ബജറ്റിൽ പ്രതിഫലിച്ചത് പാർട്ടി നയരേഖ
ധനമന്ത്രി കെ.എൻ ബാലഗോപാൽ ഇന്നലെ നിയമസഭയിൽ അവതരിപ്പിച്ച 2022-23 വർഷത്തെ ബജറ്റിന് ചില പ്രത്യേകതകളുണ്ട്. ബാലഗോപാലിന്റെ ആദ്യത്തെ സമ്പൂർണ ബജറ്റ്, കടലാസുരഹിതമായ ആദ്യത്തെ ഡിജിറ്റൽ ബജറ്റ്, രണ്ടാം പിണറായി സർക്കാരിന്റെ ആദ്യത്തെ സമ്പൂർണ ബജറ്റ് എന്നീ പ്രത്യേകതകളാണുള്ളത്. പരമ്പരാഗത ബജറ്റ് അവതരണങ്ങളിൽ നിന്ന് വ്യതിരിക്തമായി പുതുതലമുറയ്ക്ക് പ്രാമുഖ്യംനൽകുന്ന അവരുടെ തൊഴിൽസാധ്യത മുന്നിൽക്കണ്ട് പുതിയ ലോകത്തെ അഭിസംബോധന ചെയ്യുന്ന, നൈപുണ്യ വികസന പദ്ധതികൾക്ക് പ്രാമുഖ്യം നൽകുന്നുവെന്നതാണ് ബജറ്റിന്റെ ആകെത്തുക.
നവകേരളം സാധ്യമാക്കുന്നതാണ് 2022-23 വർഷത്തേക്കുള്ള ബജറ്റെന്ന് ധനമന്ത്രി പറയുന്നു. അടുത്ത 25 വർഷത്തിനുള്ളിൽ കേരളത്തിന്റെ ജീവിതനിലവാരം ഉയർന്ന തലത്തിലേക്കെത്തിക്കുന്നതാണ് നിർദേശങ്ങളെന്നും മന്ത്രി അവകാശപ്പെടുന്നുണ്ട്. ആഗോളീകരണ നയമാണ് കേരളത്തിന്റെ സാമ്പത്തിക പ്രതിസന്ധിയുടെ അടിസ്ഥാന കാരണം. രണ്ട് പ്രളയങ്ങളും കൊവിഡും സംസ്ഥാനത്തിൻ്റെ സാമ്പത്തികാവസ്ഥയെ കൂടുതൽ പരുങ്ങലിലാക്കി. ഉന്നതവിദ്യാഭ്യാസ മേഖലയിലെ സമൂല മാറ്റങ്ങളും സ്വകാര്യ വ്യവസായ സംരംഭകരോടുള്ള മൃദുസമീപനവും തോട്ട ഭൂമിക്ക് നൽകുന്ന പുതിയ നിർവചനവുമെല്ലാം കൂട്ടിവായിക്കുമ്പോൾ മുഖ്യമന്ത്രി പിണറായി വിജയൻ സി.പി.എം സംസ്ഥാന സമ്മേളനത്തിൽ അവതരിപ്പിച്ച നയരേഖയുടെ മറ്റൊരു പതിപ്പാണ് ബജറ്റ് നിർദേശങ്ങളെന്ന് കാണാൻ കഴിയും. ഇടതുമുന്നണി, പ്രത്യേകിച്ച് സി.പി.എം വികസനകാര്യത്തിൽ അവരുടെ പ്രത്യയശാസ്ത്ര ശാഠ്യങ്ങൾ ഉപേക്ഷിക്കുന്നുവെന്നാണ് നയരേഖയിലൂടെ വ്യക്തമാകുന്നത്. അത് ബജറ്റിലും പ്രതിഫലിക്കുന്നു. സർവകലാശാലകൾക്ക് 200 കോടി, സയൻസ് പാർക്കുകൾ, സർവകലാശാലകൾ കേന്ദ്രീകരിച്ച് സ്റ്റാർട്ടപ്പുകൾ, ഒരു കുടുംബം ഒരു സംരംഭം, ദേശീയപാതയ്ക്ക് സമാന്തരമായി ഐ.ടി പാർക്കുകൾ എന്നീ നൂതനാശയങ്ങളാണ് ബജറ്റിൽ പ്രധാനമായുമുള്ളത്. അതോടൊപ്പം സംസ്ഥാനത്തിന്റെ പൊതുവായ സാമ്പത്തികനിലയും ബജറ്റ് അവലോകനം ചെയ്യുന്നു. പദ്ധതി നടത്തിപ്പുകൾക്ക് കിഫ്ബിയെയാണ് പ്രധാനമായും ആശ്രയിക്കുന്നത്.
കൊടിയ പ്രതിസന്ധികളെ അതിജീവിച്ച, പൊതുജീവിതം സാധാരണനിലയിലെത്തിയ ഒരു സാഹചര്യത്തിലാണ് ബജറ്റ് അവതരണം ഉണ്ടായതെങ്കിലും സാധാരണക്കാരന്റെ കൈയിൽ പണം എത്തിക്കുന്ന ഒരു നടപടിയും ബജറ്റ് നിർദേശിക്കുന്നില്ല. വിപണിയിൽ ഇപ്പോഴും മാന്ദ്യമാണ്. ഒന്നിനും ഡിമാൻഡില്ല. ക്ഷേമപെൻഷനുകളിലെങ്കിലും അൽപം വർധന ഉണ്ടായിരുന്നെങ്കിൽ വിപണി കുറേക്കൂടി ഊർജസ്വലമാകുമായിരുന്നു.
കേന്ദ്രസർക്കാരിന്റെ സംസ്ഥാനത്തോടുള്ള സമീപനം സാമ്പത്തിക പ്രതിസന്ധി രൂക്ഷമാക്കുന്നുവെന്നത് യാഥാർഥ്യമാണ്. വിഭവങ്ങളെല്ലാം കേന്ദ്രസർക്കാരിന് വികസന ഭാരങ്ങളെല്ലാം സംസ്ഥാന സർക്കാരിന് എന്നതാണ് ഇപ്പോഴത്തെ അവസ്ഥ. എന്നാൽ, ഇതിനെ മറികടക്കാൻ അധികവിഭവ സമാഹരണത്തിനായുള്ള നിർദേശങ്ങളൊന്നും ബജറ്റിലില്ല. പഴയ ഡീസൽ വാഹനങ്ങൾക്കും ഇരുചക്ര വാഹനങ്ങൾക്കും ഹരിതനികുതി വർധിപ്പിച്ചത് വായു മലിനീകരണത്തോത് കുറയ്ക്കാൻ ലക്ഷ്യമിട്ടാകാം. അടുത്ത ഏതാനും വർഷത്തിനുള്ളിൽ കാർബൺ പുറത്തേക്കുവിടുന്നതിൽ നിന്ന് സംസ്ഥാനം മുക്തമാകുമെന്ന ബജറ്റ് പ്രഖ്യാപനമായിരിക്കാം ഹരിതനികുതി വർധനവിന്റെ അടിസ്ഥാന കാരണം.
വിലക്കയറ്റം നിയന്ത്രിക്കാൻ 2,000 കോടി വകയിരുത്തിയിട്ടുണ്ട്. പ്രാവർത്തികമാകുമോയെന്ന് കണ്ടറിയേണ്ടിയിരിക്കുന്നു. ഇതുപോലെ തന്നെയാണ് തൊഴിലില്ലായ്മ പരിഹരിക്കാൻ പ്രാദേശികസേന രൂപീകരിക്കുമെന്ന പ്രഖ്യാപനവും. സിൽവർലൈനിനായി സ്ഥാപിക്കപ്പെടുന്ന കല്ലുകൾ നാട്ടിലൊട്ടാകെ പിഴുതെറിയപ്പെട്ടുകൊണ്ടിരിക്കുമ്പോഴാണ് പദ്ധതിക്കായി 2,000 കോടി നീക്കിവയ്ക്കുമെന്ന് ബജറ്റിൽ പറയുന്നത്. കേന്ദ്രസർക്കാർ അനുമതിനൽകുമെന്ന പ്രതീക്ഷയിലാണ് തുക നീക്കിവയ്ക്കുന്നത്. ഭൂമി നഷ്ടപ്പെടുന്നവർക്ക് മോഹവില നൽകാനായിരിക്കാം ഈ നീക്കിയിരുപ്പ്.
അടിസ്ഥാന ഭൂനികുതിയും ഭൂമിയുടെ ന്യായവിലയും വർധിപ്പിച്ചത് സാധാരണക്കാരനെ സംബന്ധിച്ച് പ്രയാസം സൃഷ്ടിക്കും. ഭൂമിയുടെ രജിസ്ട്രേഷൻ ചെലവും വർധിക്കും. ചരക്കു സേവന നികുതി വർധിക്കുന്നതോടെ വിലക്കയറ്റം കൂടുതൽ രൂക്ഷമായേക്കാം. വില നിയന്ത്രിക്കാൻ ബജറ്റിൽ നീക്കിവച്ച തുക ചെലവാക്കിയാൽ വിലക്കയറ്റം ഒരുപരിധിവരെ തടഞ്ഞുനിർത്താനാകും. അതിന് എവിടെ പണം.
പുതിയ തൊഴിൽസാധ്യതകൾ തേടുന്ന അഭ്യസ്തവിദ്യരെ പരിഗണിക്കുമെന്നതാണ് നൈപുണ്യ വികസനംകൊണ്ട് സർക്കാർ ഉദ്ദേശിക്കുന്നതെങ്കിൽ അതിനായി നീക്കിവയ്ക്കുന്ന കോടികൾ ഫലപ്രദമായി ഉപയോഗിക്കണം.
ഇന്നത്തെ സാഹചര്യത്തിൽ ധനപ്രതിസന്ധി തരണംചെയ്യുകയെന്നതാണ് പ്രധാനം. എന്നാൽ, അധിക വിഭവസമാഹരണത്തിനായി ഒരു നിർദേശവുമില്ല. ആരോഗ്യ -വിദ്യാഭ്യാസ മേഖലയിൽ നിന്ന് അധിക വിഭവസമാഹരണം നടത്താമായിരുന്നു. അത്തരം നിർദേശങ്ങളൊന്നും ബജറ്റിലില്ല. കോടിക്കണക്കിന് രൂപ നികുതി കുടിശ്ശികയായി കിടക്കുന്നത് കണിശമായി പിരിച്ചെടുക്കുമെന്ന ഉറപ്പും ഇല്ല. ധനസ്ഥിതി മോശമായി തുടരുമെന്നതിന്റെ സൂചനകളാണ് ഇതിലൂടെയൊക്കെ മനസിലാകുന്നത്. ഒരു കുടുംബം ഒരു സംരംഭമെന്ന് പറയുന്ന പദ്ധതിക്കായി എത്ര കുടുംബങ്ങൾ ഇറങ്ങിത്തിരിക്കും. ഇറങ്ങിത്തിരിച്ചാൽ തന്നെ നിയമത്തിന്റെ സങ്കീർണതകൾ നിരത്തി വ്യവസായ വകുപ്പും ബാങ്കുകളും അവരെ വട്ടംകറക്കുന്നത് അവസാനിപ്പിക്കുമെന്നതിന് ഒരു ഉറപ്പുമില്ല. ഇതോടൊപ്പം ആഗോള ശാസ്ത്ര ഉത്സവം നടത്താനും ലോക സമാധാനയോഗത്തിനും കോടികൾ നീക്കിവച്ചിരിക്കുന്നു. കേന്ദ്ര സർക്കാർ നടത്തേണ്ട ഇത്തരം പരിപാടികൾ സംസ്ഥാന സർക്കാരുകൾ നടത്തേണ്ടതുണ്ടോ ? അതും ധനപ്രതിസന്ധി മൂർധന്യാവസ്ഥയിൽ എത്തിനിൽക്കുന്ന ഒരു സാഹചര്യത്തിൽ. ധനദുർവ്യയത്തിന് കാരണമാകുന്ന ഇത്തരം പരിപാടികൾക്ക് ബജറ്റിൽ കോടികൾ വകയിരുത്തിയത് ഇന്നത്തെ സാഹചര്യത്തിൽ അംഗീകരിക്കാനാവില്ല.
പ്രഖ്യാപനങ്ങളാണ് എപ്പോഴും ബജറ്റുകളിലൂടെ നടക്കുന്നത്. പദ്ധതികൾ നടപ്പാകാറില്ല. വകയിരുത്തുന്ന തുകകളൊന്നും വിനിയോഗിക്കാറില്ല. രണ്ടാം പിണറായി സർക്കാരിന്റെ ആദ്യ ബജറ്റ്, ധനമന്ത്രി കെ.എൻ ബാലഗോപാൽ അവതരിപ്പിച്ച ആദ്യത്തെ സമ്പൂർണ ബജറ്റ് എന്നീ ഖ്യാതികൾ നേടിയ ഈ ബജറ്റ് അത്തരം ആരോപണങ്ങളെ അതിജീവിച്ച് പ്രഖ്യാപനങ്ങൾ നടപ്പാക്കുമെന്ന് പ്രതീക്ഷിക്കാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."