മണിപ്പൂരിൽ 'മിന്നലേറ്റു ' കോൺഗ്രസ് 28ൽ നിന്ന് അഞ്ചിലൊതുങ്ങി
ഇംഫാൽ
2017ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ 28 സീറ്റുകളുമായി ഏറ്റവും വലിയ ഒറ്റക്കക്ഷിയായ കോൺഗ്രസ് ഇത്തവണ കേവലം അഞ്ചുസീറ്റിലൊതുങ്ങി. ശൂന്യതയിൽനിന്ന് 21 സീറ്റുകളുമായി കഴിഞ്ഞതവണ വിജയിച്ച ബി.ജെ.പിയാവട്ടെ ഇക്കുറി 32 സീറ്റുകൾ നേടി വ്യക്തമായ ഭൂരിപക്ഷത്തോടെ അധികാരം നിലനിർത്തുകയും ചെയ്തു. ഇതോടൊപ്പം വടക്കുകിഴക്കൻ മേഖലയിൽ സ്വാധീനം ഉറപ്പാക്കാനും ബി.ജെ.പിക്ക് കഴിഞ്ഞു. ഒരുകാലത്ത് വടക്കുകിഴക്കൻ മേഖലയിൽ ആധിപത്യമുറപ്പിച്ച, 15 വർഷം തുടർച്ചയായി മണിപ്പൂർ ഭരിച്ച കോൺഗ്രസ് മെലിഞ്ഞുണങ്ങുകയും ചെയ്തു.
മണിപ്പൂരിനൊപ്പം മേഘാലയയിലും ബി.ജെ.പിയുടെ കൂടെ അധികാരം പങ്കിടുന്ന നാഷനൽ പീപ്പിൾസ് പാർട്ടി (എൻ.പി.പി) ഇത്തവണ തനിച്ചാണ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. കഴിഞ്ഞ തവണ നാലുസീറ്റ് നേടി, ഏറ്റവും വലിയ ഒറ്റക്കക്ഷിയായ കോൺഗ്രസിനെ പുറത്തുനിർത്തി ബി.ജെ.പിയെ സർക്കാർ രൂപീകരിക്കാൻ സഹായിച്ച എൻ.പി.പി, ഇത്തവണ മൂന്നുസീറ്റ് അധികം നേടി ആകെ സമ്പാദ്യം ഏഴാക്കി ഉയർത്തി. കഴിഞ്ഞതവണ ഒന്നും ലഭിക്കാതിരുന്ന ജെ.ഡി.യുവിന് ഇത്തവണ ആറുസീറ്റുകളും ലഭിച്ചു. ഇതോടെ ഏറെക്കാലം സംസ്ഥാനം ഭരിച്ച കോൺഗ്രസിനെക്കാൾ വലിയകക്ഷിയാവാനും ജെ.ഡി.യുവിനായി. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് 28ഉം ബി.ജെ.പിക്ക് 21ഉം സീറ്റുകളാണു ലഭിച്ചത്. എന്നാൽ ഏറ്റവും വലിയ ഒറ്റക്കക്ഷിയായ കോൺഗ്രസിനു പകരം ബി.ജെ.പിയെ സർക്കാർ രൂപീകരിക്കാൻ ക്ഷണിച്ച ഗവർണറുടെ നടപടി വലിയ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു. നാലു സീറ്റുകൾ വീതമുള്ള എൻ.പി.പിയുടെയും എൻ.പി.എഫിന്റെയും പിന്തുണയോടെയാണ് ബി.ജെ.പി സർക്കാർ രൂപീകരിച്ചത്. 28 സീറ്റുകളുമായി പ്രതിപക്ഷത്തിരുന്ന കോൺഗ്രസ് നിരയിൽനിന്ന് എം.എൽ.എമാർ കളംമാറുന്നതാണ് പിന്നീട് കണ്ടത്. എം.എൽ.എമാർ ബി.ജെ.പി, ജെ.ഡി.യു കക്ഷികളിലേക്ക് ചുവടുമാറിയതോടെ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമ്പോൾ കോൺഗ്രസിന്റെ അംഗസംഖ്യ 13 ആയി ചുരുങ്ങുകയും ചെയ്തു.
ജെ.ഡി.യുവാണ് മികച്ച നേട്ടമുണ്ടാക്കിയ മറ്റൊരുകക്ഷി. ബിഹാറിൽ ബി.ജെ.പിയോടൊപ്പം ചേർന്ന് ഭരണം കൈയാളുന്ന ജനതാദൾ (യു) 22 വർഷത്തിനു ശേഷമാണ് മണിപ്പൂരിൽ തനിച്ചു മത്സരിച്ചത്. ബിഹാറിലും അരുണാചൽ പ്രദേശിലും സംസ്ഥാന പാർട്ടി പദവിയുള്ള ജെ.ഡി.യു മണിപ്പൂരിലും സംസ്ഥാന പാർട്ടി എന്ന പദവി ലക്ഷ്യമിട്ടാണ് തെരഞ്ഞെടുപ്പിന് ഇറങ്ങിയത്. ആറുസീറ്റുകൾ ലഭിച്ചതോടെ മണിപ്പൂരിലും ജെ.ഡി.യുക്ക് സംസ്ഥാനപാർട്ടി പദവി ലഭിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."