'ടാക്‌സി വേണ്ട ഹേലികോപ്റ്റര്‍ തന്നെ മതി';എന്തുകൊണ്ടും ലാഭം ഹെലികോപ്റ്ററെന്ന് എം ടി രമേശ്
കോഴിക്കോട്: നിയമസഭ തെരഞ്ഞെടുപ്പില്‍ രണ്ട് മണ്ഡലങ്ങളില്‍ മത്സരിക്കുന്നതിനാല്‍ പ്രചാരണത്തിന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ ഹെലികോപ്റ്റര്‍ ഉപയോഗിക്കണമെന്ന പാര്‍ട്ടി തീരുമാനത്തില്‍ പ്രതികരണവുമായി കോഴിക്കോട് എന്‍.ഡി.എ സ്ഥാനാര്‍ഥി എം.ടി രമേശ്.
നിലവിലെ സാഹചര്യത്തില്‍ ടാക്‌സി വിളിച്ച് തിരുവനന്തപുരത്ത് നിന്ന് കാസര്‍കോട്ടേക്ക് പോകുന്നതിനേക്കാള്‍ ലാഭം ഹെലികോപ്റ്റര്‍ വാടകയ്‌ക്കെടുത്തു പോകുന്നതാണെന്നായിരുന്നു എം.ടി രമേശിന്റെ പരാമര്‍ശം. കേന്ദ്രം അടിക്കടി ഇന്ധന വില വര്‍ധിപ്പിച്ച് ജനജീവിതം ദുസ്സഹമാക്കുന്ന സാഹചര്യത്തില്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ ഹെലികോപ്റ്ററില്‍ തെരഞ്ഞെടുപ്പ് പ്രചരണം നടത്തുന്നതിനെതിരെ പലകോണില്‍ നിന്നും വിമര്‍ശനം ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് എം.ടി രമേശിന്റെ പ്രതികരണം.
മുഖ്യമന്ത്രി പിണറായി വിജയന്‍ ഹെലികോപ്ടര്‍ ഉപയോഗിക്കുന്നതിനെതിരെ പണ്ട് ബി.ജെ.പി നേതാക്കള്‍ വിമര്‍ശനങ്ങള്‍ ഉന്നയിച്ചിരുന്നു. ഇതുസംബന്ധിച്ച ചോദ്യമുയര്‍ന്നപ്പോള്‍, ഞങ്ങള്‍ വിമര്‍ശിച്ചത് ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് മുഖ്യമന്ത്രി ഹെലികോപ്റ്റര്‍ സ്വന്തമായെടുത്തിനെക്കുറിച്ചാണെന്നായിരുന്നു എം.ടി രമേശിന്റെ മറുപടി.
'സി.പി.എം എന്ന രാഷ്ട്രീയ പാര്‍ട്ടി ഒരു ഹെലികോപ്ടര്‍ വാടകക്കെടുത്ത് തെരഞ്ഞെടുപ്പ് പ്രചരണം നടത്തുന്നതിനെ ഞങ്ങള്‍ വിമര്‍ശിക്കില്ല. ഇതും അങ്ങനെത്തന്നെയാണ്, ബി.ജെ.പി ഫണ്ട് ഉപയോഗിച്ച് കൊണ്ട് സ്വന്തം നിലക്ക് എടുത്ത ഹെലികോപ്ടര്‍ ആണിത്. ഇന്നത്തെ സാഹചര്യം പരിശോധിക്കുമ്പോള്‍ ഒരു ടാക്‌സിയോ കാറോ എടുത്ത് കാസര്‍കോട് നിന്ന തിരുവനന്തപുരത്തേക്ക് പോവുന്നതിനേക്കാള്‍ എത്രയോ ലാഭകരമാണ് ഒരു ഹെലികോപ്ടര്‍ വാടകക്കെടുക്കുന്നത്'എം.ടി രമേശ് കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."