പ്രതികൂല ഘടകങ്ങൾ കാര്യമായി ഏശാതെ ബി.ജെ.പി ; യു.പി രാഷ്ട്രീയത്തിൽ അപ്രസക്തമായി ബി.എസ്.പിയും കോൺഗ്രസും; ഹത്രാസിലും ബി.ജെ.പി തന്നെ
വി. അബ്ദുൽ മജീദ്
കർഷക പ്രക്ഷോഭമടക്കം ഏറെ പ്രതികൂല വിഷയങ്ങളുണ്ടായിട്ടും ഹിന്ദി ബെൽറ്റിൽ ബി.ജെ.പിക്ക് തൽക്കാലം വലിയ വെല്ലുവിളികളൊന്നുമില്ലെന്നാണ് യു.പി നിയമസഭാ തെരഞ്ഞെടുപ്പ് ഫലം നൽകുന്ന സൂചന. വൻ തിരിച്ചടികൾക്ക് കാരണമായേക്കുമെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്ന വിഷയങ്ങൾ ബി.ജെ.പിക്കു നൽകിയത് ചെറിയ പരുക്കുകൾ മാത്രം. അതിനിടയിലും വോട്ട് വിഹിതം ഉയർത്താനും പാർട്ടിക്കായി.
സംസ്ഥാനത്ത് സംഘ്പരിവാർ രാഷ്ട്രീയത്തിന് വെല്ലുവിളിയുയർത്താൻ പ്രാപ്തമായ രാഷ്ട്രീയ സജീവതയും സംഘടനാ സംവിധാനവുമുള്ള മറ്റൊരു പാർട്ടിയോ കൂട്ടുകെട്ടോ സംസ്ഥാനത്തില്ലെന്നു തന്നെയാണ് തെരഞ്ഞെടുപ്പ് ഫലം തെളിയിക്കുന്നത്.
കർഷകരോഷം, ദലിതുകൾക്കും മതന്യൂനപക്ഷങ്ങൾക്കും നേരെയുണ്ടായ അതിക്രമങ്ങൾ, ആൾക്കൂട്ടക്കൊലകൾ, ഹത്രാസ് സംഭവമടക്കം രാജ്യമാകെ ചർച്ചാവിഷയങ്ങളായ സ്ത്രീൾക്കെതിരായ അതിക്രമങ്ങൾ തുടങ്ങി ബി.ജെ.പിക്കെതിരായ വിഷയങ്ങൾ ഏറെയാണ്. ഹിന്ദുത്വ വർഗീയതയാൽ കെട്ടിപ്പടുത്ത ശക്തമായ അടിത്തറയിൽ നിന്നുകൊണ്ട് അതിനെയൊക്കെ പ്രതിരോധിക്കാൻ അവർക്കായി. ദലിത് പെൺകുട്ടി കൂട്ടബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തിൽ യോഗി സർക്കാർ ഏറെ വിമർശനം നേരിട്ടിരുന്നെങ്കിലും ഹത്രാസ് മണ്ഡലത്തിലും പരിസര മണ്ഡലങ്ങളിലുമടക്കം വിജയത്തിന് അത് പ്രതിബന്ധമായില്ല. സംഘ് പരിവാർ സംഘടനകളുടെ കേഡർ സ്വഭാവവും അടിത്തട്ടു മുതലുള്ള സജീവതയും അവർക്കു തുണയായി. കഴിഞ്ഞ അഞ്ചു വർഷക്കാലം ജനങ്ങൾക്കിടയിൽ കണ്ടിരുന്നത് സംഘ് പരിവാർ പ്രവർത്തകരെയായിരുന്നു. മറ്റു പാർട്ടികളുടെ സംഘടനാ സംവിധാനങ്ങൾ നിദ്രയിലുമായിരുന്നു.
പ്രതിപക്ഷ കക്ഷികൾ ഐക്യപ്പെട്ടാൽ ബി.ജെ.പിയെ തോൽപ്പിക്കാനാകുമെന്നായിരുന്നു പൊതുവെയുള്ള വിലയിരുത്തൽ. എന്നാൽ അതും പൂർണമായി ശരിയല്ലെന്നാണ് തെരഞ്ഞെടുപ്പ് ഫലത്തിൽനിന്ന് തെളിയുന്നത്. ഐക്യമുണ്ടായിരുന്നെങ്കിൽ ബി.ജെ.പിയുടെ സീറ്റ് എണ്ണം കുറയ്ക്കാനാവുമായിരുന്നു എന്നുമാത്രം പറയാം. പ്രധാന പ്രതിപക്ഷ കക്ഷികളായ എസ്.പി സഖ്യം, കോൺഗ്രസ്, ബി.എസ്.പി എന്നിവർക്കെല്ലാം കൂടി മൊത്തം കിട്ടിയ വോട്ടിന്റെ മുകളിൽ വരുന്നുണ്ട് ബി.ജെ.പിയുടെ വോട്ട് വിഹിതം.
ചില മേഖലകളിൽനിന്ന് നാൽപതോളം സീറ്റുകൾ കുറഞ്ഞത് മാത്രമാണ് ബി.ജെ.പിക്കുണ്ടായ ക്ഷീണം. എന്നാൽ മൊത്തം വോട്ട് വിഹിതത്തിൽ അഞ്ചു ശതമാനത്തോളം വർധനയുണ്ടാകുമെന്നാണ് സൂചന. സീറ്റ് നഷ്ടം സംഭവിച്ച മെഖലകളിൽ ചോർന്ന വോട്ടുകളേക്കാളധികം ശക്തികേന്ദ്രങ്ങളിൽ അവർക്ക് കൂടുതലായി സമാഹരിക്കാനായി എന്നുവേണം കരുതാൻ.
വോട്ട് വിഹിതത്തിലും സീറ്റ് എണ്ണത്തിലും ഗണ്യമായ നേട്ടമുണ്ടായത് എസ്.പി സഖ്യത്തിനു മാത്രമാണ്. കഴിഞ്ഞ തവണത്തേതിന്റെ മൂന്നിരട്ടിയോളം സീറ്റുകളും 10 ശതമാനത്തിലേറെ അധികം വോട്ടുകളും അവർക്കു നേടാനായി. ദയനീയ നഷ്ടമുണ്ടായത് കോൺഗ്രസിനും ബി.എസ്.പിക്കുമാണ്. ഇരു പാർട്ടികളും സംസ്ഥാന രാഷ്ട്രീയത്തിൽ ഏറെക്കുറെ അപ്രസക്തമായ അവസ്ഥയാണ്. ഇവർക്കു നഷ്ടമായ വോട്ടുകളിൽ വലിയ പങ്ക് എസ്.പി സഖ്യത്തിനും ചെറുപങ്ക് ബി.ജെ.പിക്കും നേടാനായി എന്നാണ് ചില പ്രദേശങ്ങളിലെ ഫലങ്ങൾ വ്യക്തമാക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."