ്പിച്ചാണ് പില്‍ക്കാലത്ത് ബൂത്വി എന്ന പേരില്‍ സഈദ് റമളാന്‍ അറിയപ്പെട്ടത്. ഉറച്ച പാരമ്പര്യ വിശ്വാസിയും മിതവാദിയുമായിരുന്ന അദ്ദേഹം സിറിയന്‍ ആഭ്യന്തരകലാപത്തില്‍ കൃത്യമായ നിലപാട് സ്വീകരിച്ചു. ശീഈയായ ബശാറിനെ താഴെയിറക്കാനുള്ള പ്രക്ഷോഭത്തിന് സുന്നിയായ ബൂത്വിയുടെ പിന്തുണ ലഭിക്കുമെന്നാണ് പ്രക്ഷോഭകാരികള്‍ കരുതിയത്. എന്നാല്‍, അദ്ദേഹം അങ്ങനെയല്ല നിലപാട് സ്വീകരിച്ചത്. അതിന്റെ പേരില്‍ അടുപ്പക്കാര്‍ പോലും അദ്ദേഹത്തില്‍ നിന്നകന്നു. യഥാര്‍ഥത്തില്‍ ഇത് ബശാറിന്റെ ഭരണത്തിനുള്ള പിന്തുണയായിരുന്നില്ല, മറിച്ച് ബൂത്വിയുടെ കര്‍മശാസ്ത്രനിലപാടായിരുന്നു. പരസ്യമായി സത്യനിഷേധത്തിന് മുതിരുകയോ നിസ്‌കാരം നിരോധിക്കുകയോ ചെയ്യാത്ത കാലത്തോളം ആക്രമിയാണെങ്കില്‍ പോലും ഭരണാധികാരികള്‍ക്കെതിരെ രംഗത്തിറങ്ങാന്‍ പാടില്ലെന്നാണ് സിറിയന്‍ പശ്ചാത്തലത്തില്‍ നിന്നുകൊണ്ട് ബൂത്വി വിശദീകരിച്ചത്. ഒടുവില്‍, ഈ നിലപാടിന്റെ പേരില്‍ സ്വന്തം ജീവന്‍ തന്നെ അദ്ദേഹത്തിന് നല്‍കേണ്ടിവന്നു. ഏതായാലും, ബൂത്വിയുടെ ജീവിതവും സംഭാവനുകളും മലയാളിക്കു പരിചയപ്പെടുത്തുന്ന ഈ ചെറിയ പുസ്തകം കൂടുതല്‍ ശ്രദ്ധയോടെയും നിരീക്ഷണപാടവത്തോടെയും കൈകാര്യം ചെയ്തിരുന്നുവെങ്കില്‍ മികച്ച ജീവചരിത്രഗ്രന്ഥമായി മാറുമായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."