യുവമോര്‍ച്ച പ്രവര്‍ത്തകന്റെ കൊലയില്‍ രാഷ്ട്രീയമില്ലെന്ന് പൊലിസ്: ആറ് പേര് അറസ്റ്റില്‍; പ്രതികള്‍ ബന്ധുക്കളും അയല്‍വാസികളും
പാലക്കാട്: തരൂരില്‍ യുവമോര്‍ച്ച പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ രാഷ്ട്രീയമില്ലെന്ന് പൊലിസ്. സമുദായ ക്ഷേത്ര ഉത്സവത്തിനിടെയുണ്ടായ സംഘര്‍ഷം കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നുവെന്ന് പാലക്കാട് എസ്.പി ആര്. വിശ്വനാഥ് അറിയിക്കുന്നത്. ഇതില്‍ ഗൂഢാലോചനയില്ല. പെട്ടന്നുള്ള പ്രകോപനമാണ് കൊലപാതക കാരണമെന്നും അദ്ദേഹം പറഞ്ഞു.
കുത്തേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന തരൂര്‍ പഞ്ചായത്ത് യുവമോര്‍ച്ച സെക്രട്ടറി അരുണ്‍കുമാറാണ് മരിച്ചത്. കേസിലെ ആറുപ്രതികളെയും പൊലിസ് പിടികൂടി. കൊലപാതകത്തിന് പിന്നില്‍ സി.പി.എം, ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരാണെന്നും രാഷ്ട്രീയ കൊലയാണെന്നുമായിരുന്നു ബിജെപി ആരോപിച്ചിരുന്നത്. ആരോപണം സി.പി.എം നിഷേധിച്ചു.
സമുദായ ക്ഷേത്ര ഉത്സവത്തിനിടെയുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് ഈമാസം രണ്ടിനാണ് അരുണ്‍കുമാറിന് കുത്തേറ്റത്. അയല്‍വാസികളവും ബന്ധുക്കളുമായ കൃഷ്ണദാസ്, ജയേഷ്,സന്തോഷ്, മണികണ്ഠന്, രമേശ്, മിഥുന്, നിഥിന് എന്നിവരായിരുന്നു പ്രതികള്‍.
ഉത്സവത്തിനിടെയുണ്ടായ സംഘര്‍ഷത്തെ രാഷ്ട്രീയവത്കരിക്കുന്ന ബിജെപി നിലപാട് അപലപനീയമെന്ന് ജില്ലാ സെക്രട്ടറി ഇ.എന്‍. സുരേഷ് ബാബു പറഞ്ഞു. അതേ സമയം ആലത്തൂര്‍ താലൂക്കിലും പെരിങ്ങോട്ട് കുറിശ്ശി, കോട്ടായി പഞ്ചായത്തിലും ബി.ജെ.പി ഇന്ന് ഹര്‍ത്തലിന് ആഹ്വാനം ചെയ്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."