തോണിക്കടവ്; മലബാറിന്റെ ഊട്ടി
കണ്‍കുളിര്‍മ നല്‍കുന്ന പച്ചപ്പരവതാനി വിരിച്ച പുഴയോരം, അതിനിടയ്ക്ക് നിഴല്‍വിരിച്ച് ആടിക്കളിക്കുന്ന വൃക്ഷങ്ങള്‍, ഉണങ്ങിയൊടിഞ്ഞ് പുഴയിലേക്ക് കാലു താഴ്ത്തിയിരിക്കുന്ന മരത്തടികള്‍... മലബാറിന്റെ ഊട്ടിക്കാഴ്ച മനസിനൊരു വിരുന്നൊരുക്കുമെന്ന കാര്യത്തില്‍ സംശയംവേണ്ട. പരന്നുകിടക്കുന്ന പുഴയോരത്തിന്റെ ഭംഗി ആസ്വദിച്ചും ഫോട്ടോകളെടുത്തും പുഴയില്‍ നീരാടിയും മൂന്നു നാലു മണിക്കൂര്‍ ചെലഴിക്കാനുണ്ട് ഇവിടം.
കോഴിക്കോട് നിന്ന് കക്കയം റൂട്ടിലാണ് തോണിക്കടവ്. കക്കയം ഡാമും വ്യൂ പോയിന്റും കാണാന്‍ പോകുന്നതിനിടയ്ക്ക് ഇത് കണ്ടുപോകാം. പെരുംചൂട് കാലമായതിനാല്‍ നട്ടുച്ചയ്ക്ക് പോകാതിരിക്കുന്നതാണ് നല്ലത്. രാവിലെ തോണിക്കടവിലെത്തിയാല്‍ കുറച്ചുസമയം ഇവിടെ ചെലവഴിച്ച് കക്കയത്തേക്ക് കയറാം. അല്ലെങ്കില്‍ രാവിലെ കക്കയം എത്തിയാല്‍ ഉച്ചയോടെ തിരിച്ചിറങ്ങിതോണിക്കടവില്‍ ഉല്ലസിക്കുകയുമാവാം.
എങ്ങനെ എത്തിച്ചേരാം
കോഴിക്കോട്ടു നിന്ന് 45 കിലോമീറ്റര്‍ ബാലുശ്ശേരി റോഡില്‍ യാത്ര ചെയ്താല്‍ തോണിക്കടവില്‍ എത്തിച്ചേരാം. ചെങ്കുത്തായ വഴികളും ആസ്വദിക്കേണ്ടതു തന്നെ. മികച്ച റോഡ് ശൃംഖല തോണിക്കടവ് വരെയുണ്ടെന്നതിനാല്‍ ഏതു വണ്ടിയും സൗകര്യംപോലെ കൊണ്ടുവരാം. കണ്ണൂരില്‍ നിന്ന് വരുന്നവര്‍ക്ക് തലശ്ശേരി- നാദാപുരം- കുറ്റ്യാടി- ചക്കിട്ടപാറ വഴി തോണിക്കടവില്‍ എത്താം.
നീരാടുവാന്‍...
പാകിയിട്ട പോലെ ഉരുളന്‍ കല്ലുകളുള്ള പുഴയാണ് തോണിക്കടവിലെ മറ്റൊരു ഹൈലൈറ്റ്. മൈതാനത്തിനടുത്ത് ആരും കുളിക്കാനിറങ്ങാറില്ല. അതിനായി തൊട്ടപ്പുറത്തു തന്നെ പ്രത്യേകം സ്ഥലമുണ്ട്. നിരവധി പേര്‍ മരിച്ചതിനാല്‍ ഇവിടുത്തെ കയം ഇപ്പോള്‍ അടച്ചിട്ടിരിക്കുകയാണ്. എന്നാല്‍ പാറകളും ഉരുളന്‍ കല്ലുകളും തടയൊരുക്കിയ ചെറു വെള്ളക്കെട്ടുകളില്‍ സുരക്ഷിതമായി നീരാടാം. കുട്ടികളെയും കൊണ്ട് കുളിക്കാനിറങ്ങാന്‍ പറ്റിയ സ്ഥലമാണിത്. താഴെ കയത്തിനടുത്ത് പോവാതിരുന്നാല്‍ മതി.
കുതിര സവാരി
പുഴയോരത്തുകൂടി കുതിര സവാരിയൊരുക്കി സ്വകാര്യ സംഘങ്ങളുമുണ്ട് ഇവിടെ. ഒരു റൗണ്ട് അടിക്കാന്‍ 250 രൂപയാണ് വാങ്ങുന്നത്. കുതിരയില്‍ കയറിയും അല്ലാതെയും എങ്ങനെ പോസ് ചെയ്താലും മികച്ച ഫ്രെയിമുകള്‍ ഒരുക്കുന്നിടമാണ് തോണിക്കടവ്. ഭക്ഷണം പുറത്തുനിന്ന് കരുതണമെന്നില്ല. ഹോട്ടലുകള്‍ ഉണ്ട്. കൂടാതെ, വാഹനങ്ങളില്‍ കൊണ്ടുവന്ന് വില്‍ക്കുന്നവരും ഉണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."